മലപ്പുറം ദേശീയപാതാ സ്ഥലമെടുപ്പ്: അലൈന്‍മെന്റ് പുനപ്പരിശോധിക്കും

തിരുവനന്തപുരം: ദേശീയപാതാ നിര്‍മാണത്തിനായി മലപ്പുറത്തെ ജനവാസകേന്ദ്രങ്ങളെ ഉള്‍ക്കൊള്ളിച്ച് തയ്യാറാക്കിയ വിവാദ അലൈന്‍മെന്റ് പുനപ്പരിശോധിക്കാനൊരുങ്ങി സര്‍ക്കാര്‍. തര്‍ക്കമുണ്ടായ പ്രദേശങ്ങളില്‍ വീണ്ടും പരിശോധന നടത്തും. 2013ലെയും 2017ലെയും അലൈന്‍മെന്റുകള്‍ തമ്മില്‍ ഒത്തുനോക്കി തര്‍ക്കബാധിത പ്രദേശങ്ങളില്‍ ഇവയില്‍ ഏതാണോ അഭികാമ്യം അതു സ്വീകരിക്കും. കൂടാതെ, വീടും പുരയിടവും സ്ഥാപനങ്ങളും നഷ്ടമാവുന്ന ഇരകള്‍ക്ക് ഇരട്ടി നഷ്ടപരിഹാരം നല്‍കാനും ധാരണയായി. ദേശീയപാതാ അലൈന്‍മെന്റിനും സര്‍വേക്കുമെതിരേ നാട്ടുകാരുടെ ഭാഗത്തു നിന്നു വലിയ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ തന്നെ മുന്‍കൈയെടുത്തു നടത്തിയ സര്‍വകക്ഷി യോഗത്തിന്റേതാണ് തീരുമാനം.
തര്‍ക്കപ്രദേശങ്ങളിലെ അലൈന്‍മെന്റ് മാത്രമാവും പ്രത്യേക കേസായി പരിഗണിച്ച് പുനപ്പരിശോധിക്കുക. മറ്റു പ്രദേശങ്ങളില്‍ സര്‍വേ നടപടിക്രമങ്ങള്‍ തുടരാനും ധാരണയായി. 2013ല്‍ നാഷനല്‍ ഹൈവേ അതോറിറ്റി അംഗീകരിച്ച അലൈന്‍മെന്റും ഇപ്പോഴത്തെ അലൈന്‍മെന്റും താരതമ്യം ചെയ്ത് അനുയോജ്യമായത് ഏതെന്നു കണ്ടെത്താന്‍ നാഷനല്‍ ഹൈവേ അതോറിറ്റിയോട് നിര്‍ദേശിച്ചിട്ടുണ്ടെന്നു മന്ത്രി ജി സുധാകരന്‍ പറഞ്ഞു.
ഏറ്റവും കുറച്ച് വീടുകളും സ്ഥാപനങ്ങളും നഷ്ടപ്പെടുന്ന വിധത്തിലാക്കും അലൈന്‍മെന്റ്. രണ്ടു ഭാഗത്തും ഇതിനായി സര്‍വേ നടത്തുന്നതു പരിഗണനയിലാണ്. അമ്പലവും പള്ളിയുമൊന്നും നഷ്ടപ്പെടാതിരിക്കാനാണു നോക്കുന്നത്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ ദേശീയപാതയുടെ വികസന പ്രവര്‍ത്തനങ്ങള്‍ ഒരു തടസ്സവുമില്ലാതെ നടക്കണമെന്നതാണു സര്‍ക്കാരിന്റെ താല്‍പര്യമെന്നും അദ്ദേഹം വ്യക്തമാക്കി.
2013ലെ അലൈന്‍മെന്റിലുള്ളത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയാണ്. എന്നാല്‍ 2017ലേതു പ്രകാരം 85 കിലോമീറ്ററാണ്. ഇതിനാലാണ് സര്‍വേയില്‍ വ്യത്യാസം വന്നതെന്ന്് അധികൃതര്‍ യോഗത്തില്‍ പറഞ്ഞു. ഭൂമിയും വീടും നഷ്ടമാവുന്നവര്‍ക്കു പരമാവധി നഷ്ടപരിഹാരം നല്‍കണമെന്നു പി കെ കുഞ്ഞാലിക്കുട്ടി എംപി ആവശ്യപ്പെട്ടു. വീടും സ്ഥലവും നഷ്ടമാവുന്ന സാധുക്കള്‍ക്കു വേണ്ടി പ്രത്യേക പുനരധിവാസ പാക്കേജ് നടപ്പാക്കുന്നത് ആലോചിക്കുമെന്നു മന്ത്രി അറിയിച്ചു. സര്‍വേ കഴിഞ്ഞ പ്രദേശത്ത് ഏറ്റെടുത്ത സ്ഥലത്തിന്റെ അളവ് തിട്ടപ്പെടുത്തി നഷ്ടപരിഹാരം നല്‍കും. 1956ലെ ആക്റ്റിന്റെ അടിസ്ഥാനത്തിലാണു ഭൂമി ഏറ്റെടുക്കുന്നതെങ്കിലും 2013ലെ നിയമത്തിന്റെ അടിസ്ഥാനത്തിലാവും ഭൂമിക്കു വില നിര്‍ണയിക്കുക.
ഓരോരുത്തര്‍ക്കും കിട്ടേണ്ട തുക എത്രയെന്നു ജില്ലാ കലക്ടര്‍ നിശ്ചയിച്ച് ഭൂവുടമകളെ ഇക്കാര്യം ബോധ്യപ്പെടുത്തും. അതേസമയം, സമരം അവസാനിപ്പിക്കണോ, തുടരണോ എന്ന കാര്യം പിന്നീടു തീരുമാനിക്കുമെന്ന് സ്വാഗതമാട് നിരാഹാര സമരം ചെയ്യുന്ന ഷെബിനയുടെ സഹോദരനും സമരസമിതി നേതാവുമായ ജാവേദ് അറിയിച്ചു. മലപ്പുറത്തെ വലിയപറമ്പ്, അരീത്തോട്, എആര്‍ നഗര്‍, വെളിമുക്ക്, സ്വാഗതമാട് തുടങ്ങിയ പ്രദേശങ്ങളിലാണു പുതിയ അലൈന്‍മെന്റ് പ്രകാരം നിരവധി വീടുകള്‍ പൂര്‍ണമായും നഷ്ടമാവുന്നത്.
സ്വാഗതമാട് മാത്രം 100ഓളം വീടുകളാണ് പൂര്‍ണായും പുതിയ അലൈന്‍മെന്റ് പ്രകാരം നഷ്ടമാവുന്നത്. ഇതിനെതിരേ സ്വാഗതമാട് രണ്ടത്താണി സ്വദേശിനി അഡ്വ. ഷെബിനയുടെ നിരാഹാര സമരം നടന്നുവരികയാണ്. ജനവാസ കേന്ദ്രങ്ങളിലൂടെയുള്ള സര്‍വേക്കെതിരേ കഴിഞ്ഞദിവസം അരീത്തോട്, വെളിമുക്ക്, എആര്‍ നഗര്‍ പ്രദേശങ്ങളില്‍ പ്രദേശവാസികള്‍ നടത്തിയ സമരത്തിനെതിരേ പോലിസ് ആക്രമണം അഴിച്ചുവിട്ടിരുന്നു. പോലിസ് നടത്തിയ ലാത്തിച്ചാര്‍ജിലും ഗ്രനേഡ് പ്രയോഗത്തിലും സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേര്‍ക്കു പരിക്കേറ്റിരുന്നു. കൂടാതെ വീടുകയറി ആക്രമണവും വീടുകള്‍ക്കു നേരെ പോലിസ് കല്ലേറും നടത്തിയിരുന്നു.

RELATED STORIES

Share it
Top