മലപ്പുറം സ്വദേശി ഉഗാണ്ടയില്‍ വാഹനാപകടത്തില്‍ മരിച്ചുദമ്മാം: മലപ്പുറം സ്വദേശി ഉഗാണ്ടയില്‍ വാഹനാപകടത്തില്‍ മരിച്ചു. ഹ്രസ്വ സന്ദര്‍ശനാര്‍ഥം ഉഗാണ്ടയിലെത്തിയ മലപ്പുറം കുന്നുംപുറം തോട്ടശ്ശേരിയറ സ്വദേശി കല്ലാക്കന്‍ തൊടിക ഫവാസ് (24) ആണ് മരിച്ചത്. പിതാവ് ഇസ്മാഈലുമൊത്ത് കഴിഞ്ഞ ശനിയാഴ്ചയാണ് ജിദ്ദയില്‍ നിന്നും യാത്ര തിരിച്ചത്. യുഎന്‍ ഉദ്യോഗസ്ഥനായ സുഹൃത്ത് മലപ്പുറം ഒതുക്കുങ്ങല്‍ സ്വദേശി അസീമിന്റെ ക്ഷണമനുസരിച്ചാണ് ഇരുവരും ഉഗാണ്ടയില്‍ എത്തിയത്. ഇവര്‍ സഞ്ചരിച്ചിരുന്ന യുഎന്‍ ഓഫിസ് വാഹനത്തിന്റെ ടയര്‍ പൊട്ടിയാണ് അപകടമുണ്ടായത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം. കംബാല മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴിയാണ് ഫവാസ്  മരിച്ചത്. ഇസ്മാഈല്‍ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഒന്നര മാസം മുമ്പാണ് ഫവാസ് നാട്ടില്‍ പോയി വന്നത്. ഒരു വര്‍ഷത്തോളമായി അല്‍ ബാഹക്കടുത്ത് മഖ്‌വയില്‍ പിതാവിനൊപ്പം വ്യാപാര സ്ഥാപനങ്ങള്‍ നടത്തിവരികയായിരുന്നു. മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ശ്രമം നടക്കുന്നു. മാതാവ്: ശരീഫ. ഭാര്യ: റോഷ്‌നി.

RELATED STORIES

Share it
Top