മരുഭൂമിയായി മാറി കിഴക്കന്‍ മേഖല

അബ്ദുല്‍ ഹക്കീം കല്‍മണ്ഡപം

കഞ്ചിക്കോട്: സംസ്ഥാനത്ത് പ്രതിവര്‍ഷം താപനില ഉയരുന്നതിന്റെ ഭാഗമായി പാലക്കാട് ജില്ലയിലെ കിഴക്കന്‍ മേഖലകള്‍ മരുഭൂമിയായി മാറിക്കൊണ്ടിരിക്കുകയാണ്.
താപനില ഉയരുന്നതും മഴയുടെ ദൗര്‍ലഭ്യവും മൂലം ജില്ലയില്‍ ഭൂഗര്‍ഭ ജലനിരപ്പ് കുറഞ്ഞുവരുമ്പോഴും ജലാശയങ്ങളുടെ പുനര്‍നിറക്കലിന് വഴിയില്ലാത്തതാണ് ജില്ലയെ മരുഭൂമിയാക്കുന്നത്. ഭൂഗര്‍ഭജലവകുപ്പിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ജില്ലയില്‍ നാലുമീറ്ററോളമാണ് ഭൂഗര്‍ഭജലനിരപ്പു താഴ്ന്നിട്ടുള്ളതെന്നത് ആശങ്കാജനകമാണ്. എന്നാല്‍ കേന്ദ്ര ഭൂജലവകുപ്പിന്റെ കണക്കില്‍ 5 മീറ്ററായി താഴ്ന്നതായും പറയുമ്പോള്‍ പാലക്കാട് ജില്ല മരുഭൂമിയാവാന്‍ അധികനാള്‍ വേണ്ടിവരില്ല. ജില്ലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവു വര്‍ധിക്കുന്നതു സംബന്ധിച്ച് കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താത്തതാണ് ഇതിനു കാരണമാവുന്നത്. ജില്ലയില്‍ നിര്‍മിച്ചിട്ടുള്ള കുഴല്‍ക്കിണറുകളുടെ എണ്ണംപോലും അധികൃതര്‍ അറിയില്ലെന്നു മാത്രമല്ല അനധികൃത കുഴല്‍ക്കിണറുകളുടെ നിര്‍മാണത്തെപ്പറ്റിയും ഭരണകൂടം മുഖം തിരിക്കുകയാണ്. പഞ്ചായത്തുകള്‍ ഭൂജലവകുപ്പുകള്‍ ജലഅതോറിറ്റി തുടങ്ങിയവയുടെ നേതൃത്വത്തില്‍ ഇതുവരെ കുടിവെള്ള പദ്ധതികള്‍ക്കായി ആകെ 3368 കുഴല്‍ക്കിണറുകളാണ് കുഴിച്ചിട്ടുള്ളതെന്നാണ് കണക്കുകള്‍. ഇതിനു പുറമെ മൈക്രോ സപ്ലൈസ്‌കീമില്‍ 1702 കുഴല്‍ കിണറുകളുള്ളതില്‍ 1497 എണ്ണമാണിപ്പോള്‍ പ്രവര്‍ത്തിക്കുന്നതെന്നിരിക്കെ ബാക്കിയെല്ലാം ഉപയോഗശൂന്യമാണ്.
2010ല്‍ സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദ്ദേശത്തിലെ കണക്കുപ്രകാരം 1500 മുതല്‍ 1800 വരെയായിരുന്നു കുഴല്‍ക്കിണറുകളെന്നിരിക്കെ ഇപ്പോള്‍ ഇതിന്റെ എണ്ണം ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. പൊതുസ്ഥലങ്ങളിലെ കുടിവെള്ള പദ്ധതിക്കായി മാത്രം 3000 ത്തോളം കുഴല്‍ക്കിണറുകള്‍ നിര്‍മിച്ചിട്ടുണ്ട്. വ്യവസായിക മേഖല നിലനില്‍ക്കുന്ന പുതുശ്ശേരി പഞ്ചായത്തിന്റെ 123 കിലോമീറ്റര്‍ ചുറ്റളവില്‍ മാത്രം പഞ്ചായത്തിന്റെ 45 ഓളം കുഴല്‍ക്കിണറുകളാണുള്ളത് വ്യവസായ മേഖലയില്‍ അനുദിനം വ്യവസായ സ്ഥാപനങ്ങളും കുടിവെള്ളക്കമ്പനികളുമൊക്കെ പെരുകുന്നതു മേഖലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവു കുറച്ചുകൊണ്ടിരിക്കുകയാണ്.
കിണറുകളിലും കുഴല്‍ക്കിണറുകളിലും ജലാശയങ്ങളിലും വെള്ളമില്ലാതായതോടെ ജനവാസ മേഖലകളില്‍ കുടിവെള്ളം കിട്ടാക്കനിയായി മാറിയിരിക്കുകയാണ്. കഞ്ചിക്കോട്, വാളയാര്‍, ചിറ്റൂര്‍, കൊഴിഞ്ഞാമ്പാറ എന്നിവിടങ്ങളിലെല്ലാം കഴിഞ്ഞ കുറെവര്‍ഷങ്ങളായി ജലക്ഷാമം രൂക്ഷമായിരിക്കുകയാണ്. കുഴല്‍കിണറുകള്‍ കുഴിച്ചിട്ടും വെള്ളം ലഭിക്കാത്ത സ്ഥിതിയായതോടെ ദൈനംദിന ചെലവുകള്‍ ടാങ്കര്‍ വെള്ളത്തെ ആശ്രയിക്കുന്ന സ്ഥിതിയാണ് . ഈ സ്ഥിതി തുടര്‍ന്നുപോയാല്‍ അടുത്ത പത്തുവര്‍ഷത്തിനകം പാലക്കാട് ജില്ല മരുഭൂമിയായി മാറുമെന്നതില്‍ സംശയമില്ല.

RELATED STORIES

Share it
Top