മലപ്പുറം മോഡല്‍ വികസനം ഏറെ പിറകിലായി

പ്രളയത്തില്‍ കൂടുതല്‍ ജീവഹാനി നേരിട്ട ജില്ലയാണ് മലപ്പുറം. 49 പേര്‍ക്കാണ് ഉരുള്‍പൊട്ടലിലും മറ്റുമായി ദാരുണാന്ത്യമുണ്ടായത്. നാശനഷ്ടങ്ങളുടെ കാര്യത്തില്‍ ഏറ്റവും മുകളിലല്ലെങ്കിലും അഞ്ചാമതോ ആറാമതോ ആയിരിക്കും ഈ ജില്ലയുടെ സ്ഥാനം. ജില്ലയുടെ വടക്കന്‍ മേഖലയായ നിലമ്പൂര്‍, ഏറനാട് താലൂക്കുകളിലും തീരദേശ മേഖലയായ പൊന്നാനി, തിരൂര്‍ താലൂക്കുകളിലുമാണ് പ്രളയം ഏറെ കടുത്ത നാശംവിതച്ചത്.
നാശനഷ്ടങ്ങളുടെ കണക്കുകള്‍ ഇങ്ങനെ സംഗ്രഹിക്കാം. തകര്‍ന്ന വീടുകള്‍മൂലമുണ്ടായ സാമ്പത്തിക നഷ്ടം 592,38,56,000 രൂപ ആണ്. കെട്ടിടങ്ങള്‍ തകര്‍ന്നതിലൂടെ 11,42,71,675 രൂപയുടെയുടെ നഷ്ടമാണ് ഉണ്ടായത്.
റോഡുകളും പാലങ്ങളും തകര്‍ന്ന് 333,05,20,000 രൂപയുടെ നഷ്ടമുണ്ടായി. അവികസിത ഗ്രാമീണ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങളുടെ തകര്‍ച്ച മൂലമുണ്ടായ നഷ്ടം 20,15,84,000 രൂപയാണ്. ഗ്രാമീണ മേഖലയിലെ പശ്ചാത്തല സൗകര്യങ്ങള്‍ തകര്‍ന്നതു കാരണം 88,12,69,300 രൂപയും പാഴായി. തകര്‍ന്ന ജലവിതരണ പദ്ധതികള്‍മൂലമുണ്ടായ നാശനഷ്ടങ്ങള്‍ 48,18,90,000 രൂപയുടേതാണ്. മല്‍സ്യബന്ധന മേഖലയിലും ടൂറിസം മേഖലയിലും സമാനമായ മറ്റു മേഖലകളിലുമുണ്ടായ നാശനഷ്ടങ്ങളുടെ കണക്ക് 15,51,51,000 രൂപയാണ്. കാര്‍ഷിക മൃഗസംരക്ഷണ മേഖലയില്‍ മലപ്പുറത്തിനു സംഭവിച്ച നഷ്ടം കനത്തതുതന്നെയാണ്. 452,01,14,737 രൂപയുടേതാണ് നഷ്ടം.
ഊര്‍ജസംരക്ഷണ മേഖലയിലെ തകര്‍ച്ചയും തുല്യതയില്ലാത്തതാണ്. 6,58,79,848 രൂപയാണ് ഈ മേഖലയിലുണ്ടായ നഷ്ടം. പരിസ്ഥിതി-ജൈവ വൈവിധ്യ മേഖലകളില്‍ 1,14,16,580 രൂപയുടെ നാശനഷ്ടങ്ങളുമുണ്ടായി. മൊത്തം 85 പഞ്ചായത്തുകളിലും അഞ്ച് നഗരസഭകളിലും പ്രളയം കനത്ത നാശനഷ്ടങ്ങളാണ് വരുത്തിവച്ചത്.
മലപ്പുറത്തിന്റെ ആകെ സാമ്പത്തികനഷ്ടം സര്‍ക്കാര്‍ കണക്കുപ്രകാരം 15,68,59,63,140 രൂപയാണ്. സര്‍ക്കാരിന്റെ നാശനഷ്ടം കണക്കാക്കുന്നതിലുള്ള അശാസ്ത്രീയത കണക്കിലെടുക്കേണ്ടതുണ്ട്. അങ്ങിനെവരുമ്പോള്‍ യഥാര്‍ഥ നഷ്ടം ഇനിയും കൂടും. 500 കോടി രൂപയെങ്കിലും അധികമായി ഈ കണക്കില്‍ ഉള്‍പ്പെടുത്തേണ്ടിവരും. 48 ലക്ഷം ജനങ്ങളുള്ള മലപ്പുറം ജില്ല സംസ്ഥാനത്ത് വിസ്തൃതിയുടെ കാര്യത്തില്‍ രണ്ടാം സ്ഥാനത്താണുള്ളത്. ജില്ലാ വിഭജനമെന്ന ആവശ്യം ഇനിയും അംഗീകരിക്കപ്പെട്ടിട്ടില്ല. ഭാരതപ്പുഴയും ചാലിയാറും കനോലി കനാലും ആവിപ്പുഴയും എല്ലാം കരകവിഞ്ഞപ്പോള്‍ മലപ്പുറം പ്രളയക്കെടുതിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. ആദ്യം പ്രളയമെത്തിയ ജില്ലകളില്‍ ഒന്നാണ് മലപ്പുറം. തെക്കന്‍ ജില്ലകളില്‍ പ്രളയമുണ്ടായത് ആഗസ്ത് 16 ഓടു കൂടിയാണ്. എന്നാല്‍ മലപ്പുറത്തെ ഒന്നാംഘട്ട പ്രളയം ആഗസ്ത് 10 മുതല്‍ 13 വരെയായിരുന്നു. നിലമ്പൂരിലും വണ്ടൂരിലും ഏറനാട്ടിലുമെല്ലാമായിരുന്നു അന്നത്തെ പ്രളയം. പിന്നീട് ആഗസ്ത് 17നാണ് തിരൂര്‍, പൊന്നാനി മേഖലകളില്‍ പ്രളയം രൂക്ഷമായത്.
നഷ്ടങ്ങള്‍ കണക്കാക്കിയതിനെക്കുറിച്ചുള്ള വിവാദങ്ങള്‍ ഇപ്പോഴും തുടരുകയാണ്. പലസ്ഥലങ്ങളിലും അര്‍ഹരായവരെ പട്ടികയില്‍ നിന്നൊഴിവാക്കിയെന്ന ആക്ഷേപം വ്യാപകമാണ്. കരുവാരക്കുണ്ടാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായ പഞ്ചായത്ത്. നഗരസഭകളില്‍ പൊന്നാനിയാണ് പ്രത്യേകം എടുത്തുപറയേണ്ടത്. പ്രളയദിനങ്ങളില്‍ പാലക്കാട്, കോഴിക്കോട് റോഡിലെയും തിരൂര്‍-മലപ്പുറം റോഡിലെയും ഗതാഗതം സ്തംഭിക്കുകയുണ്ടായി. പല പ്രദേശങ്ങളിലും ജനജീവിതം ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. വൈദ്യുതി വിതരണം ഒരാഴ്ചയോളം മുടങ്ങിയ സ്ഥലങ്ങളുമുണ്ട്. ജില്ലയില്‍ 100ലേറെ ദുരിതാശ്വാസ ക്യാംപുകളാണ് പ്രവര്‍ത്തിച്ചത്. നിലമ്പൂരിലെ ഉരുള്‍പൊട്ടലില്‍ ആറും വണ്ടൂര്‍ ഊര്‍ങ്ങാട്ടിരിയിലെ ഏഴും കൊണ്ടോട്ടിയിലെ വീടുകള്‍ തകര്‍ന്ന് 12 പേരും മരിച്ചതാണ് പ്രധാന സംഭവങ്ങള്‍. വീട് പൂര്‍ണമായി തകര്‍ന്നവരുടെ ഏണ്ണം 200ഓളം വരും. ഭാഗികമായി തകര്‍ന്നത് 143. അഭയാര്‍ഥി ക്യാംപുകളില്‍ 24,334 കുടുംബങ്ങളിലെ 22,086 പേരാണ് അഭയം പ്രാപിച്ചത്. അവര്‍ക്കു വേണ്ട എല്ലാ സാധനങ്ങളും നാട്ടുകാരും സന്നദ്ധസംഘടനകളും വിവിധ പാര്‍ട്ടിക്കാരും എത്തിച്ചു നല്‍കിയിട്ടുണ്ട്. പട്ടിണി കിടന്നോ രക്ഷിക്കാനാളെത്താതെയോ ആര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടില്ല എന്നത് എടുത്തുപറയേണ്ടതാണ്. മലപ്പുറത്തിന്റെ ഒരുമയും പെരുമയും ഒരിക്കല്‍ക്കൂടി ലോകത്തിനു മുന്നില്‍ കാട്ടിക്കൊടുക്കാന്‍ സാധിച്ചത് വലിയ കാര്യംതന്നെയാണ്.
2000 ഏക്കര്‍ കൃഷിനാശവും മലപ്പുറം ജില്ലയില്‍ സംഭവിക്കുകയുണ്ടായി. മലയോര മേഖലയിലും തീരദേശ മേഘലയിലുമാണ് പ്രധാനമായും ദുരിതങ്ങളുണ്ടായത്. നിലമ്പൂര്‍, കരുവാരക്കുണ്ട്, കാളികാവ്, എടവണ്ണ, ഊര്‍ങ്ങാട്ടിരി എന്നിവയെല്ലാം മലയോര മേഘലയാണ്. ഭാരതപ്പുഴയും ചാലിയാര്‍ പുഴയും നിറഞ്ഞു കവിഞ്ഞതിനാലാണ് വീടുകളില്‍ വെള്ളം കയറിയത്. പല സ്ഥലങ്ങളിലും പുഴ ഗതിമാറി ഒഴുകിയത് ദുരന്തങ്ങള്‍ ഇരട്ടിയാക്കി. പൊന്നാനിയില്‍ മാത്രം 5000 ലേറെ വീടുകളിലാണ് വെള്ളംകയറിയത്. പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും വിണ്ടുകീറലും ഭൂമിയില്‍ വലിയ ധ്വാരങ്ങളുമെല്ലാം ഉണ്ടായിട്ടുണ്ട്. യഥാര്‍ഥത്തില്‍ സംഭവിച്ച നാശനഷ്ടങ്ങളുടെ കണക്ക് സര്‍ക്കാര്‍ കണക്കുകളേക്കാള്‍ ഏറെ ഭീകരമാണ്. അവ പുറത്തുവരാന്‍ ഇനിയും കാലമെടുക്കും.

സംയോജനം: ഇ ജെ ദേവസ്യ
റിപോര്‍ട്ട്:
കെ പി ഒ റഹ്മത്തുല്ല

(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top