മര്‍കസ് സമ്മേളനത്തില്‍ മുസ്്‌ലിം ലീഗ് നേതാക്കള്‍ പുറത്ത്

ആബിദ്

കോഴിക്കോട്: മര്‍കസ് റൂബി ജൂബിലി സമ്മേളനത്തില്‍ മുസ്്‌ലിംലീഗ് നേതാക്കള്‍ പുറത്ത്. നാല് മുതല്‍ ഏഴ് വരെ കാരന്തൂരില്‍ നടക്കുന്ന സമ്മേളനത്തിന്റെ കാര്യപരിപാടി നോട്ടീസില്‍ ഒരു സെഷനില്‍ പോലും ലീഗ് നേതാക്കളുടെ പേരില്ല. അതേസമയം, മുജാഹിദ് സഹയാത്രികനായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. കെ മുഹമ്മദ് ബഷീര്‍ നോട്ടീസില്‍ ഇടം നേടിയിട്ടുമുണ്ട്. 6ന് വിദ്യാഭ്യാസ സമ്മേളനത്തിലെ മുഖ്യാതിഥിയാണ് വിസി. നോട്ടീസില്‍ ലീഗ് നേതാക്കളുടെ പേരില്ലാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് വരുമെന്ന് ഉറപ്പുള്ളവരുടെ പേര്‍ മാത്രമേ നോട്ടീസില്‍ നല്‍കിയിട്ടുള്ളൂവെന്നായിരുന്നു കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാരുടെ പ്രതികരണം. ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നു. വരുമെന്നോ വരില്ലെന്നോ പറഞ്ഞിട്ടില്ല. വരണോ വരണ്ടയോ എന്ന് അവര്‍ ആലോചിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനത്തില്‍ മുസ്്‌ലിം യൂത്ത്‌ലീഗ് സംസ്ഥാന പ്രസിഡന്റ് മുനവ്വറലി ശിഹാബ് തങ്ങളും വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ റഷീദലി തങ്ങളും പങ്കെടുത്തത് വിവാദമായ പശ്ചാത്തലത്തിലാണ് മര്‍കസ് സമ്മേളനം. മര്‍കസിന്റെ പുതിയ സംരംഭമായ നോളജ് സിറ്റിയുടെ തറക്കല്ലിടല്‍ ചടങ്ങില്‍ 2013 ജൂണ്‍ 30ന് ലീഗ് നേതാക്കള്‍ കൂട്ടത്തോടെ പങ്കെടുത്തത് വിവാദമായിരുന്നു. മര്‍കസ് സമ്മേളനങ്ങളില്‍ ഇ അഹമ്മദ്, ഇ ടി മുഹമ്മദ് ബഷീറും  പങ്കെടുക്കാറുണ്ടായിരുന്നു. എന്നാല്‍, 2016 മെയ് 16ന് നടന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മണ്ണാര്‍ക്കാട്ടെ ലീഗ് സ്ഥാനാര്‍ഥി എന്‍ ഷംസുദ്ദീനെ തോല്‍പിക്കാന്‍ എ പി വിഭാഗം ശ്രമിച്ചത് ഈ അനുരഞ്ജന നീക്കങ്ങള്‍ക്ക് തിരിച്ചടിയായി. ശഅ്‌റേ മുബാറക് പള്ളിക്ക് പാണക്കാട് ഹൈദരലി തങ്ങള്‍ സംഭാവന നല്‍കിയതുമായി ബന്ധപ്പെട്ട വിവാദം  അകലം വര്‍ധിപ്പിച്ചു. തീവ്രവാദ- ഭീകരവാദ ബന്ധമില്ലാത്ത ഏത് സംഘടന പരിപാടിക്ക് ക്ഷണിച്ചാലും ലീഗ് പങ്കെടുക്കുമെന്ന് കഴിഞ്ഞദിവസം മുനവ്വറലി ശിഹാബ് തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ലീഗ് കോഴിക്കോട്ട് സംഘടിപ്പിച്ച റോഹിന്‍ഗ്യന്‍ ഐക്യദാര്‍ഢ്യ സമ്മേളനത്തില്‍ എ പി വിഭാഗം പ്രതിനിധിയായി പ്രഫ. എ പി അബ്ദുല്‍ ഹമീദ് പങ്കെടുത്തിരുന്നു. എന്നാല്‍, ലീഗ് വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നവരുടെ സംഘടനാ സമ്മേളനങ്ങളില്‍ പങ്കെടുക്കേണ്ടതില്ലെന്നാണ് ലീഗിന്റെ ഇതുവരെയുള്ള നിലപാടെന്നും അതില്‍ മാറ്റം വരുത്തിയിട്ടില്ലെന്നും മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി എം സി മായിന്‍ ഹാജി പറഞ്ഞു. ദേശീയോദ്ഗ്രഥന സമ്മേളനത്തില്‍ ബിജെപിക്കെതിരായ ഐക്യനിരയെക്കുറിച്ച് ആലോചിക്കുമോ എന്ന ചോദ്യത്തിന്  ദേശീയോദ്ഗ്രഥനത്തിന് ബിജെപിക്കെതിരേ എന്നൊരര്‍ഥം കേട്ടിട്ടില്ലെന്നായിരുന്നു കാന്തപുരത്തിന്റെ മറുപടി. പരിപാടി ഒരു രാഷ്ട്രീയപ്പാര്‍ട്ടിക്ക് എതിരും അനുകൂലവും ആവുന്നതിനെക്കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല.

RELATED STORIES

Share it
Top