മലപ്പുറത്തെ കുട്ടികള്‍ ജയിച്ചത് വീട്ടിലിരിക്കാനല്ല: കാംപസ് ഫ്രണ്ട്

മലപ്പുറം: മലപ്പുറം ജില്ലയിലെ കുട്ടികള്‍ പത്താം ക്ലാസ് പരീക്ഷയില്‍ വിജയിച്ചത് തുടര്‍പഠനത്തിന് അവസരം ലഭിക്കാതെ വീട്ടിലിരിക്കാനല്ലെന്നും അവര്‍ക്കുവേണ്ട പ്ലസ് വണ്‍ സീറ്റുകള്‍ ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം സര്‍ക്കാറിനുണ്ടെന്നും കാംപസ്ഫ്രണ്ട് മലപ്പുറം ഈസ്റ്റ് ജില്ലാ കമ്മിറ്റി.
എല്ലാ വര്‍ഷവും ജില്ല നേരിടുന്ന വിദ്യാഭ്യാസ പ്രതിസന്ധിയാണ് പ്ലസ്‌വണ്‍ സീറ്റുകളുടെ കുറവ്. 17,216 വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷം അവസരം ലഭിക്കാതിരിക്കുക. മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലാണിത്. സിബിഎസ്ഇ, സേ, ഇംപ്രൂവ്‌മെന്റ്  റിസള്‍ട്ടുകള്‍ വന്നാല്‍ സീറ്റില്ലാത്തവരുടെ എണ്ണം കൂടുകയേ ഉള്ളൂ. പത്തനംതിട്ട, എറണാകുളം, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ യഥാക്രമം 6545, 5449, 5333, 2331 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുമ്പോഴാണു മലപ്പുറത്തെ വിദ്യാര്‍ഥികള്‍ സീറ്റിനായി നെട്ടോട്ടമോടുന്നത്. മാറി മാറി വരുന്ന സര്‍ക്കാറുകള്‍ കാലങ്ങളായി നടത്തിവരുന്ന വിവേചനമാണിത്.
ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ സീറ്റ് ലഭിക്കാതെ പ്രയാസപ്പെടുന്ന ജില്ല എന്ന നിലയ്ക്ക് മലപ്പുറത്തിനായി സ്‌പെഷ്യല്‍ പാക്കേജ് അനുവദിക്കുകയോ പ്രതേ്യക ഉത്തരവുകള്‍ ഇറക്കുകയോ ചെയ്യണം. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ഈ വര്‍ഷം എംബിബിഎസ് പ്രവേശനം തടയാനിടയായത് സര്‍ക്കാരിന്റെ പിടിപ്പുകേട് കൊണ്ടാണ്.
എല്ലാം ശരിയാക്കാന്‍ അധികാരത്തിലേറിയ ഇടതുപക്ഷ സര്‍ക്കാര്‍ ജില്ലയുടെ വിദ്യാഭ്യാസ പ്രശ്‌നത്തില്‍ അനങ്ങാപ്പാറ നയമാണു സ്വീകരിക്കുന്നതെങ്കില്‍ ശക്തമായ സമര പരിപാടികള്‍ക്ക് ജില്ല സാക്ഷിയാവുമെന്നും യോഗം മുന്നറിയിപ്പ് നല്‍കി.
മലപ്പുറം ഈസ്റ്റ് ജില്ലാ പ്രസിഡന്റ് അര്‍ഷഖ് വാഴക്കാട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഇസ്മാഈല്‍, ഷഫീഖ് വാക്കാലൂര്‍, മുന്‍ഫിര്‍ പുളിക്കല്‍, ഷഹീറുദ്ദീന്‍, അക്ബര്‍ അലി സംസാരിച്ചു.

RELATED STORIES

Share it
Top