മലപ്പുറം വട്ടപ്പാറയില്‍ കണ്ടെയ്‌നര്‍ ലോറി ഓട്ടോയ്ക്കുമേല്‍ മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു


വളാഞ്ചേരി : മലപ്പുറം വളാഞ്ചേരി വട്ടപ്പാറയില്‍ ഓട്ടോറിക്ഷയ്ക്കുമേല്‍ കണ്ടെയ്‌നര്‍ ലോറി മറിഞ്ഞ് മൂന്നു പേര്‍ മരിച്ചു. ഓട്ടോ ഡ്രൈവര്‍ വളാഞ്ചേരി പാലച്ചോട് കാട്ടുബാവ മൊയ്തീന്‍കുട്ടിയുടെ മകന്‍ മുഹമ്മദ് നിസാര്‍ (33), പാലച്ചോട്  പരേതനായ തയ്യില്‍ സെയ്തലവിയുടെ ഭാര്യ കദീജ (48), മരുമകള്‍ ആതവനാട് കുന്നത്ത് ഷാഹിന (25) എന്നിവരാണ് മരിച്ചത്.
വൈകുന്നേരം 4 മണിയോടെ വട്ടപ്പാറ ഇറക്കത്തിലെ വളവിലാണ് അപകടമുണ്ടായത്.വളാഞ്ചേരിയില്‍ നിന്നും ആതവനാടിലേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് മഹാരാഷ്ട്രയില്‍ നിന്നും തൃശ്ശൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കണ്ടെയ്‌നര്‍ ലോറി മറിയുകയായിരുന്നു. കണ്ടെയ്‌നര്‍ ലോറിക്കടിയില്‍പ്പെട്ട ഓട്ടോറിക്ഷ തകര്‍ന്നടിഞ്ഞു. ക്രയ്‌നും എക്‌സവേറ്ററുകളും ഉപയോഗിച്ച് മുക്കാല്‍ മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഓട്ടോറിക്ഷ പുറത്തെടുത്തത്. യാത്രക്കാരുടെ ശരീരം തിരിച്ചറിയാന്‍ കഴിയാത്ത വിധം  ചതഞ്ഞരഞ്ഞിരുന്നു. ഓട്ടോറിക്ഷ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങള്‍ പുറത്തെടുത്തത്.
വളാഞ്ചേരി പൊലീസ്, ഹൈവേ പൊലീസ്, തിരൂരില്‍ നിന്നുള്ള ഒരു ഫയര്‍യൂണിറ്റ്, എന്നിവരും നാട്ടാകാരുടെയും നേതൃത്വത്തിലായിരുന്നു രക്ഷാപ്രവര്‍ത്തനം.  മൃതദേഹങ്ങള്‍ വളാഞ്ചേരിയിലെ സ്വകാര്യ  ആശുപത്രിമോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. തയ്യില്‍ മുഹമ്മദ് അനീസ് ആണ് ഷാഹിനയുടെ ഭര്‍ത്താവ്.

RELATED STORIES

Share it
Top