മരുന്നുവിതരണത്തില്‍ ഔഷധിയുടെ അനാസ്ഥ; രോഗികള്‍ക്ക് ദുരിതം

ഇരിക്കൂര്‍: കാലവര്‍ഷം ശക്തിപ്പെട്ടുകയും മഴക്കാല ചികില്‍സ വര്‍ധിക്കുകയും ചെയ്തിട്ടും ആയുര്‍വേദ ഡിസ്‌പെന്‍സറികളിലേക്കുള്ള മരുന്നുകള്‍ വിതരണം ചെയ്യുന്നതില്‍ സര്‍ക്കാര്‍ സ്ഥാപനമായ ഔഷധി കാണിക്കുന്ന അനാസ്ഥ കാരണം രോഗികള്‍ മടങ്ങുന്നു.
മരുന്നുകള്‍ക്ക് ആവശ്യമായ ലക്ഷങ്ങള്‍ ഓരോ ഗ്രാമപഞ്ചായത്തുകളും മുന്‍കൂട്ടി 2017 നവമ്പര്‍ മാസത്തില്‍ തന്നെ ഔഷധി കമ്പനിക്ക് ചെക്ക് മുഖേന അടച്ചിരുന്നു. എന്നാല്‍ എട്ടുമാസം കഴിഞ്ഞിട്ടും ആയുര്‍വേദ ആശുപത്രികളില്‍ മരുന്ന് എത്തിയിട്ടില്ലെന്ന് ആശുപത്രി അധികൃതരും ഗ്രാമപ്പഞ്ചായത്ത്, നഗരസഭ അധികതരും പരാതിപ്പെടുന്നു.
കാലവര്‍ഷം തുടങ്ങിയതോടെ പഞ്ചായത്ത് ആരോഗ്യ വകുപ്പിന്റെ കീഴില്‍ മിക്ക പഞ്ചായത്തുകളിലും ആയുര്‍വേദ മെഡിക്കല്‍ ക്യാംപുകളും രോഗപ്രതിരോധ ക്യാംപുകളും നടത്തി വരുന്നതിനിടെയാണ് രോഗികള്‍ക്ക് ആവശ്യത്തിന് മരുന്നുകള്‍ നല്‍കാനാവാതെ തദ്ദേശ സ്ഥാപന അധികൃതരും ആയുര്‍വേദ ആശുപത്രിയിലെ ഉദ്യോഗസ്ഥരും ബുദ്ധിമുട്ടുന്നത്. ആയുര്‍വേദ ആശുപത്രികളിലേക്ക് കഷായം, അരിഷ്ടം, തൈലം, ലേഹ്യം, ഗുളിക, ചൂര്‍ണം എന്നിവ വിതരണം ചെയ്യുന്നത് ഔഷധിയാണ്. രോഗങ്ങള്‍ ഏറ്റവും കൂടുതല്‍ പടരുന്നതും മരുന്ന് ഏറ്റവും കൂടുതല്‍ ആവശ്യമുള്ളതുമായ മഴക്കാലത്ത് പോലും മരുന്നുവിതരണം ചെയ്യാത്തത് രോഗികള്‍ക്ക് ദുരിതം വര്‍ധിപ്പിക്കുകയാണ്.
പണമടച്ച് എട്ടുമാസം കഴിഞ്ഞിട്ടും മരുന്ന് വിതരണം ചെയ്യാത്ത ഔഷധിയുടെ നടപടിയില്‍ പഞ്ചായത്ത്, നഗരസഭ അധികൃതരും ആശുപത്രി അധികൃതരും മേലധികാരികള്‍ക്കു പരാതിയും നല്‍കിയിട്ടുണ്ട്.

RELATED STORIES

Share it
Top