മറയൂരില്‍ നിന്ന് ഇനിമുതല്‍ പച്ച ആപ്പിളുകളും

മറയൂര്‍: മറയൂര്‍ മലനിരകളിലെ പഴം, പച്ചക്കറി തോട്ടങ്ങളില്‍നിന്നും മറ്റൊരു കാര്‍ഷിക വിസ്മയം കൂടി. ആപ്പിള്‍ എന്ന കേള്‍ക്കുമ്പോള്‍ പൊതുവേ മനസ്സില്‍ ഓടിയെത്തുക ചുവന്നു തുടുത്ത പഴങ്ങളാണ്. എന്നാല്‍, മറയൂര്‍-കാന്തല്ലൂര്‍ റോഡില്‍ വെട്ടുകാട് വാഴയില്‍ വീട്ടില്‍ ഷില്‍ജു സുബ്രഹ്മണ്യം എന്ന യുവ കര്‍ഷകന്റെ തോട്ടത്തിലാണ് ആരെയും ആകര്‍ഷിക്കുന്ന പച്ചനിറത്തിലുള്ള ആപ്പിളുകള്‍ വിളഞ്ഞത്.
ഷില്‍ജുവിന്റെ കൃഷിയിടത്തില്‍ ഇരുപത് ആപ്പിള്‍ മരങ്ങളാണുള്ളത്. ഇവയില്‍ ഒരെണ്ണത്തിലെ പഴങ്ങള്‍ മുഴുവന്‍ പച്ച നിറത്തിലാണ്. നാല് വര്‍ഷം മുമ്പാണ് ഈ യുവ കര്‍ഷകന്‍ ഇരുപത് ആപ്പിള്‍ തൈകള്‍ വാങ്ങി തോട്ടത്തിലെത്തിച്ചത്. കഴിഞ്ഞ വര്‍ഷം മുതല്‍ ഇവയെല്ലാം കായ്ച്ചു തുടങ്ങി. കഴിഞ്ഞ വര്‍ഷവും ഇതേ മരത്തില്‍ പച്ച ആപ്പിള്‍ പഴങ്ങളാണ് ഉണ്ടായത്. എണ്ണം കുറവായതിനാല്‍ കാര്യമായി ശ്രദ്ധിച്ചില്ല. ഈ വര്‍ഷവും ഈ മരത്തില്‍ നാല്‍പതിലധികം പച്ച ആപ്പിള്‍ പഴങ്ങളാണ് ഉണ്ടായത്.
വിളവായിട്ടും കൗതുകമായി മാറിയ ആപ്പിള്‍ ചെടി പ്രത്യേക പരിചരണം നല്‍കി സംരക്ഷിച്ചുപോരുന്നു. ചുവന്ന ആപ്പിള്‍ പഴങ്ങളുടെ അത്ര മധുരം ഇതിനില്ലെന്നും പുളിപ്പ് കലര്‍ന്ന മധുരമുള്ള ആസ്വാദ്യകരമായ രുചിയാണെന്നും ഷില്‍ജു പറയുന്നു. പച്ചനിറത്തില്‍ ആസ്വാദ്യകരമായ രുചി അനുഭപ്പെടുന്ന ആപ്പിളിനെ ഗ്രാനിസ്മിത്ത് എന്ന പേരിലാണ് അറിയപ്പെടുന്നത്.
ചുവന്ന ആപ്പിള്‍ ചെടികളോടൊപ്പം കാന്തല്ലൂരിലെത്തി അനുയോജ്യമായ കാലാവസ്ഥയിലും പരിചരണത്തിലും വിളഞ്ഞു പാകമായതാകാമെന്നാണ് കാര്‍ഷിക വിദഗ്ധര്‍ പറയുന്നത്. ആസ്‌ത്രേലിയായിലെ സൗത്ത് വെയില്‍സില്‍ നിന്നാണ് പച്ച ആപ്പിള്‍ ചെടിയും പഴങ്ങളും കണ്ടെത്തുന്നത്. കുടിയേറിയ മറിയ ആന്‍ സ്മിത്തും ഭര്‍ത്താവ് തോമസുമാണ് ചെടികള്‍ കണ്ടെത്തി കൃഷി ആരംഭിച്ചത്. ഇപ്പോള്‍ ആസ്‌ത്രേലിയയില്‍ വിളയുന്ന ആപ്പിള്‍ പഴങ്ങളില്‍ 45 ശതമാനവും പച്ചനിറത്തിലുള്ള ഗ്രാനിസ്മിത്ത് എന്ന പച്ച ആപ്പിളാണ്.

RELATED STORIES

Share it
Top