മലപ്പുറം ജീവിതത്തിന്റെ ഭാഗമായി മാറി: സംവിധായകന്‍ ജയരാജ്

മലപ്പുറം: അറിഞ്ഞോ അറിയാതെയോ മലപ്പുറം ജീവിതത്തിന്റെ ഭാഗമായി മാറിയെന്ന് ദേശീയ അവാര്‍ഡ് ജേതാവ് സംവിധായകന്‍ ജയരാജ് പറഞ്ഞു. മലപ്പുറം പ്രസ്‌ക്ലബിന്റെ മീറ്റ് ദ ഗസ്റ്റ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കോട്ടയംകാരനാണെങ്കിലും ജീവിത പരിസരം മലപ്പുറത്താണ്. ആഥിത്യ മര്യാദയിലും തുറന്നുള്ള ഇടപെടലിലും മലപ്പുറം വ്യത്യസ്തമാണ്.
തന്റെ സിനിമാ ജീവിതത്തിന് എന്നും പ്രോല്‍സാഹനം തന്നവരാണ് മലപ്പുറത്തുകാരെന്നും ജയരാജ് പറഞ്ഞു. ജീവിതം നോക്കിക്കാണുന്ന തിരക്കഥകളാണ് നല്ല സിനിമയാവുന്നത്. സിനിമയുടെ 99 ശതമാനം വിജയവും തിരക്കഥയുടേതാണ്. നല്ല അനുഭവ പരിചയമുള്ളവരാണ് മലപ്പുറത്തുകാര്‍. സുഡാനി ഫ്രം നൈജീരിയ പോലെ ജീവിതവുമായി വളരെ ചേര്‍ന്നുനില്‍ക്കുന്ന സിനിമകള്‍ മലപ്പുറത്തുനിന്നു വരുന്നുണ്ട്. ഈ സിനിമയുടെ സംവിധായകന്‍ സക്കറിയ ഏറെ അഭിനന്ദനമര്‍ഹിക്കുന്നു. മഹേഷിന്റെ പ്രതികാരവും തൊണ്ടിമുതലും ദൃസാക്ഷിയും അത്തരം സിനിമികളാണ്. അതാണ് അവയുടെ വിജയ കാരണം. ഇപ്രാവശ്യത്തെ ദേശീയ ചലചിത്ര അവാര്‍ഡില്‍ മൂന്നെണ്ണം ലഭിച്ചിട്ടുണ്ടെങ്കിലും മികച്ച ഡോക്യുമെന്ററിക്കുള്ള അവാര്‍ഡാണ് ഏറെ സന്തോഷം നല്‍കുന്നത്. ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന മൈസുരുവിലെ കുട്ടികളെ കുറിച്ചും അവരെ പൊതു സമൂഹത്തോട് ചേര്‍ത്ത് വളര്‍ത്തുകയും ജോലിക്ക് വിടുകയും ചെയ്യുന്ന കുടുംബങ്ങളെ കുറിച്ചുമുള്ള ഡോക്യുമെന്ററി ഏറെ സംതൃപ്തി നല്‍കിയെന്നും ജയരാജ് പറഞ്ഞു. ജോലിക്ക് നിയോഗിച്ചാല്‍ ആത്മാര്‍പ്പണത്തോടെ ജോലി ചെയ്യുന്നവരാണ് ഈ വിഭാഗം, ഡോക്യുമെന്ററി കണ്ട് ഇത്തരത്തിലുള്ള പലരേയും വിവിധ കമ്പനികള്‍ ജോലിക്കെടുത്തെന്നും അദ്ദേഹം പറഞ്ഞു. സമൂഹം നല്‍കിയത് തിരിച്ചു നല്‍കുന്നതിനുവേണ്ടി ചലചിത്ര അക്കാദമി തുടങ്ങാന്‍ ആഗ്രഹമുണ്ടെന്നും ജയരാജ് പറഞ്ഞു.
പ്രവേശത്തിന് അടിസ്ഥാന യോഗ്യതകളൊന്നും ആവശ്യപ്പെടില്ല. സാഹിത്യം, നൃത്തം, സംഗീതം, ചരിത്രം, കാമറ തുടങ്ങി സിനിമയുടെ എല്ലാ മേഖലകളെ കുറിച്ചും പഠിപ്പിക്കുന്ന കേന്ദ്രമാണ് തുടങ്ങുക. പുതിയ തലമുറയോട് പറയാന്‍ ഏറെയുണ്ട്. ഇത്രയും കാലത്തെ അനുഭവങ്ങള്‍ അവര്‍ക്ക് പകര്‍ന്നുനല്‍കുമെന്നും ജയരാജ് പറഞ്ഞു. വസ്ത്രാലങ്കാര വിദഗ്ധയും സംവിധായകയുമായി ഭാര്യ സബിത് ജയരാജും കൂടെയുണ്ടായിരുന്നു. പ്രസ് ക്ലബ് ഖജാഞ്ചി എസ് മഹേഷ് കുമാര്‍, വിമല്‍ കോട്ടക്കല്‍ സംസാരിച്ചു. ജയരാജിനുള്ള ഉപഹാരം ജോമിച്ചന്‍ ജോസ് കൈമാറി.

RELATED STORIES

Share it
Top