മര്‍കസ് വിദ്യാര്‍ഥി സമരം : പ്രവേശനം നടത്തിയത് അംഗീകൃത കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ച്‌കോഴിക്കോട്: കുന്ദമംഗലം കാരന്തൂരിലുള്ള മര്‍ക്കസ് സഖാഫത്തി ടെക്‌നോളജി സുന്നിയ്യ സ്ഥാപനത്തിന് കീഴിലുള്ള മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജി എന്ന സ്ഥാപനത്തില്‍ ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ് കോഴ്‌സിന് പ്രവേശനം നടത്തിയത് അംഗീകൃത കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ചെന്ന് വിദ്യാര്‍ഥികള്‍. കോഴിക്കോട് സിറ്റി പോലിസ് കമ്മീഷണര്‍ക്ക് മലപ്പുറം സ്വദേശി മുഹമ്മദ് നസീബ് നല്‍കിയ പരാതിയിലാണ് അംഗീകൃത കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിച്ചതായി പറയുന്നത്. മര്‍ക്കസ് സഖാഫത്തി സുന്നിയ്യ കാരന്തൂര്‍ കുന്ദമംഗലം, മര്‍ക്കസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍ജിനീയറിങ് ടെക്‌നോളജി, മാനേജിങ് ട്രസ്റ്റി കാന്തപുരം എ പി അബൂബക്കര്‍ മുസ്്‌ല്യാര്‍, പ്രിന്‍സിപ്പല്‍ സായി കുമാര്‍, മര്‍ക്കസ് സഖാഫത്തി ടെക്‌നോളജി സുന്നിയ ഭരണ സമിതിയംഗങ്ങളടക്കം 16 പേര്‍ക്കെതിരെയാണ് പരാതി.ഓള്‍ ഇന്ത്യ കൗണ്‍സില്‍ ഫോര്‍ ടെക്‌നിക്കല്‍ എജ്യുക്കേഷന്‍, എല്ലാ സംസ്ഥാനങ്ങളുടെയും പിഎസ് സി, യുപിഎസ് സി, എംഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ ബോര്‍ഡ് നോര്‍ക്ക തുടങ്ങിയ സര്‍ക്കാര്‍ ഏജന്‍സികള്‍ അംഗീകരിച്ച കോഴ്‌സാണെന്ന് തെറ്റിദ്ധരിപ്പിക്കുകയും തെളിവായി 2007-2008ലെ നോട്ടിഫിക്കേഷന്റെ ഫോട്ടോകോപ്പിയും കാണിച്ചിരുന്നു. 450ഓളം വിദ്യാര്‍ഥികളാണ് മൂന്നുവര്‍ഷം സ്ഥാപനത്തില്‍ പഠിച്ചത്. 2012-13,2015-16 കാലയളവില്‍ സിവില്‍ എന്‍ജിനീയറിങ്, ആര്‍ക്കിടെക്ച്ചര്‍ എന്‍ജിനീയറിങ്, ഓട്ടോ മൊബൈല്‍ എന്‍ജിനീയറിങ് എന്നീ മൂന്ന് ശാഖകളിലേക്കും 2013-14 മുതല്‍ 2015-16 കാലയളവില്‍ സിവില്‍ എന്‍ജിനീയറിങ്ങിനും ഓട്ടോമൊബൈല്‍ എന്‍ജിനീയറിങ്ങിനും കുട്ടികളെ ചേര്‍ത്തിരുന്നു. ഈ കോഴ്‌സുകള്‍ക്കും അംഗീകാരമില്ലെന്നാണ് അറിയുന്നത്. മുഹമ്മദ് നസീബ് ജോലി ആവശ്യാര്‍ഥം മഹീന്ദ്ര കമ്പനിയില്‍ ജോലിക്കായി കോഴ്‌സ് കംപ്ലീറ്റഡ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയപ്പോഴാണ് കോഴ്‌സിന് അംഗീകാരമില്ലെന്ന് അറിയുന്നത്. അസ്സല്‍ സര്‍ട്ടിഫിക്കറ്റിന് കോളജിനെ സമീപിച്ചപ്പോള്‍ സര്‍ട്ടിഫിക്കറ്റ് തരാത തടഞ്ഞു വച്ചു. ചില വിദ്യാര്‍ഥികള്‍ക്ക് ആദ്യം വിതരണം ചെയ്ത സര്‍ട്ടിഫിക്കറ്റ് കോളജ് അധികൃതര്‍ തിരിച്ച് വാങ്ങി സീല്‍ മാറ്റി മറ്റൊരു സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്യുകയും ഉണ്ടായി. ഉപരി പഠനത്തിനും ജോലിയുടെ ആവശ്യാര്‍ഥവും പോയ പലരുടെയും സര്‍ട്ടിഫിക്കറ്റുകള്‍ അംഗീകാരമില്ലാത്തതിനാല്‍ തള്ളി. ഇതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികള്‍ ഒന്നിച്ചും അല്ലാതെയും കഴിഞ്ഞ രണ്ട് മാസത്തോളമായി സ്ഥാപനവുമായി ചര്‍ച്ച നടത്തിയിരുന്നു. കഴിഞ്ഞ മാര്‍ച്ച് 29നും ഏപ്രില്‍ 22നും കരാര്‍ എഴുതി തയ്യാറാക്കുകയും ചെയ്തിരുന്നു. മാര്‍ച്ചില്‍ നടത്തിയ ചര്‍ച്ച പ്രകാരം കോഴ്‌സിന് എല്ലാ അംഗീകാരവും വാങ്ങിത്തരുമെന്നു വിദ്യാര്‍ഥികളോട് പറഞ്ഞിരുന്നു. എന്നാല്‍, ഏപ്രില്‍ നടത്തിയ ചര്‍ച്ചയില്‍ കോഴ്‌സിന് നിയമസാധുതില്ലെന്ന് അംഗീകരിക്കുകയും നഷ്ടപരിഹാരം തരാന്‍ തയ്യാറാണെന്ന് കാണിച്ച് കരാറിലേര്‍പ്പെടുകയും ചെയ്തു. തുടര്‍ ചര്‍ച്ചയ്ക്കായി മെയ് ഒമ്പതിന് തിയ്യതി നിശ്ചയിച്ചതാണ്. എന്നാല്‍, ചര്‍ച്ചയ്ക്ക് സമീപിച്ചപ്പോള്‍ മാനേജ്‌മെന്റ് സഹകരിച്ചില്ല. ഇതേ തുടര്‍ന്നാണ് വിദ്യാര്‍ഥികള്‍ കോളജിന് മുമ്പില്‍ സമരം നടത്തിയത്. വിഷയത്തില്‍ കലക്ടര്‍ ഇടപെട്ടതിനെ തുടര്‍ന്ന് നിരാഹാര സമരം അവസാനിപ്പിച്ചു. സത്യഗ്രഹം ഇപ്പോഴും തുടരുന്നു. ഈമാസം 23ന് ഒരു ചര്‍ച്ച കൂടി കലക്ടറുടെ സാന്നിധ്യത്തില്‍ വച്ചിട്ടുണ്ട്. കോഴ്‌സിന് അംഗീകാരം ലഭിക്കുമോ എന്നതില്‍ ടെക്‌നിക്കല്‍ ബോര്‍ഡിന്റെ റിപോര്‍ട്ട് 23ന് ചര്‍ച്ചയില്‍ സമര്‍പ്പിക്കും. കോഴ്‌സിന് അംഗീകാരം ലഭിച്ചില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം നല്‍കേണ്ടതാണ്. അല്ലാത്ത പക്ഷം കോടതിയെ സമീപിക്കുമെന്നും ശക്തമായ സമര പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോവുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു. വിദ്യാര്‍ഥികള്‍ക്ക് അഞ്ച് വര്‍ഷമാണ് നഷ്ടമായത്. രണ്ട് മുതല്‍ മൂന്നുലക്ഷം രൂപ വരെ വിദ്യാര്‍ഥികള്‍ക്ക് പഠനത്തിന് ചെലവായിട്ടുണ്ട്. സമരത്തിന് സര്‍വകക്ഷി പിന്തുണയും ലഭിക്കുന്നുണ്ട്. സമരത്തില്‍ പങ്കെടുക്കുന്ന വിദ്യാര്‍ഥികളെ വാട്‌സ്അപ്പ് മെസേജ് വഴിയും ഫോണ്‍ വിളിച്ചും ഭീഷണിപ്പെടുത്തുന്നതായും പറയുന്നു. ഇതു സംബന്ധിച്ചും കമ്മീഷണര്‍ക്ക് തെളിവടക്കം പരാതി നല്‍കുമെന്ന് വിദ്യാര്‍ഥികള്‍ പറഞ്ഞു.വാര്‍ത്താസമ്മേളനത്തില്‍ സംയുക്തസമരസമിതി ചെയര്‍മാന്‍ പൊന്‍മുടി വിശ്വനാഥന്‍, പി പി ജുനൈഥ്, പി നൗഫല്‍ അലി, ജാഷിര്‍, രക്ഷിതാക്കളായ സജില, അബ്ദുല്‍ ജബ്ബാര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top