മലകയറ്റവും ചില ദിവാസ്വപ്‌നങ്ങളും

കണ്ണേറ് - കണ്ണന്‍

ജനാധിപത്യത്തിന് തൂണുകള്‍ മൂന്നാണെന്നാണ് പൊതുവിചാരം. ഇതില്‍ ആദ്യത്തേത് ലജിസ്ലേച്ചര്‍ അഥവാ നിയമനിര്‍മാണം. എംപിമാരും എംഎല്‍എമാരും വാങ്ങുന്ന ശമ്പളത്തിലും ദിനബത്തയിലും യാത്രാപ്പടിയിലും ദിവസവും അവര്‍ നടത്തുന്ന നടുത്തളത്തിലിറങ്ങല്‍ നാടകത്തിലും മറ്റും ഒതുങ്ങിപ്പോയിരിക്കുന്നു ഇപ്പോഴത്. പിന്നെയുള്ളത് എക്‌സിക്യൂട്ടീവ് എന്ന ഭരണനിര്‍വഹണമാണ്. ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരുടെ സ്രാവുകളോടൊപ്പമുള്ള നീന്തലും ഡ്രൈവറെ മര്‍ദിക്കലും മന്ത്രിമാര്‍ക്ക് ഓശാനപാടലും മുതല്‍ ഓഫിസ് ശിപായിയുടെ കൈക്കൂലി വരെയുള്ള നിരവധി കലാപരിപാടികളായിത്തീര്‍ന്നു അത്. അതിനാല്‍, ഒട്ടും തുരുമ്പിക്കാതെ നില്‍ക്കുന്ന ജുഡീഷ്യറി എന്ന മൂന്നാംതൂണിന്‍മേലാണ് ഇപ്പോള്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നില്‍പ്. ജമാഅത്തെ ഇസ്്‌ലാമിക്കാര്‍ പണ്ടേ പറഞ്ഞുപോരുന്നതുപോലെ ജീവിതത്തിന്റെ നിഖിലമേഖലകളെയും നിയന്ത്രിക്കുന്നത് ഇക്കാലത്ത് സുപ്രിംകോടതി വിധികളാണ്. ആണിന് ആണിനെത്തന്നെ കല്യാണം കഴിക്കാമോ, അന്യന്റെ ഭാര്യയോടൊപ്പം അന്തിയുറങ്ങാമോ, ആര്‍ത്തവമുള്ള സ്ത്രീകള്‍ക്ക് അമ്പലത്തില്‍ കയറാമോ എന്നു തുടങ്ങി മുണ്ടുടുക്കുന്നതു മുതല്‍ മൂത്രമൊഴിക്കുന്നതു വരെയുള്ള സകലമാന വിഷയങ്ങളിലും തീര്‍പ്പുകല്‍പിക്കുന്നത് ഇപ്പോള്‍ കോടതിയാണ്. കോടതി ഓരോന്നു തീരുമാനിക്കുമ്പോഴും നാലാംതൂണെന്നു പറയപ്പെടുന്ന മീഡിയ അതില്‍ കയറിപ്പിടിക്കും. പിന്നീട് ഉടനീളം ചര്‍ച്ച. എല്ലാം കഴിയുമ്പോള്‍ അമ്പലത്തില്‍പോക്ക് മുതല്‍ അന്നന്നു വീട്ടില്‍ വച്ചുവിളമ്പേണ്ട കറി ഏതായിരിക്കണം എന്നുവരെയുള്ള വിഷയങ്ങളില്‍ ആളുകളിപ്പോള്‍ തീരുമാനമെടുക്കുന്നത് ഭരണഘടനാ വകുപ്പുകള്‍ നോക്കിയാണ്. 400ാം അനുച്ഛേദമനുസരിച്ചാണ് കുളിച്ചുതൊഴല്‍, 401ാം വകുപ്പനുസരിച്ച് ഇറച്ചിക്കറിയുണ്ടാക്കല്‍- അതായത് കോടതി പറയുന്നതനുസരിച്ചു മാത്രമേ ജീവിക്കാന്‍ വയ്ക്കൂ. നിയമവാഴ്ച എന്നു പറയുന്നത് അക്ഷരാര്‍ഥത്തില്‍ ശരിയായിക്കിട്ടി.
നിയമം നിയമത്തിന്റെ വഴിക്കും സ്ത്രീകള്‍ പമ്പ വഴിക്കും ശബരിമലയിലേക്കു പോവട്ടെ എന്നാണ് ഇടതുമുന്നണി സര്‍ക്കാരിന്റെ നിലപാട്. കോടതി വലിയ പഥ്യമൊന്നുമല്ല ഇടതുപക്ഷത്തിന്, പ്രത്യേകിച്ചും മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക്. ബൂര്‍ഷ്വാ കോടതിയുണ്ടാക്കുന്ന അലമ്പുകളെക്കുറിച്ചും കൊഞ്ഞാണന്‍ മജിസ്‌ട്രേറ്റുമാര്‍ വഴി സംഭവിക്കുന്ന ഇടങ്ങേറുകളെക്കുറിച്ചും പാര്‍ട്ടി നേതാക്കള്‍ ഏതുനേരവും ജനങ്ങള്‍ക്കു ബോധവല്‍ക്കരണം നടത്താറുമുണ്ട്. ജനകീയ കോടതിയാണ് വിപ്ലവപ്പാര്‍ട്ടിയുടെ ആദര്‍ശസങ്കല്‍പത്തിലുള്ളത്. പക്ഷേ, ശബരിമല വിഷയത്തില്‍ കാര്യങ്ങള്‍ അടിമുടി തകിടംമറിഞ്ഞു. കോടതിയൊരു വിധി പറയേണ്ട താമസം, മലകയറാന്‍ വരുന്ന പെണ്ണുങ്ങളെ ആരതിയുഴിഞ്ഞ് സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ നടത്തുകയാണ് പാര്‍ട്ടി. വന്‍ സന്നാഹങ്ങളാണത്രേ ഇടതു നിയന്ത്രണത്തിലുള്ള ദേവസ്വം ബോര്‍ഡിനെക്കൊണ്ട് പാര്‍ട്ടി ഒരുക്കുന്നത്. മലകയറാനെത്തുന്ന ലലനാമണികള്‍ക്കു വേണ്ടി സകല സന്നാഹങ്ങളും സന്നിധാനത്തു നിര്‍മിക്കുന്ന പദ്ധതിയുടെ മേല്‍നോട്ടം പ്രളയദുരിതാശ്വാസം പോലും മാറ്റിവച്ച് മുഖ്യമന്ത്രി നേരിട്ടു നിര്‍വഹിക്കുന്നു. ഇരട്ടച്ചങ്കന് പണി ഇരട്ടിയായി. നവകേരള നിര്‍മാണത്തോടൊപ്പം നവശബരിമല നിര്‍മാണവും സഖാവ് പിണറായിയും ഗവണ്‍മെന്റും ഏറ്റെടുത്തിരിക്കുകയാണ്. ബൂര്‍ഷ്വാ കോടതിയെയും വിപ്ലവവഴിയില്‍ ഉപയോഗപ്പെടുത്താമെന്നാണ് ഇതില്‍ അടങ്ങിയിട്ടുള്ള പ്രത്യയശാസ്ത്ര പാഠം.
മലകയറാന്‍ വരുന്ന വനിതകള്‍ക്കു സൗകര്യമൊരുക്കാന്‍ സിപിഎമ്മും ഗവണ്‍മെന്റും രണ്ടും കല്‍പിച്ചിറങ്ങിയതില്‍ കണ്ണന്‍ യാതൊരു തെറ്റും കാണുന്നില്ല. അയ്യപ്പസന്നിധിയിലേക്കു വരുന്ന വനിതകള്‍ക്ക് ഭൗതിക സുരക്ഷിതത്വം നല്‍കേണ്ടത് സര്‍ക്കാരിന്റെയും സാമൂഹികസുരക്ഷിതത്വം സൃഷ്ടിക്കേണ്ടത് ഇടതു പുരോഗമനശക്തികളുടെയും ചുമതലയാണെന്ന കാര്യത്തിലുമില്ല എതിരഭിപ്രായം. പക്ഷേ, മലകയറാനെത്തുന്ന പെണ്ണുങ്ങള്‍ക്ക് ആവശ്യമായ സംരക്ഷണം പാര്‍ട്ടിയാപ്പീസ് കയറിയിറങ്ങുന്ന വനിതകള്‍ക്കും വേണ്ടേ? സ്ത്രീകള്‍ക്ക് പൊതുജീവിതത്തില്‍ വളരെയധികം സ്ഥാനവും പങ്കാളിത്തവും നല്‍കുന്ന പാര്‍ട്ടിയാണ് സിപിഎം. അതിനാല്‍, പാര്‍ട്ടിയാപ്പീസില്‍ വരുന്നവരും സമ്മേളനത്തില്‍ പങ്കെടുക്കുന്നവരും ജാഥകളില്‍ മുദ്രാവാക്യം വിളിക്കുന്നവരുമായി നിരവധി സഖാക്കള്‍ പാര്‍ട്ടിയിലുണ്ട്. ശബരിമലയുടെ വനസ്ഥലികളില്‍ പെണ്ണുങ്ങള്‍ക്കു ലഭിക്കുന്ന കാവല്‍ പാര്‍ട്ടിയാപ്പീസിലെ കോണിക്കൂട്ടില്‍ വനിതാസഖാക്കള്‍ക്കു ലഭിക്കുമോ?
ഈ ഭീതി മിക്ക വനിതാ സഖാക്കള്‍ക്കുമില്ലേ എന്നാണു കണ്ണന്റെ സംശയം. പി കെ ശശിയെന്ന എംഎല്‍എയും പി ശശിയെന്ന മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറിയും ഗോപി കോട്ടമുറിക്കലെന്ന മുന്‍ ജില്ലാ സെക്രട്ടറിയും കറപ്പനെന്ന പഞ്ചായത്ത് പ്രസിഡന്റുമെല്ലാം നിബിഡവനത്തില്‍ തങ്ങള്‍ക്കു നേരെ ചാടിവീഴുന്ന പുലികളായി വനിതാ സഖാക്കളുടെ സ്വപ്‌നങ്ങളില്‍ പ്രത്യക്ഷപ്പെടുമോ എന്നു ചുരുക്കം. ശബരിമല വനത്തിലെ പുലിപ്പേടി പോലെ തന്നെ പാര്‍ട്ടി വേദികളിലെ നേതൃപേടിയും പരിഹരിക്കാന്‍ സഖാവ് കോടിയേരിയും സഖാവ് പിണറായിയും സന്നാഹങ്ങളൊരുക്കുമെന്ന വിചാരത്തോടെ കണ്ണന്‍ ഈ വിഷയം അവസാനിപ്പിക്കുന്നു. സന്നിധാനത്തില്‍ ഒരുക്കുന്നതുപോലുള്ള കാവല്‍സന്നാഹങ്ങള്‍ എല്ലാ പാര്‍ട്ടിയാപ്പീസുകള്‍ക്കു ചുറ്റിലും ഒരുക്കട്ടെ; ഭക്തവനിതകള്‍ക്ക് പേടികൂടാതെ മലചവിട്ടാം, വനിതാ സഖാക്കള്‍ക്ക് പാര്‍ട്ടിയാപ്പീസില്‍ കയറുകയും ചെയ്യാം. സ്വസ്തി.

******

ഇടതു ഗവണ്‍മെന്റും പുരോഗമന രാഷ്ട്രീയവും സന്നാഹങ്ങളൊരുക്കുന്നത് സന്നിധാനപരിസരങ്ങളിലാണെങ്കില്‍ കാവിരാഷ്ട്രീയം നാട്ടിലുടനീളം ഒരു കളികളിക്കാന്‍ പോവുകയാണ്. വനിതകളെ ശബരിമലയില്‍ കയറ്റണമെന്നു പറഞ്ഞത് കോടതി. പക്ഷേ, അത് ഇടതുസര്‍ക്കാരിന്റെ പിടിപ്പുകേടുമൂലമാണെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റിന്റെ കണ്ടെത്തല്‍. ശബരിമലയുടെ സവിശേഷതയും ആരാധനാക്രമത്തിലെ അടിസ്ഥാന തത്ത്വങ്ങളും മറച്ചുവച്ചാണ് സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് എന്ന് അദ്ദേഹം കണ്ടുപിടിച്ചിരിക്കുന്നു. എന്നു മാത്രമല്ല, ഈ വിഷയത്തില്‍ സിപിഎമ്മിന് ദുരുദ്ദേശ്യങ്ങളുമുണ്ടെന്നാണ് ശ്രീധരന്‍പിള്ള ആരോപിക്കുന്നത്. പാര്‍ട്ടിയുടെ മനസ്സിലിരിപ്പു നടപ്പില്ല എന്ന കാര്യത്തില്‍ പിള്ളേച്ചന് യാതൊരു സംശയവുമില്ല. എല്ലാം ചേര്‍ത്തുവായിച്ചപ്പോള്‍ കണ്ണനു കാര്യം പിടികിട്ടി; ആര്‍ത്തവത്തോടെ മലകയറി അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മചര്യം തകര്‍ക്കാന്‍ സ്ത്രീകളെ ബിജെപി സമ്മതിക്കുകയില്ല. ശബരിമല കയറി അവിടം അശുദ്ധമാക്കാന്‍ ഏതെങ്കിലും പുരോഗമനവാദി പെണ്ണിന് ഉദ്ദേശ്യമുണ്ടെങ്കില്‍ അതങ്ങു മനസ്സില്‍ വച്ചേച്ചാല്‍ മതി. സത്യം പറഞ്ഞാല്‍ നല്ലൊരു വടിയാണ് ബിജെപിക്ക് വീണുകിട്ടിയിട്ടുള്ളത്. പെണ്ണുങ്ങളെ മലകയറ്റാന്‍ ഇടതു പാര്‍ട്ടികളും തടഞ്ഞുനിര്‍ത്താന്‍ ഹിന്ദുത്വരാഷ്ട്രീയവും ശ്രമിക്കുമ്പോള്‍ കാറ്റിനൊത്തു തൂറ്റിയാല്‍ മതി- പിള്ളേച്ചന് ഇഷ്ടംപോലെ ഹിന്ദുമതവിശ്വാസികളുടെ പിന്തുണ കിട്ടും. കലങ്ങിയ വെള്ളത്തില്‍ തന്നെയുണ്ട് നല്ലോണം മീന്‍; വെള്ളം കലക്കുകകൂടിയായാലോ!
ആര്‍ത്തവകാലത്തും പെണ്ണുങ്ങള്‍ക്ക് അമ്പലത്തില്‍ കയറാമെന്നാണത്രേ പുതിയ സുപ്രിംകോടതി വിധിയുടെ ആന്തരികാര്‍ഥം. അതായത് ശബരിമല പ്രവേശനത്തില്‍ കാര്യങ്ങള്‍ ഒതുങ്ങിനില്‍ക്കുന്നില്ല. ഏതെങ്കിലും സ്ത്രീ അശുദ്ധിയോടെ ക്ഷേത്രദര്‍ശനത്തിനെത്തിയാല്‍ തടയാന്‍ വകുപ്പുണ്ടാവുകയില്ല; തടഞ്ഞാല്‍ അതു കുറ്റം. ഇവിടെയും കണ്ണന് ചില സംശയങ്ങളുണ്ട്. ആര്‍ത്തവകാലത്ത് അടുക്കളയില്‍ കയറാത്ത നിരവധി സ്ത്രീകളുണ്ട് നമ്മുടെ നാട്ടില്‍; കയറാനനുവദിക്കാത്ത ആണുങ്ങളുമുണ്ട്. തീണ്ടാരിയായ പെണ്ണിനോട് അടുക്കളയില്‍ കയറി ചോറും സാമ്പാറുമുണ്ടാക്കരുതെന്നു കല്‍പിക്കുന്ന ആണിനെ അറസ്റ്റ് ചെയ്യാന്‍ പുതിയ വിധിയനുസരിച്ച് വകുപ്പുണ്ടോ ആവോ! മുത്ത്വലാഖ് നടത്തുന്ന ആളെ പിടികൂടി ജയിലിലടയ്ക്കുന്നതുപോലെ തന്നെ ആര്‍ത്തവകാലത്ത് സ്ത്രീകള്‍ക്ക് അടുക്കള വിലക്കുന്ന ആണുങ്ങളെയും ജയിലിലടയ്ക്കണം. അതാണ് തുല്യനീതി. തീണ്ടാരിത്തുണിയുടെ രാഷ്ട്രീയത്തില്‍ മറഞ്ഞുകിടക്കുന്ന നീതിസങ്കല്‍പങ്ങളെക്കുറിച്ചാലോചിച്ച് കോള്‍മയിര്‍കൊണ്ടുപോവുകയാണ് പാവം, പാവം ഈ കോളമെഴുത്തുകാരന്‍!

******

വനിതകളുടെ ശബരിമല പ്രവേശനം മൂലം രാഷ്ട്രീയനേട്ടമുണ്ടാക്കാനാവുമെന്ന കാര്യത്തില്‍ ബിജെപിക്കാര്‍ക്ക് യാതൊരു സംശയവുമില്ല. പക്ഷേ, അതിലും വലിയ ചില നേട്ടങ്ങളെക്കുറിച്ചുള്ള സ്വപ്‌നങ്ങളാണ് ശ്രീധരന്‍പിള്ള മാധ്യമങ്ങളുമായി പങ്കുവയ്ക്കുന്നത്. മറ്റു രാഷ്ട്രീയപ്പാര്‍ട്ടികളില്‍ നിന്ന് ഏതാനും പ്രമുഖ നേതാക്കള്‍ ഉടന്‍ ബിജെപിയില്‍ വരുമത്രേ. പിള്ള ഇതു പറയാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ആദ്യം പറഞ്ഞത് കണ്ണൂരിലെ ഒരു പ്രമുഖ നേതാവ് പാര്‍ട്ടിയില്‍ വരുമെന്നായിരുന്നു. ആളുകള്‍ മണംപിടിച്ചുപിടിച്ച് അതു കെ സുധാകരനാണെന്നു കണ്ടെത്തി. പക്ഷേ, നേരമിരുട്ടിപ്പുലര്‍ന്നപ്പോഴേക്കും സുധാകരന്‍ കെപിസിസിയുടെ വര്‍ക്കിങ് പ്രസിഡന്റായി ഡല്‍ഹിയിലേക്കു വിമാനം കയറി. കോണ്‍ഗ്രസ്സിലിരുന്ന് ബിജെപിക്കു വേണ്ടി 'വര്‍ക്ക് ചെയ്യുമോ' സുധാകരന്‍ എന്നു കണ്ണനറിഞ്ഞുകൂടാ; കോണ്‍ഗ്രസ്സുകാര്‍ക്കറിയാത്തതല്ല ആ പണി എന്നറിയുകയും ചെയ്യാം.
തനിക്കു വേണ്ടി തുറന്നിട്ട വാതിലിലൂടെ സുധാകരന്‍ കടന്നുവന്നിട്ടില്ലെങ്കിലും ശ്രീധരന്‍പിള്ള വര്‍ത്താനം നിര്‍ത്തിയിട്ടില്ല. എല്ലാ ജില്ലകളിലും ഔട്ട്‌ലറ്റുകള്‍ തുറക്കുന്നു എന്നു ചില വാണിജ്യസ്ഥാപനങ്ങള്‍ പരസ്യപ്പെടുത്തുന്നതുപോലെ എല്ലാ ജില്ലകളില്‍ നിന്നും നേതാക്കന്‍മാര്‍ വരുന്നു എന്നാണ് പിള്ളേച്ചന്റെ പ്രസ്താവനകള്‍. പറയുന്നതിന്റെ ഊറ്റവും പറയുന്ന ആളുടെ ശരീരഭാഷയും വച്ചു വിലയിരുത്തിയാല്‍ സംഗതി നേരാണെന്ന് ആരും കരുതിപ്പോവും. മാത്രമല്ല, ഇടത്-വലത് പാര്‍ട്ടികളിലെ ഘടാഘടിയന്‍മാര്‍ തന്നെയാണ് ബിജെപിയിലെത്തുന്നത് എന്നു തോന്നുന്നതരത്തിലുള്ള നടനപാടവത്തോടെയാണ് പിള്ളയുടെ അവതരണം. ഉമ്മന്‍ചാണ്ടിയോ സാക്ഷാല്‍ കുഞ്ഞാലിക്കുട്ടി തന്നെയോ ബിജെപിയില്‍ എത്തുമെന്നു കേട്ടുനില്‍ക്കുന്നവര്‍ക്കു തോന്നിയേക്കാം. പിള്ളമനസ്സില്‍ കള്ളമില്ല എന്നതിനാല്‍ ശ്രീധരന്‍പിള്ള പറയുന്നത് അവിശ്വസിക്കാനും വയ്യ. ഉള്ളില്‍ കള്ളമില്ലാത്ത ആളായതിനാല്‍ ഇത്തരം വര്‍ത്തമാനങ്ങള്‍ മുമ്പും ശ്രീധരന്‍പിള്ള പറഞ്ഞിട്ടുണ്ട്. ചെങ്ങന്നൂരില്‍ കൂള്‍കൂളായി ജയിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പുകാലത്ത് പറഞ്ഞത്. മനസ്സില്‍ കള്ളമില്ലാത്ത പിള്ളയെ ചിലരെങ്കിലും വിശ്വസിച്ചു. ഉള്ളില്‍ കള്ളമില്ലാത്തവര്‍ക്കറിയുമോ സജി ചെറിയാന്റെ തന്ത്രങ്ങളും കോണ്‍ഗ്രസ്സുകാരുടെ ഗ്രൂപ്പുകളികളും? കള്ളമില്ലാത്ത മനസ്സിന്റെ ഉടമ ശശിയായി. അത്രയേയുള്ളു.
ബിജെപിയിലേക്കുള്ള നേതാക്കന്‍മാരുടെ ഒഴുക്കിന്റെ കാര്യത്തിലും ഇതുതന്നെയാണു സ്ഥിതി എന്നാണ് കണ്ണനു തോന്നുന്നത്. ശ്രീധരന്‍പിള്ള ആള്‍ കവിയാണ്; നൂറിലധികം പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. തന്റെ ആദര്‍ശ റിപബ്ലിക്കില്‍ നിന്നു പ്ലാറ്റോ പണ്ടേ പുറത്താക്കിയതാണ് കവികളെ. കവി ഭാവനാശാലിയാണ്, പ്രായോഗിക ജീവിതം എന്തെന്നറിയാത്ത സ്വപ്‌നജീവിയാണ്, മലര്‍പ്പൊടിക്കാരനാണ്. അതിനാല്‍ ശ്രീധരന്‍പിള്ളയുടെ സ്വപ്‌നങ്ങളെ ഒരു കവിയുടെ സ്വപ്‌നങ്ങള്‍ എന്നു കരുതി വിട്ടുകളയുക.

അവശിഷ്ടം: സ്ഥാനാര്‍ഥിനിര്‍ണയം ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ യുഡിഎഫ് വേഗം തീരുമാനമെടുക്കും- രമേശ് ചെന്നിത്തല.
അതേ സ്പീഡില്‍ തന്നെ കോണ്‍ഗ്രസ്സുകാര്‍ ഗ്രൂപ്പുകളി വീണ്ടും തുടങ്ങും, അല്ലേ? ി

RELATED STORIES

Share it
Top