മലപ്പുറത്തിനോട് ഗതാഗത വകുപ്പിന്റെ അവഗണന; മൈസൂരുവിലേക്കുള്ള ബസ്സും തൃശൂരിലേക്ക് മാറ്റുന്നു

മലപ്പുറം: മലപ്പുറം കെഎസ്ആര്‍ടിസി സബ് ഡിപ്പോയുടെ നില പരിതാപകരമായി തുടരുന്നു. നെടുമ്പാശ്ശേരി ലോ ഫ്‌ളോര്‍ ബസ് കോഴിക്കോട്ടേക്ക് മാറ്റാനുള്ള ശ്രമത്തിന് പുറമെ മൈസൂരു ബസ്സും താമസിയാതെ തൃശ്ശൂരിലേക്കും പോവും. കലക്്ഷന്‍ കുറയുന്നതാണ് പ്രധാന കാരണമായി അധികൃതര്‍ പറയുന്നത്. ശരാശരി 8,000 രൂപ മാത്രമാണിപ്പോള്‍ വരുമാനം. കഴിഞ്ഞ ദിവസം ഇത് 2,800 രൂപയായും കുറഞ്ഞിരുന്നു. കലക്്ഷനും ചെലവും ഒത്തുപോവണമെങ്കില്‍ ഏകദേശം 16,695 രൂപയെങ്കിലും വേണം. അതായത് 35 രൂപയെങ്കിലും ഇപികെഎം ലഭിക്കണം. ഇത് ഇപ്പോള്‍ കിട്ടുന്നതാവട്ടെ വെറും 16 രൂപ മാത്രം.  ഇപ്പോഴുള്ള ബസ് പേരിന് സൂപ്പര്‍ ഫാസ്റ്റാണെങ്കിലും സീറ്റുകളും മറ്റും സാധാരണ ബസ്സുകളിനോടു തുല്യമാണ്. ഇതാണ് പ്രധാനമായും ആളുകള്‍ കുറയാന്‍ കാരണമാവുന്നത്. ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സംവിധാനവുമില്ല. ഈ കാരണം കൊണ്ടുതന്നെ മിക്ക യാത്രക്കാരും പെരിന്തല്‍മണ്ണ വഴി വരുന്ന ബസ്സുകളിലാണ് യാത്ര ചെയ്യുന്നത്. മഞ്ചേരിയില്‍ നിന്നുള്ള യാത്രക്കാരും ഈ ബസ്സുകളെയാണ് ആശ്രയിക്കുന്നത്. രാവിലെ ആറിന് മലപ്പുറത്തുനിന്നു പുറപ്പെടുന്ന കര്‍ണാടകയുടെ ബസ്സും യാത്രക്കാര്‍ ഉപയോഗപ്പെടുത്തുന്നുണ്ട്.
പുലര്‍ച്ചെ അഞ്ചിന് മലപ്പുറത്തനിന്നു പുറപ്പെടുന്ന മൈസൂരു ബസ് 11ന് മൈസൂരുവിലെത്തും. തിരിച്ച് വൈകീട്ട് 5.20ന് പുറപ്പെട്ട് രാത്രി 11.30 ഓടെ മലപ്പുറം ഡിപ്പോയില്‍ തിരിച്ചെത്തുന്നതാണ് റൂട്ട് ഷെഡ്യൂള്‍. സൗകര്യങ്ങള്‍ വര്‍ധിപ്പിച്ചാല്‍ കലക്്ഷന്‍ കൂടുമെന്നാണ് സ്ഥിരം യാത്രക്കാര്‍ പറയുന്നത്.

RELATED STORIES

Share it
Top