മരിച്ചവരുടെ ബന്ധുക്കളെത്തി മൃതദേഹം സംസ്‌കരിച്ചു

മണ്ണാര്‍ക്കാട്: കുന്തിപ്പുഴയിലെ മൈതാനിയില്‍ ഉറങ്ങുന്നതിനിടെ സ്വകാര്യ ബസ് കയറി മരിച്ച ചത്തീസ്ഗഡ് സ്വദേശികളുടെ മൃതദേഹങ്ങള്‍ പാലക്കാട്ട് സംസ്‌ക്കരിച്ചു. ചത്തീസ്ഗഡ് സ്വദേശികളായ ഗസുരേഷ് ഗൗഡ (15), ബല്ലിഷോരി (18) എന്നിവരുടെ മൃതദേഹങ്ങളാണ് ഇന്നലെ വൈകിട്ടോടെ കഞ്ചിക്കോട് വൈദ്യുതി ശ്മശാനത്തില്‍ സംസ്‌ക്കരിച്ചത്. ബല്ലിഷോരിയുടെ പിതാവ് ധനിറാം ഷോരി, സുരേഷ് ഘോഡയുടെ സഹോദരന്‍ സുര്‍ജിലാല്‍ ഘോഡ,  എന്നിവര്‍ ഇന്നലെയാണ് മണ്ണാര്‍ക്കാട്ടെത്തിയത്.
പോലിസിലും ലേബര്‍ ഓഫിസിലും താലൂക്ക് ഓഫിസിലുമുള്ള നടപടികള്‍ പൂര്‍ത്തിയാക്കി  ഉച്ചയ്ക്കു ശേഷം മൂന്നരയോടെ ഇവര്‍ മൃതദേഹങ്ങള്‍ ഏറ്റുവാങ്ങി. മൃതദേഹങ്ങള്‍ കണ്ട ഇരവുവരും നെഞ്ചുപൊട്ടി കരഞ്ഞു. സഹോദരന്റെ മൃതദേഹത്തിനു മുന്നില്‍ സുര്‍ജിലാല്‍ ഘോഡ തളര്‍ന്നുവീണു. നാട്ടില്‍ എത്തി മറ്റു ചടങ്ങുകള്‍ നടത്താനായി മൃതദേഹത്തില്‍ നിന്നും മുടി ബന്ധുക്കള്‍ ആവശ്യപ്പെട്ടു.
തൊഴില്‍ കമ്പനി പ്രതിനിധികള്‍ ഇവരെ സഹായിച്ചു. ഇതിനിടെ  മരിച്ചവരുടെ ബന്ധുക്കളില്‍ നിന്ന് വിവരം ആരായുന്ന മാധ്യമ പ്രവര്‍ത്തകരോട് മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്തംഗം അവറ തട്ടിക്കയറി. മരിച്ചവരുടെ ബന്ധുക്കളുടെ ദൃശ്യം പകര്‍ത്തരുതെന്ന് ആവശ്യപ്പെട്ടായിരുന്നു തട്ടിക്കയറിയത്. അപകടത്തില്‍ മരിച്ച സുരേഷ് ഗൗഡയുടെ അമ്മയും അച്ഛനും ജീവിച്ചിരിപ്പില്ല. സുര്‍ജിലാലിനൊപ്പമാണ് സുരേഷ് കഴിയുന്നത്.
ഒരു സഹോദരിയും ഇവര്‍ക്കൊപ്പമാണ്. ജോലിക്കാണെന്ന് പറയാതെയാണ് സുഹൃത്തുക്കള്‍ക്കൊപ്പം സുരേഷ് ഇവിടെ എത്തിയതെന്ന് സഹോദരന്‍ പറഞ്ഞു. ഏക മകന്‍ ബെല്ലിഷോരിയുടെ മരണം വിശ്വസിക്കാനാവാത്ത സ്ഥിതിയിലായിരുന്നു പിതാവ് ധനിറാം ഷോരി. ബല്ലിഷോരിയെ കൂടാതെ ഒരു മകള്‍ കൂടിയുണ്ട്.

RELATED STORIES

Share it
Top