മലപ്പുറം ജില്ലാ രൂപീകരണത്തില്‍ അലോസരപ്പെട്ടവര്‍

1969 ജൂണ്‍ 16നു രൂപീകരിക്കപ്പെട്ട മലപ്പുറം ജില്ല നാലര പതിറ്റാണ്ട് പിന്നിടുമ്പോള്‍ അതിന്റെ രൂപീകരണത്തിലേക്കു നയിച്ച രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങളെക്കുറിച്ച് ഒരു തിരിഞ്ഞുനോട്ടം അനിവാര്യമാണ്. ഏറെ മുറവിളികള്‍ക്കും സമ്മര്‍ദ്ദങ്ങള്‍ക്കുമൊടുവിലാണ് ജില്ല യാഥാര്‍ഥ്യമായത്. കുട്ടിപ്പാകിസ്താനെന്നും മാപ്പിളവര്‍ഗീയവാദികളുടെ കേന്ദ്രമെന്നുമെല്ലാം ആക്ഷേപമുന്നയിച്ച് ജില്ലാ രൂപീകരണത്തെ എതിര്‍ത്തവര്‍ നിരവധി. ഭാരതീയ ജനസംഘവും കോണ്‍ഗ്രസ്സും ഒരേ തൂവല്‍പ്പക്ഷികളായി ജില്ലയ്‌ക്കെതിരേ നിലയുറപ്പിച്ചപ്പോള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും മുസ്‌ലിംലീഗും മറുവശത്ത് അനുകൂലമായി വാദിച്ചതാണ് ജില്ലയുടെ ചരിത്രം.

Malappuram-District-
ഒടുവില്‍ 1967ല്‍ അധികാരത്തിലേറിയ ഇ.എം.എസ്. മന്ത്രിസഭ 1969 ജൂണ്‍ 16നു മലപ്പുറം ജില്ല പ്രഖ്യാപിക്കുമ്പോള്‍ അതു നാടിന്റെ അസ്തിത്വം അടയാളപ്പെടുത്താന്‍ സര്‍വസ്വവും ത്യജിച്ചു പൊരുതിയ ഒരു ജനതയ്ക്കുള്ള കാലത്തിന്റെ കരുതല്‍ കൂടിയായിരുന്നു. 46ാം പിറന്നാള്‍ ആഘോഷിക്കുന്ന ജില്ലയുടെ ബാലാരിഷ്ടതകള്‍ ഇന്നും മാറിയിട്ടില്ല. ഗള്‍ഫ് പ്രഭാവത്തില്‍ വിദ്യാഭ്യാസപരമായി ജില്ലയിലെ കുട്ടികള്‍ ഏറെ മുന്നോട്ടുപോയെങ്കിലും അടിസ്ഥാനസൗകര്യ വികസനത്തിന്റെ കാര്യത്തില്‍ സംസ്ഥാനത്തെ മറ്റു ജില്ലകളെ അപേക്ഷിച്ച് ജില്ല ബഹുദൂരം പിറകിലാണ്. മൂവായിരം ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള മലപ്പുറം വലുപ്പത്തിന്റെ കാര്യത്തില്‍ മൂന്നാം സ്ഥാനത്താണ്. ജനസംഖ്യയുടെ കാര്യത്തില്‍ ഒന്നാമതും. എന്നാല്‍, ആതുരാലയങ്ങളും വിദ്യാഭ്യാസസ്ഥാപനങ്ങളും ജനസംഖ്യാനുപാതിക വിതാനത്തിന്റെ എത്രയോ താഴെയാണ് ജില്ലയ്ക്ക് അനുവദിക്കപ്പെട്ടിരിക്കുന്നത്.
ചരിത്രകാരനും രാഷ്ട്രീയ നിരീക്ഷകനുമായ എം.സി. വടകരയുമായി ജില്ലാ രൂപീകരണ പശ്ചാത്തലം സംബന്ധിച്ച് തേജസ് പ്രതിനിധി നടത്തിയ അഭിമുഖം.

Kodikuthimala

മലപ്പുറം ജില്ലാ രൂപീകരണ പശ്ചാത്തലം വിവരിക്കാമോ?
ഭൂമിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെപ്പോലെത്തന്നെ ഭൂമിയെ സംബന്ധിച്ച അവകാശത്തര്‍ക്കങ്ങളും പൗരാണിക കാലം തൊട്ടേ ഉണ്ട്. രാഷ്ട്രീയ കാരണങ്ങളാല്‍ ഇത്തരം തര്‍ക്കങ്ങള്‍ ഏറ്റവും അധികമായി നിലനിന്നിരുന്ന പ്രദേശമായിരുന്നു മലബാര്‍. പ്രത്യേകിച്ച് ഏറനാട്-വള്ളുവനാട് പ്രദേശങ്ങള്‍. ഈ പ്രദേശത്തെ ഭൂമിയുടെ 90 ശതമാനവും ബ്രഹ്മസ്വമെന്ന പേരില്‍ ബ്രാഹ്മണ ജന്മിമാരുടെ കൈവശമായിരുന്നു. 10 ശതമാനം ദേവസ്വമെന്ന പേരില്‍ ക്ഷേത്രങ്ങളുടേതും. ക്ഷേത്രങ്ങളുടെ കൈവശക്കാര്‍ ബ്രാഹ്മണരുമായിരുന്നു. ഫലത്തില്‍ 100 ശതമാനം ഭൂമിയും ബ്രാഹ്മണ ജന്മിമാരുടെ കൈവശം തന്നെ.
ടിപ്പുവിന്റെ വരവോടെ ഇതിനു മാറ്റം വന്നു. ഭൂവുടമകള്‍ നിശ്ചിത നികുതി നല്‍കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. അല്ലാത്തവരുടെ ഭൂമി കണ്ടുകെട്ടി. ഇതോടെ തിരുവിതാംകൂറിലേക്കുള്ള പലായനങ്ങള്‍ നടന്നു. മൂന്നാം മൈസൂര്‍ യുദ്ധത്തിനു ശേഷമുണ്ടായ ശ്രീരംഗപട്ടണ ഉടമ്പടിയോടെ മലബാര്‍ ബ്രിട്ടിഷുകാരുടെ അധീനതയിലായി. തുടര്‍ന്ന് ബ്രിട്ടിഷുകാര്‍ ബ്രാഹ്മണരെ തിരിച്ചുകൊണ്ടുവരാനുള്ള നീക്കമാരംഭിച്ചു. ഇതിനിടയ്ക്ക് ഭൂമിയുടെ അവകാശികളായിത്തീര്‍ന്ന കുടിയാന്മാരുടെ കൃഷിഭൂമി നിര്‍ബന്ധമായി ജന്മിമാര്‍ക്ക് തിരിച്ചുകൊടുപ്പിച്ച ബ്രിട്ടിഷ് നടപടി നിരവധി പ്രക്ഷോഭങ്ങള്‍ക്കു വഴിവച്ചു. 150 വര്‍ഷത്തോളം നീണ്ടുനിന്ന് അധിനിവേശവിരുദ്ധ കലാപങ്ങളിലേക്കാണ് ഇതു വഴിയൊരുക്കിയത്.
ബ്രിട്ടിഷ് ഭരണത്തിന്റെ ആരംഭത്തില്‍ ബോംബെ പ്രൊവിന്‍സിന്റെ ഭാഗമായിരുന്നു മലബാര്‍. പിന്നീട് മദ്രാസ് പ്രസിഡന്‍സി രൂപീകരിച്ചപ്പോള്‍ ഇന്നത്തെ മലപ്പുറം ജില്ല ഉള്‍പ്പെടുന്ന മലബാര്‍ അതിന്റെ ഭാഗമായി. ജന്മിമാര്‍ക്കൊപ്പം നിന്ന ബ്രിട്ടിഷുകാര്‍ കുടിയാന്മാരായ മാപ്പിളമാരെ കൊടിയ പീഡനത്തിനിരയാക്കി. മാപ്പിള ഔട്ട്‌റേജസ് ആക്ട് എന്ന കണ്ടാല്‍ വെടിവയ്ക്കാന്‍ അനുവാദമുള്ള കാടന്‍ നിയമം പോലും നടപ്പാക്കി. സമരം രൂക്ഷമായപ്പോള്‍ മലബാറിലെ 220 അംശങ്ങളില്‍ ബ്രിട്ടിഷ് പതാക പാറിയില്ലെന്നു മാത്രമല്ല, ബ്രിട്ടിഷ് പ്രധാനമന്ത്രി ലോയ്ഡ് ജോര്‍ജ്  'മാപ്പിളമാരെ നമുക്ക് ഭരിക്കാനാവില്ല, അവര്‍ക്ക് സ്വാതന്ത്ര്യം കൊടുത്താലെന്താ' എന്നു ചോദിക്കുന്നഅവസ്ഥയിലേക്കു വരെ കാര്യങ്ങള്‍ എത്തിപ്പെട്ടു.
ഇന്ത്യ, ബംഗ്ലാദേശ്, ബര്‍മ എന്നിവിടങ്ങളിലായി ഉണ്ടായിരുന്ന മൊത്തം ബ്രിട്ടിഷ് സൈന്യത്തിന്റെ നാലിലൊന്ന് 1921 കാലഘട്ടത്തില്‍ ഏറനാട്-വള്ളുവനാട് പ്രദേശങ്ങളിലേക്കു വിന്യസിക്കപ്പെട്ടിരുന്നുവെന്നത് കാര്യത്തിന്റെ ഗൗരവം വിളിച്ചോതുന്നു. ഒന്നര നൂറ്റാണ്ട് പോരാട്ടരംഗത്തുണ്ടായിരുന്ന ജനത പിന്നാക്കമായത് സ്വാഭാവികമാണല്ലോ. ഐക്യകേരള രൂപീകരണശേഷം സര്‍ക്കാരിന്റെ വികസന ഫണ്ടുകള്‍ പലതും ഈ പ്രദേശത്തിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്താന്‍ മതിയാകാതെവന്നു. റവന്യൂ ജില്ലാ അടിസ്ഥാനത്തിലാണ് ഫണ്ടുകള്‍ വിതരണം ചെയ്യപ്പെടുക. ഏറെ പിന്നാക്കവും ജനസംഖ്യാപരമായി മുന്നിലുമുള്ള പ്രദേശത്തേക്ക് ഇതുമൂലം വേണ്ടത്ര വികസനം വന്നില്ല. ഇതു തിരിച്ചറിഞ്ഞാണ് മുസ്‌ലിംലീഗ് മലപ്പുറം കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന ആവശ്യം നിയമസഭയിലും പുറത്തും ശക്തമായി ഉന്നയിച്ചത്.

ലീഗ് ഈ വിഷയം ഏറ്റെടുക്കാനുണ്ടായ കാരണം?
ഏറ്റവും അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം എന്ന നിലയ്ക്ക് ഏറനാട് വള്ളുവനാട് പ്രദേശത്തുകാരുടെ ഉയിര്‍ത്തെഴുന്നേല്‍പ്പ് ഒരു ദേശീയ പ്രശ്‌നം തന്നെയായിരുന്നു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എല്ലാം നഷ്ടപ്പെടുത്തിയ ജനവിഭാഗത്തിന്റെ പ്രശ്‌നം പ്രത്യേകം പരിഗണന അര്‍ഹിക്കുന്നതുമാണ്. ഈ പശ്ചാത്തലത്തിലാണ് ഒരു പ്രത്യേക റവന്യൂ ജില്ല വേണമെന്ന ആവശ്യം ഉയര്‍ന്നുവന്നത്.  1960ല്‍ പി.കെ. ബാപ്പുട്ടി പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പാങ്ങില്‍ കുറുവ പഞ്ചായത്താണ് ആദ്യമായി മലപ്പുറം ജില്ല എന്ന ആശയം മുന്നോട്ടുവച്ച് പ്രമേയം പാസാക്കിയത്.
പിന്നീട് മങ്കട എം.എല്‍.എ. ആയിരുന്ന അഡ്വ. പി. അബ്ദുല്‍ മജീദ് വിഷയം നിയമസഭയില്‍ പ്രമേയമായി അവതരിപ്പിച്ചു. തുടര്‍ന്ന് വിഷയം മുസ്‌ലിംലീഗ് കോഴിക്കോട് ജില്ലാ കമ്മിറ്റി ഏറ്റെടുത്തു. മാനാഞ്ചിറ മൈതാനിയില്‍ ചേര്‍ന്ന മുസ്‌ലിംലീഗ് സംസ്ഥാന യോഗത്തില്‍ സി.എച്ച്. മുഹമ്മദ് കോയ മലപ്പുറം ജില്ല രൂപീകരിക്കണമെന്ന പ്രമേയം അവതരിപ്പിച്ചു. ജില്ല രൂപീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് എം.പി.എം. അഹമ്മദ് കുരിക്കള്‍ (ബാപ്പു കുരിക്കള്‍) നടത്തിയ പ്രസംഗം കേട്ടവര്‍ക്കെല്ലാം മലപ്പുറം ജില്ല രൂപീകരണമെന്ന ആവശ്യം നേരത്തേ മുന്നോട്ടുവയ്‌ക്കേണ്ടതായിരുന്നുവെന്ന വസ്തുത ബോധ്യപ്പെട്ടു. അത്രയും കൃത്യമായ കണക്കുകള്‍ നിരത്തിയാണ് അദ്ദേഹം പ്രസംഗിച്ചത്. ജില്ലയിലെ മരങ്ങളുടെയും പക്ഷികളുടെയും തോടുകളുടെയും വരെ കണക്കുകള്‍ നിരത്തിയ അദ്ദേഹത്തിന്റെ പ്രസംഗം ങ്ങള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് മൗലികമായി മലപ്പുറം ജില്ല എന്ന ആശയത്തോട് അടുപ്പമുണ്ടായിരുന്നോ?
കമ്മ്യൂണിസ്റ്റ് പാര്‍ട്ടി മലപ്പുറം ജില്ലാ രൂപീകരണം എന്ന ആശയത്തോട് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. 1967ല്‍ സപ്തകക്ഷി മന്ത്രിസഭയുടെ മിനിമം പരിപാടിയില്‍ മലപ്പുറം ജില്ലാ രൂപീകരണം ഉള്‍പ്പെടുത്തണമെന്ന് ബാഫഖി തങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ഇത് അംഗീകരിച്ച ഇ.എം.എസ്. താനും മലപ്പുറം ജില്ലക്കാരനാണെന്നു പറയുകയും ചെയ്തു. മിനിമം പരിപാടിയില്‍ ഈ വിഷയം എഴുതേണ്ടതില്ലെന്നും സര്‍ക്കാര്‍ നിലവില്‍ വന്നാല്‍ അത് അനുവദിച്ചുതരുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. എന്നാല്‍, പിന്നീട് വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം ശക്തമായപ്പോള്‍ ഇ.എം.എസ്. അല്‍പ്പം മടിച്ചുനിന്നു. റവന്യൂമന്ത്രിയായിരുന്ന ഗൗരിയമ്മയും  കാര്യങ്ങള്‍ നീട്ടിക്കൊണ്ടുപോയി.
ഇതുസംബന്ധിച്ച് ഇം.എം.എസും ബാഫഖി തങ്ങളും തമ്മില്‍ വാഗ്വാദം നടന്നതായി ആര്‍. പ്രസന്നന്‍ നിയമസഭയില്‍ നിശ്ശബ്ദനായി എന്ന തന്റെ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കുന്നുണ്ട്. മലപ്പുറം ജില്ല അനുവദിക്കാമെന്നു താന്‍ പറഞ്ഞിട്ടില്ലെന്ന് ഒരുവേള ഇ.എം.എസ്. പറഞ്ഞപ്പോള്‍ ജുബ്ബയുടെ കീശയില്‍ നിന്ന് ബാഫഖി തങ്ങള്‍ ടേപ്പ് റെക്കോര്‍ഡര്‍ പുറത്തെടുത്തു. ബെല്‍ജിയം നിര്‍മിതമായ ആ ടേപ്പ് റെക്കോര്‍ഡറില്‍ ഇ.എം.എസിന്റെ വാഗ്ദാനം ബാഫഖി തങ്ങള്‍ റെക്കോര്‍ഡ് ചെയ്തിരുന്നു. സമ്മര്‍ദ്ദങ്ങള്‍ക്കു വഴങ്ങി ഒടുവില്‍ സപ്തകക്ഷി മന്ത്രിസഭ മലപ്പുറം ജില്ല രൂപീകരിച്ചു.

കോണ്‍ഗ്രസ്സിന്റെ മലപ്പുറം വിരുദ്ധതയുടെ കാരണം വിശദമാക്കാമോ? കെ. കേളപ്പന്‍ അടക്കമുള്ളവരുടെ തീവ്രവലതുപക്ഷ നിലപാടുകള്‍ കോണ്‍ഗ്രസ്സിനെയും സ്വാധീനിച്ചിരുന്നോ?
കേരള ഗാന്ധി എന്ന പേരില്‍ അറിയപ്പെട്ടിരുന്ന കെ. കേളപ്പന്‍ അടക്കമുള്ള ദേശീയ നേതാക്കള്‍ മലപ്പുറം ജില്ലാ രൂപീകരണത്തെ ശക്തമായി എതിര്‍ത്തവരായിരുന്നു. കുട്ടിപ്പാകിസ്താനെന്നും മതമൗലികവാദികളുടെ ജില്ലയെന്നുമെല്ലാമായിരുന്നു അവരുടെ പ്രചാരണം. മലപ്പുറം രൂപീകരിച്ചാല്‍ 1921 ആവര്‍ത്തിക്കുമെന്നും അവര്‍ പ്രചരിപ്പിച്ചു. ഗാന്ധിയനായിരുന്നിട്ടും കോഴിക്കോട് ജനസംഘം നേതാക്കളെ കൊണ്ടുവന്ന് അദ്ദേഹം മലപ്പുറത്ത് മാപ്പിള ആധിപത്യം വരുമെന്നുവരെ പ്രസംഗിപ്പിച്ചു. കോണ്‍ഗ്രസ് പരസ്യമായി മലപ്പുറം ജില്ല എന്ന ആശയത്തെ എതിര്‍ത്തതായി ഞാന്‍ ഓര്‍ക്കുന്നില്ല.

ഭൂമിശാസ്ത്രപരമായും സാംസ്‌കാരികമായും മലപ്പുറം മറ്റു ജില്ലകളില്‍ നിന്ന് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു?
സാംസ്‌കാരികപരമായി ഒട്ടേറെ സവിശേഷതകളുള്ള പ്രദേശമാണ് മലപ്പുറം. അധിനിവേശവിരുദ്ധത ഈ പ്രദേശത്തിന്റെ മുഖമുദ്രയായിരുന്നു. ശെയ്ഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ രചനകള്‍ തന്നെ ഇതിന്റെ ഉദാഹരണമാണ്. പോര്‍ച്ചുഗീസുകാര്‍ക്കെതിരേ സ്ത്രീകള്‍ക്കടക്കം ജിഹാദ് നിര്‍ബന്ധമാണ് എന്നതായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതാകട്ടെ ഇസ്‌ലാമിക ഭരണം കൊണ്ടുവരാനായിരുന്നില്ല. ഹിന്ദുവായ സാമൂതിരിയെ രാജാവായി വാഴിക്കാനായിരുന്നു. ആദ്യമായി ഒളിയുദ്ധം യൂറോപ്പിനു പരിചയപ്പെടുത്തിയ ഉണ്ണിമൂസ മൂപ്പനും അത്തന്‍ കുരിക്കളുമെല്ലാം മലപ്പുറത്തിന്റെ പൈതൃകമാണ്. ബ്രിട്ടിഷ് അധിനിവേശവിരുദ്ധ സമരങ്ങളുടെ കാര്യത്തില്‍ മമ്പുറം തങ്ങന്മാരുടെ കാര്യവും അങ്ങനെത്തന്നെ.

മുസ്‌ലിം സംഘടനകളുടെ നിലപാട്?
സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, കെ.എന്‍.എം. തുടങ്ങിയ സംഘടനകള്‍ക്ക് അക്കാര്യത്തില്‍ യാതൊരു നിലപാടും ഉണ്ടായിരുന്നില്ല. അവര്‍ക്ക് അത്തരം അജണ്ടകള്‍ ഉണ്ടായിരുന്നില്ലല്ലോ. ജില്ലാ രൂപീകരണത്തില്‍ അവര്‍ പ്രത്യേക അഭിപ്രായപ്രകടനം നടത്തിയതായി അറിവില്ല.

ജില്ല രൂപീകരിക്കപ്പെട്ട ശേഷവും പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടില്ല എന്ന വാദമുണ്ടല്ലോ?
പ്രശ്‌നങ്ങള്‍ ഇനിയും പരിഹരിക്കപ്പെടാനുണ്ട്. എങ്കിലും ജില്ല വളരെയധികം മുന്നേറിയിരിക്കുന്നു. കുടിപ്പള്ളിക്കൂടങ്ങള്‍ പോലും ഇല്ലാതിരുന്ന പ്രദേശത്ത് ഇന്ന് ആറു യൂനിവേഴ്‌സിറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. മലപ്പുറം ജില്ലക്കാര്‍ ഇന്നു വിദ്യാഭ്യാസപരമായി ഒട്ടേറെ മുന്നിലെത്തിയിരിക്കുന്നു. ആകാശഗംഗയില്‍ പുതിയ ഗ്രഹം കണ്ടെത്തിയ നിലമ്പൂര്‍ സ്വദേശിനി നസ്‌റിയ അടക്കമുള്ള നിരവധി പ്രതിഭകള്‍ ഇവിടെനിന്ന് ഉയര്‍ന്നുവന്നുകഴിഞ്ഞു.

മലപ്പുറത്തെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നിട്ടുണ്ടല്ലോ. എന്താണ് നിലപാട്?
പുതിയ ജില്ല എന്ന ആശയം നല്ലതുതന്നെ, അത് ഗുണകരമാവുമെങ്കില്‍. നല്ല പഠനം ആവശ്യമുള്ള വിഷയമാണത്. ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ മാത്രമേ ഒരു നിലപാട് സ്വീകരിക്കാനാവൂ. പുതിയ ഒരു ജില്ലയ്ക്ക് നിലനില്‍ക്കാന്‍ ആവശ്യമായ ഭൗതിക സാഹചര്യമുണ്ടോ എന്ന പഠനം നടത്തണം. റവന്യൂ വരുമാനത്തിന്റെ കാര്യത്തില്‍ പുതുതായി രൂപീകരിക്കുന്ന ജില്ലയുടെ അവസ്ഥയും പരിഗണനീയമാണ്. ചില രാഷ്ട്രീയപ്പാര്‍ട്ടികള്‍ ആവശ്യം ഉന്നയിച്ചുകഴിഞ്ഞു. മുസ്‌ലിംലീഗ് ഔദ്യോഗികമായി ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരൂരിലെ പ്രാദേശിക ഘടകം നേരത്തെ ആവശ്യം ഉന്നയിച്ചിരുന്നു. പാര്‍ട്ടിനയം പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പ്രവര്‍ത്തകനെന്ന നിലയില്‍ ഞാന്‍ കൃത്യമായ അഭിപ്രായം പുറത്തുപറയുന്നതു ഉചിതമാവുകയില്ല.

RELATED STORIES

Share it
Top