മലപ്പുറം കലക്ടറേറ്റിലെ ജംഗമ വസ്തുക്കള്‍ ജപ്തിചെയ്യാന്‍ കോടതി ഉത്തരവ്

മഞ്ചേരി: കലക്ടറേറ്റിലെ ജംഗമ വസ്തു ക്കള്‍ ജപ്തി ചെയ്യാന്‍ മഞ്ചേരി സബ് കോടതിയുടെ വിധി. പെരിന്തല്‍മണ്ണ മാനത്തുമംഗലം ബൈപാസ് റോഡ് നിര്‍മാണത്തിനുവേണ്ടി സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമിക്ക് നിശ്ചയിച്ച വില നല്‍കുന്നതില്‍ വീഴ്ച വരുത്തിയ സംഭവത്തിലാണ് കോടതി ഉത്തരവ്.
പരിസരവാസികളില്‍ നിന്നു അര സെന്റ് മുതല്‍ മുപ്പത്തിനാല് സെന്റ് വരെയാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. നിശ്ചിത തുക ലഭിക്കുന്നതിലെ പോരായ്മകള്‍ ചൂണ്ടിക്കാട്ടി തൃശൂര്‍ കൂനംമൂച്ചി കെ വി മേരി (88), മക്കളായ ജോബ്, മറിയാമ്മ, ആനി, ടോണി, വര്‍ഗ്ഗീസ്, ജോസ്, പെരിന്തല്‍മണ്ണ സ്വദേശിയും റിട്ടയേഡ് ഡെപ്യൂട്ടി കളക്ടറുമായ എം കെ ജനാര്‍ദ്ദനന്‍ (75), സഹോദരന്‍ രാജഗോപാലന്‍ (68) എന്നിവരാണ് കോടതിയെ സമീപിച്ചത്. സ്വകാര്യ സ്ഥലങ്ങള്‍ക്ക് സെന്റിന് നൂറു രൂപ മുതല്‍ 13,167 രൂപ വരെ കലക്ടര്‍ വില നിശ്ചയിച്ചിരുന്നു. എന്നാല്‍, ഇത് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് സ്ഥലമുടമകള്‍ മതിയായ രേഖകളുമായി കോടതിയെ സമീപിച്ചു.
കോടതി വിധിപ്രകാരം 7,891 രൂപ വില നിശ്ചയിച്ചിരുന്ന സ്ഥലത്തിന് 23,760 രൂപയും 10,533 രൂപയുടെ സ്ഥലത്തിന് 23,760 രൂപയും 13,152 രൂപയുടെ സ്ഥലത്തിന് 26,400 രൂപയും തോതില്‍ സെന്റിന് വില വര്‍ധിപ്പിച്ചു. ഈ വിധിക്കെതിരേ സര്‍ക്കാറും വില ഇനിയും വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഭൂവുടമകളും ഹൈക്കോടതിയെ സമീപിച്ചു. സര്‍ക്കാര്‍ അപ്പീല്‍ തള്ളിയ കോടതി ഭൂമിക്ക് വില വര്‍ധിപ്പിച്ചു നല്‍കണമെന്നാവശ്യപ്പെട്ട് കേസ് കീഴ് കോടതിയിലേക്ക് തിരിച്ചയക്കുകയുമായിരുന്നു. മഞ്ചേരി സബ് കോടതി സര്‍ക്കാര്‍ ഏറ്റെടുത്ത സ്ഥലത്തെ എ,സി,ഡി എന്നിങ്ങനെ മൂന്നു വിഭാഗങ്ങളായി തിരിക്കുകയും ഇതനുസരിച്ചു സെന്റിന് എ വിഭാഗത്തിനു 33,000 രൂപയും സി വിഭാഗത്തിനു 26,730 രൂപയും ഡി വിഭാഗത്തിനു 21,384 രൂപയും വില അനുവദിച്ചു.
അനുവദിച്ച തുക ഗഡുക്കളായി നല്‍കാമെന്ന് ഉറപ്പുണ്ടായിരുന്നെങ്കിലും പാലിക്കപ്പെടാത്തതിനെ തുടര്‍ന്നാണ് പരാതിക്കാര്‍ വിധി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

RELATED STORIES

Share it
Top