മര്‍ദനമേറ്റ വിദ്യാര്‍ഥികള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി

കോഴിക്കോട്: മടപ്പള്ളി ഗവ.കോളജിലെ പെണ്‍കുട്ടികളടക്കമുള്ള വിദ്യാര്‍ത്ഥികളെ തെരുവില്‍ മര്‍ദിച്ച എസ്എഫ്‌ഐ ക്രിമിനലുകളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് മര്‍ദനമേറ്റ വിദ്യാര്‍ത്ഥികള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി.പെണ്‍കുട്ടികളുടെ മൊഴി വനിത പോലീസ് ഉദ്യോഗസ്ഥര്‍ മുഖേനേ രേഖപെടുത്തണമെന്നും വധിക്കാന്‍ ശ്രമിച്ചതിലും അപവാദങ്ങള്‍ പറഞ്ഞു പരത്തിയതിനും മാനഹാനി ഉണ്ടാക്കിയതിനും പ്രതികള്‍ക്കെതിരെ കേസെടുക്കണമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥനെ കൊണ്ട് നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്നും സംഭവത്തിന് ശേഷം ജീവന് ഭീഷണി നേരിടുന്ന തങ്ങള്‍ക്ക് മതിയായ സുരക്ഷ നല്‍കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടു.
വിദ്യാര്‍ഥികളായ സല്‍വ അബ്ദുല്‍ ഖാദര്‍, ആദില്‍, രക്ഷിതാക്കള്‍ എന്നിവരാണ് ഫ്രറ്റേണിറ്റി സംസ്ഥാന സെക്രട്ടറി കെ എസ് നിസാര്‍, ജില്ല പ്രസിഡന്റ് നഈം ഗഫൂര്‍, ജില്ലാ സെക്രട്ടറിയേറ്റ് അംഗം മുസ്‌ലിഹ് പെരിങ്ങൊളം, വെല്‍ഫെയര്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറി എഫ് എം അബദുല്ല എന്നിവര്‍ക്കൊപ്പം എസ്പിയെ കണ്ട് പരാതി നല്‍കിയത്. നിരന്തരമായി ജീവന് ഭീഷണിയാകുന്ന തരത്തില്‍ കോളജിലെ എസ്എഫ്‌ഐ നേതാക്കളും യൂണിയന്‍ ഭാരവാഹികളും തങ്ങളുടെ മക്കള്‍ക്കെതിരെ തുടരുന്ന അതിക്രമത്തിനും വധശ്രമത്തിനുമെതിരെ ന്യായമായ നടപടികള്‍ കൈക്കൊള്ളമെന്നാവശ്യപ്പെട്ട് വിദ്യാര്‍ഥികളുടെ രക്ഷിതാക്കള്‍ പ്രിന്‍സിപ്പലിന് പരാതി നല്‍കുകയും ചെയ്തു.

RELATED STORIES

Share it
Top