മറിയക്കുട്ടി വധം: സിബിഐ ഉന്നതതല ഉദ്യോഗസ്ഥ സംഘമെത്തി

ചെറുപുഴ: കാക്കേഞ്ചാല്‍ പടത്തടത്തെ കൂട്ടമാക്കല്‍ മറിയക്കുട്ടി(70) കൊല്ലപ്പെട്ട കേസില്‍ സിബിഐ അന്വേഷണം തുടങ്ങി. സിബിഐ തിരുവനന്തപുരം യൂനിറ്റിലെ സിഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. അന്വേഷണ സംഘം തിങ്കളാഴ്ച മറിയക്കുട്ടി താമസിച്ചിരുന്ന വീടും പരിസരവും പരിശോധിച്ചു. ബന്ധുക്കളോടും സമീപവാസികളോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. മുന്‍ അന്വേഷണ സംഘങ്ങള്‍ നടത്തിയ അന്വേഷണ വിവരങ്ങളും മറ്റും സിബിഐ സംഘം വിശദമായി പഠിച്ചെന്നാണു സൂചന.
മണിക്കൂറുകളോളം സംഘം വിശദമായ പരിശോധനകള്‍ നടത്തി. 2012 മാര്‍ച്ച് അഞ്ചിന് രാവിലെയാണ് തനിച്ചു താമസിച്ചിരുന്ന മറിയക്കുട്ടിയെ വീട്ടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ആദ്യം ലോക്കല്‍ പോലിസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷണം നടത്തിയെങ്കിലും കുറ്റവാളികളെ പിടികൂടാനായില്ല.
ഇതിനിടെ പ്രതികളെ ഉടന്‍ പിടികൂടണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് പ്രവര്‍ത്തനം ആരംഭിച്ചിരുന്നു. ക്രൈംബ്രാഞ്ചിനും പ്രതികളെ പിടികൂടാന്‍ കഴിയാതിരുന്നതിനെ തുടര്‍ന്ന് മറിയക്കുട്ടിയുടെ ബന്ധുക്കള്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇക്കഴിഞ്ഞ ഫെബ്രുവരി 26നാണ് കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടത്.

RELATED STORIES

Share it
Top