മരുന്നില്ല; രോഗികളെ പിഴിഞ്ഞ് സ്വകാര്യ ലാബുകളും

കെ മുഹമ്മദ്  റാഫി

സംസ്ഥാനത്ത് മാസങ്ങ ള്‍ക്ക് മുമ്പ് നിരവധി മരണങ്ങള്‍ക്കിടയാക്കിയ പനിക്കാലം. സ്വകാര്യ ലാബുകള്‍ക്കൊപ്പം ഡോക്ടര്‍മാരും പണം വാരിയ ചാകരക്കാലമായിരുന്നു അത്.  ജില്ലാ ആശുപത്രിയില്‍ ലാബുകള്‍ ഉണ്ടൈങ്കിലും ശരിയായ റിസള്‍ട്ട് കിട്ടണമെങ്കില്‍ രോഗി ഡോക്ടര്‍ നിര്‍ദ്ദേശിക്കുന്ന ലാബില്‍ തന്നെ പോകണം. നെടുമങ്ങാട് ജില്ലാ ആശുപത്രിയില്‍ രോഗികളെ കൊള്ളയടിക്കുന്ന പ്രധാന പരിപാടികളില്‍ ഒന്നാണിത്. ആശുപത്രിയില്‍ രാജീവ് ഗാന്ധി ബയോടെക്‌നോളജി സെന്റര്‍ ലാബ്, ഹിന്ദ്‌ലാബ്, ആശുപത്രി വക ലാബ് എന്നിവയടക്കം മൂന്ന് പരിശോധനാ കേന്ദ്രങ്ങളാണുള്ളത്. ദിവസേന വിവിധ രോഗങ്ങളുമായി ആശുപത്രിയില്‍ ചികില്‍സ തേടിയെത്തുന്ന രോഗികള്‍ക്ക് അന്ന് തന്നെ പരിശോധനഫലം ഡോക്ടറെ കാണിക്കണമെങ്കിലും സ്വകാര്യ ലാബുകളാണ് ആശ്രയം. പരിശോധനാഫലം ലഭിക്കാന്‍ വൈകും, ഫലം കൃത്യമാവും തുടങ്ങിയ ആശുപത്രിക്കകത്തുള്ളവരുടെ പ്രചരണവുമൊക്കെ സ്വകാര്യ ലാബുകാരും ആശുപത്രിയിലെ ചില ഡോക്ടര്‍മാരും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ബാക്കിപത്രമാണെന്നാണ് ആരോപണം. എംആര്‍ഐ, സിടി സ്‌കാന്‍ പോലുള്ളവയ്ക്ക് സ്വകാര്യ ലാബുകള്‍ രോഗികളില്‍ നിന്നും ഈടാക്കുന്നത് വലിയ തുകയാണ്. തിരുവനന്തപുരം എസ്എടി ആശുപത്രി ഹിന്ദ്‌ലാബില്‍ 3,000 രൂപയാണ് സിടി സ്‌കാനിന് ഈടാക്കുന്നതെങ്കില്‍ നെടുമങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപത്തെ സ്വകാര്യ ലാബുകള്‍ ഈടാക്കുന്നത് 7,000 മുതല്‍ 8,000 രൂപവരെയാണ്. ഇതില്‍ ശരാശരി 40 മുതല്‍ 50 ശതമാനം വരെ ലാബുകളില്‍ രോഗികളെ അയക്കുന്ന ഡോക്ടര്‍മാര്‍ക്കുള്ളതാണെന്നാണ് ചില ലാബ് നടത്തിപ്പുകാര്‍ പറഞ്ഞത്. ഗര്‍ഭിണികള്‍ക്കും ഉദരസംബന്ധമായ രോഗങ്ങള്‍ ബാധിച്ച് ചികില്‍സ തേടിയെത്തുന്ന സ്ത്രീകള്‍ക്കും ചെയ്യുന്ന അള്‍ ട്രാ സൗണ്ട് സ്‌കാന്‍ ജില്ലാ ആശുപത്രിയില്‍ ഇപ്പോഴും അന്യമാണ്. 22 ലക്ഷം രൂപ വിലവരുന്ന പരിശോധന നടത്തേണ്ടുന്ന യന്ത്രം 15 വര്‍ഷമായി പൊടിപിടിച്ച് കിടക്കുന്ന അവസ്ഥയാണ്. മറ്റ് സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യമായി ചെയ്യുന്ന അള്‍ട്രാസൗണ്ട് സ്‌കാനിങ് സ്വകാര്യ പരിശോധനാ കേന്ദ്രങ്ങളില്‍ ഈടാക്കുന്നത് 600 മുതല്‍ 850 രൂപവരെയാണ്. രോഗികളെ സ്വകാര്യ ലാബുകളില്‍ പരിശോധനയ്ക്കായി അയക്കുന്ന ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്ക് പ്രത്യേകം കോഡുകളുണ്ടെന്നുള്ളതാണ് വസ്തുത. ആശുപത്രിയിലെ മരുന്ന് വിതരണവും കുത്തഴിഞ്ഞ നിലയിലാണ്. രോഗികള്‍ക്ക് നല്‍കേണ്ട അത്യാവശ്യമരുന്നുക ള്‍ പോലുമില്ല. പട്ടികടിയേറ്റ് വരുന്നവര്‍ക്കുള്ള കുത്തിവയ്പ്പിനുവരെ മരുന്നില്ലാത്തതിനാ ല്‍ പുറത്തു നിന്നും മരുന്ന് വാങ്ങി നല്‍കേണ്ട അവസ്ഥയാ ണ്. ഏത് രോഗത്തിനും എപ്പോഴും ആകെയുള്ളത് പാരസെറ്റാമോള്‍ മാത്രം. അവശ്യ മരുന്നുകള്‍കൂടി പുറത്തുനിന്നും വാങ്ങേണ്ടിവരുന്നതോടെ ചികി ല്‍സ തേടി ജില്ലാ ആശുപത്രിയിലെത്തുന്ന നിര്‍ധനരായ രോഗികള്‍ തീരാ ദുരിതത്തിലാവുകയാണ്.(നാളെ: ഫ്രീസറിലായ രക്തബാങ്ക്. കട്ടപ്പുറത്തായ മൊബൈല്‍ ഡയാലിസിസ് യൂനിറ്റ്)

RELATED STORIES

Share it
Top