മറ്റു വിദ്യാര്‍ഥി സംഘടനകള്‍ക്കും പ്രവര്‍ത്തിക്കാന്‍ അവസരം നല്‍കണം; എസ്എഫ്‌ഐക്കെതിരേ വിമര്‍ശനവുമായി സിപിഐ

കൊച്ചി/തിരുവനന്തപുരം:  എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകനായ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഭിമന്യു കുത്തേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ എസ്എഫ്‌ഐക്കെതിരേ പരോക്ഷ വിമര്‍ശനവുമായി സിപിഐ ജില്ലാ സെക്രട്ടറി പി രാജു രംഗത്ത്.
ഒരു വിദ്യാര്‍ഥി സംഘടനയ്ക്ക് ശക്തിയുള്ള സ്ഥലത്ത് മറ്റു വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും ജനാധിപത്യപരമായ വിദ്യാര്‍ഥി സംഘടനകള്‍ക്ക് കലാലയങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നും ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പി രാജു ആവശ്യപ്പെട്ടു. ഇത്തരത്തില്‍ അനുവദിക്കാത്തതിന്റെ പരിണിത ഫലമാണ് വര്‍ഗീയ ശക്തികള്‍ പിടിമുറുക്കുന്നത്. ജനാധിപത്യപരമായ വിദ്യാര്‍ഥി സംഘടനകള്‍ക്ക് എറണാകുളം മഹാരാജാസിലും തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജിലുമെല്ലാം പ്രവര്‍ത്തിക്കാനുള്ള സൗകര്യം എല്ലാ വിദ്യാര്‍ഥി സംഘടനകളും ഒരുക്കേണ്ടതുണ്ട്. അങ്ങനെ വന്നാല്‍ മഹാരാജാസ് കോളജില്‍ ഇപ്പോഴുണ്ടായതുപോലുള്ള സംഭവങ്ങള്‍ തടയാന്‍ കഴിയുമെന്നും രാജു പറഞ്ഞു.
ഏതെങ്കിലും ഒരു വിദ്യാര്‍ഥി സംഘടനയ്ക്ക് ശക്തിയുള്ള സ്ഥലത്ത് മറ്റു വിദ്യാര്‍ഥി സംഘടനകളെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ലെന്നു പറയുന്നത് ജനാധിപത്യ വിരുദ്ധമാണ്. അത്തരത്തിലൊരു നിലപാട് ഒരിക്കലും സ്വീകരിക്കാന്‍ പാടില്ല. ഒരു വിദ്യാര്‍ഥി സംഘടനയുടെയും പ്രവര്‍ത്തനം തടസ്സപ്പെടുത്താന്‍ പാടില്ല എന്ന നിലപാടാണ് സിപിഐക്കുള്ളതെന്നും പി രാജു പറഞ്ഞു.
അതേസമയം, എസ്എഫ്‌ഐക്കെതിരേ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു നടത്തിയ പ്രസ്താവന തള്ളി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പ്രസ്താവന അനവസരത്തിലുള്ളതാണെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. കൊലപാതകം നടത്തിയ തീവ്രവാദികള്‍ക്കെതിരേ ജനവികാരം ഉയരുകയാണ്. ഇത്തരമൊരു സാഹചര്യത്തില്‍ ഏതെങ്കിലുമൊരു വിദ്യാര്‍ഥി സംഘടനയുടെ വ്യാകരണപ്പിശക് കണ്ടെത്താനല്ല ശ്രമിക്കേണ്ടത്. പ്രസ്താവന കുറ്റക്കാരെ സഹായിക്കും. പാര്‍ട്ടി നിലപാടില്‍ നിന്നു വ്യത്യസ്തമാണിതെന്നും കാനം പറഞ്ഞു.

RELATED STORIES

Share it
Top