മലപ്പുറം പാണമ്പ്രയില്‍ ഗ്യാസ് ടാങ്കര്‍ മറിഞ്ഞു

തേഞ്ഞിപ്പലം: ദേശീയപാതയില്‍ സ്ഥിരം അപകടമേഖലയായ പാണമ്പ്ര വളവില്‍ ഗ്യാസ് ടാങ്കര്‍ലോറി മറിഞ്ഞ് വാതകം ചോര്‍ന്നത് പരിഭ്രാന്തി പരത്തി. ഇതേത്തുടര്‍ന്ന് സംഭവസ്ഥലത്തിന് അരകിലോമീറ്റര്‍ ചുറ്റളവിലുള്ള ആളുകളെ താല്‍ക്കാലികമായി മാറ്റിപ്പാര്‍പ്പിക്കുകയും പ്രദേശത്ത് വൈദ്യുതിബന്ധം വിച്ഛേദിക്കുകയും ചെയ്തു.
അപകടസാധ്യത കണക്കിലെടുത്ത് വീടുകളിലും മറ്റും എല്‍പിജി അടുപ്പുകള്‍ കത്തിക്കരുതെന്ന് പോലിസ് നിര്‍ദേശിച്ചിരുന്നു. ഇന്നലെ പുലര്‍ച്ചെ മൂന്നുമണിയോടെയാണ് അപകടം.
സംഭവം നടന്നയുടന്‍ നാട്ടുകാര്‍ സമീപത്തെ പള്ളികളിലെ മൈക്കിലൂടെയും വാഹനത്തിലൂടെയും ആളുകളോട് മാറാന്‍ നിര്‍ദേശം നല്‍കി. നൂറുകണക്കിന് വീട്ടുകാരെ പ്രദേശത്തു നിന്നു മാറ്റി.
മംഗലാപുരത്തെ എണ്ണശുദ്ധീകരണശാലയില്‍ നിന്ന് ചേളാരി ഐഒസിയിലേക്ക് വരുകയായിരുന്ന ലോറിയാണ് നിയന്ത്രണംവിട്ട് പത്തടി താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞത്. നാട്ടുകാരും ഫയര്‍ ആന്റ് റസ്‌ക്യൂ വിഭാഗവും പോലിസും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി. ദേശീയപാതയില്‍ ഗതാഗതത്തിന് പൂര്‍ണ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
കാക്കഞ്ചേരി, ചേലേമ്പ്ര എന്നിവിടങ്ങളിലും ചേളാരിയിലും വാഹനം തടഞ്ഞ് വഴിതിരിച്ചുവിട്ടു. ഐഒസിയുടെ മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തി വാതകം മറ്റൊരു ടാങ്കറിലേക്ക് മാറ്റുന്ന പ്രവൃത്തി രാവിലെ എട്ടുമണിയോടെ ആരംഭിച്ചു. വൈകീട്ട് അഞ്ചരയോടെയാണ് ഈ പ്രവൃത്തി പൂര്‍ത്തീകരിച്ച് ദേശീയപാതയില്‍ വാഹനഗതാഗതം പുനസ്ഥാപിച്ചത്.

RELATED STORIES

Share it
Top