മലപ്പുറം ഗവ. വനിതാ കോളജും വിവാദത്തിലേക്ക്

മലപ്പുറം: മഞ്ചേരിയിലെ ജന. ആശുപത്രിയുടെ ബോര്‍ഡ് മാത്രം മാറ്റി മെഡിക്കല്‍ കോളജ് സ്ഥാപിച്ചതു പോലെ മലപ്പുറം ഗവ. വനിതാ കോളജും വിവാദങ്ങളില്‍ നിറയുന്നു. ഇരു സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാതെയാണ് ആരംഭിച്ചതെന്നാണ് വിവാദത്തിലെ കഥ.
കെമിസ്ട്രി, ബോട്ടണി സയന്‍സ് കോഴ്‌സുകള്‍ക്കുള്ള നാല് ലാബുകള്‍ക്ക് വേണ്ട ഒരു പ്രാഥമിക സൗകര്യങ്ങളും ഒരുക്കിയിരുന്നില്ലെന്നും ഈ വിദ്യാര്‍ഥികളെയെല്ലാം മലപ്പുറം ഗവ. കോളജിന്റെ ലാബുകളിലും മീഞ്ചന്ത ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജിലുമാണ് രണ്ട് വര്‍ഷം ലാബ് ഒരുക്കിയതെന്നും കഴിഞ്ഞ ദിവസം കോളജ് സ്‌പെഷ്യല്‍ ഓഫിസര്‍ ഇന്‍ഫര്‍മേഷന്‍ ഓഫിസര്‍ക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നു. മുണ്ടുപറമ്പിലുള്ള വാടക കെട്ടിടത്തിലേക്ക് മാറിയ ശേഷം മാത്രമാണത്രെ ബോട്ടണി, സുവോളജി, ഫിസിക്‌സ് ലാബുകള്‍ ആരംഭിച്ചത്. കെമിസ്ട്രി ലാബ് ഇപ്പോഴും കോട്ടപ്പടി ബോയ്‌സ് ഹൈസ്‌കൂളിലെ രണ്ട് ക്ലാസ്സ് മുറികളിലാണ് തുടരുന്നത്.
സയന്‍സ് കോഴ്‌സുകളെ കുറിച്ച് യാതൊരു ധാരണയുമില്ലാതെ കോളജില്‍ സയന്‍സ് കോഴ്‌സുകള്‍ തുടങ്ങിയതിന് ഗസ്റ്റ് അധ്യാപകരും വിദ്യാര്‍ഥിനികളും ഏറെ ദുരിതം പേറിയെന്നും ഇവര്‍ പറയുന്നു. അതേസമയം വനിതാ കോളജിന് മലപ്പുറം എംഎല്‍എയുടെ ഫണ്ടില്‍ നിന്നും മൂന്ന് കോടി രൂപ അനുവദിച്ചെന്നും ഇല്ലെന്നും വാദങ്ങള്‍ നടക്കുന്നുണ്ട്.
അങ്ങിനെ ഒരു രേഖ കോളജിന് ലഭിച്ചിട്ടില്ലെന്നാണ് സ്‌പെഷ്യല്‍ ഓഫിസര്‍ പറയുന്നത്. എന്നാല്‍ കോളജ് കെട്ടിടനിര്‍മാണത്തിനായി കിഫ്ബിയില്‍ നിന്ന് ലഭിച്ച 10 കോടിക്ക് കിറ്റ്‌കോ രൂപരേഖ തയ്യാറാക്കിയിട്ടുണ്ട്. ഈ മാസം 3ന് കലക്ടറുടെ ചേംബറില്‍ ചേരുന്ന ജില്ലാ വികസന കമ്മിറ്റി യോഗത്തില്‍ ഇത് ചര്‍ച്ച ചെയ്യുന്നുണ്ട്. സ്‌പെഷ്യല്‍ ഓഫിസറും എംഎല്‍എയും തമ്മിലുള്ള ഈഗോ പ്രശ്‌നവും വിവാദത്തിലെ മറ്റൊരു കാരണമായിട്ടുണ്ടെന്നും വിലയിരുത്തപ്പെടുന്നു. കോളജ്് ആരംഭിച്ച സമയത്ത് യുഡിഎഫിന് പരാതികളുണ്ടായിരുന്നില്ല.
ഭരണം മാറിയപ്പോള്‍ മാത്രമാണ് വനിതാ കോളജിനെതിരേ തിരിയുന്നതെന്നാണ് പൊതുജന സംസാരം. ഇപ്പോള്‍ കോളജിന്റെ വാടക നല്‍കുന്നത് നഗരസഭയാണ്. സര്‍ക്കാര്‍ ഇത് ഏറ്റെടുക്കും വരെ നഗരസഭ തുടരണമെന്നും ഇവര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ കാലത്താണ് മലപ്പുറത്ത് വനിതാ കോളജ് ആരംഭിച്ചത്. ഇതിന് വേണ്ടി പാണക്കാട് ഇന്‍കെല്‍ എഡ്യുസിറ്റിയില്‍ ഭൂമി അനുവദിച്ചിരുന്നത്. എന്നാല്‍ നടപടി പൂര്‍ത്തിയാവാത്തതിനാലാണ് വാടക കെട്ടിടത്തില്‍ തുടരുന്നത്.

RELATED STORIES

Share it
Top