മരിച്ചവരുടെ പൗരാവകാശങ്ങള്‍

ഇസ്‌ലാംമതം സ്വീകരിച്ച് നജ്മല്‍ ബാബുവായ ടി എന്‍ ജോയി, തന്നെ കൊടുങ്ങല്ലൂര്‍ ചേരമാന്‍ മസ്ജിദില്‍ ഖബറടക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. പള്ളിയധികൃതര്‍ക്ക് അദ്ദേഹം കത്തെഴുതുകയും ചെയ്തു. പക്ഷേ, അദ്ദേഹത്തിന്റെ ശവസംസ്‌കാരം വീട്ടുവളപ്പിലാണു നടന്നത്. ബന്ധുക്കളുടെ നിര്‍ബന്ധപ്രകാരമാണ് അധികൃതര്‍ അങ്ങനെയൊരു തീരുമാനമെടുത്തത്. പൗരാവകാശപ്രവര്‍ത്തകരുടെ പ്രതിഷേധംകൊണ്ടൊന്നും കാര്യമുണ്ടായില്ല. കുറച്ചു മുമ്പ് തൃശൂര്‍ ജില്ലയില്‍ തന്നെ നിര്യാതനായ ഇ സി സൈമണ്‍ മാസ്റ്ററുടെ മൃതദേഹവും ഇസ്‌ലാമിക ആചാരപ്രകാരം ഖബറടക്കുകയുണ്ടായില്ല. ഇസ്‌ലാംമതം സ്വീകരിച്ച് ഇസ്‌ലാമിക ആചാരപ്രകാരം ദീര്‍ഘകാലം ജീവിക്കുകയും ഹജ്ജ്കര്‍മം നിര്‍വഹിക്കുകയുമൊക്കെ ചെയ്ത അദ്ദേഹം ഇസ്‌ലാമിക വിധിപ്രകാരം തന്റെ അന്ത്യകര്‍മങ്ങള്‍ ചെയ്യണമെന്ന് രേഖാമൂലം നിര്‍ദേശിച്ചിരുന്നു. പക്ഷേ, വീട്ടുകാരുടെ ഇഷ്ടമാണ് നടപ്പായത്.
നമ്മുടേതുപോലെയുള്ള ബഹുമത സമൂഹങ്ങളില്‍ ഇത്തരം വിഷയങ്ങള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാറുണ്ട്. അത്തരം സന്ദര്‍ഭങ്ങളില്‍ വ്യക്തിയുടെ അഭീഷ്ടങ്ങള്‍ക്കോ കുടുംബാംഗങ്ങളുടെ താല്‍പര്യങ്ങള്‍ക്കോ ഏതിനായിരിക്കണം മുന്‍ഗണന നല്‍കേണ്ടത്? സ്വന്തം ശരീരം മെഡിക്കല്‍ കോളജിന് വിട്ടുകൊടുക്കണമെന്നും മറ്റും മുന്‍കൂട്ടി എഴുതിവയ്ക്കുന്ന സന്ദര്‍ഭങ്ങളില്‍ പൊതുവെ വീട്ടുകാരുടെ അഭിപ്രായങ്ങള്‍ മാനിക്കപ്പെടാറില്ല. വ്യക്തികളുടെ താല്‍പര്യങ്ങള്‍ക്കാണു പരിഗണന. എന്നാല്‍, വീട്ടുകാരുടെ വിശ്വാസാചാരങ്ങള്‍ക്കു വിരുദ്ധമായ മതാനുഷ്ഠാനങ്ങള്‍ നിര്‍ദേശിക്കപ്പെടുമ്പോള്‍ മാത്രമാണ് ഭരണകൂടങ്ങള്‍ വ്യക്തിതാല്‍പര്യങ്ങള്‍ അവഗണിക്കുന്നത്. രണ്ടും രണ്ടു സമീപനങ്ങളാണെന്നു വ്യക്തം. ഇതെങ്ങനെയാണു ശരിയാവുക?
വീട്ടുകാര്‍ പറയുന്നതനുസരിച്ചായിരിക്കണം ശവസംസ്‌കാരമെന്ന സാമാന്യനിയമം സ്വീകരിക്കുമ്പോള്‍, സ്വന്തം മൃതദേഹങ്ങള്‍ മതാചാരങ്ങളനുസരിച്ച് സംസ്‌കരിക്കേണ്ടതില്ല എന്ന നിഷ്‌കര്‍ഷ പാലിക്കപ്പെടാതെ പോവുന്നുമുണ്ട് പലപ്പോഴും. വ്യക്തിസ്വാതന്ത്ര്യ നിഷേധമാണത്. ആയതിനാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ കാമ്യം, മരിച്ച വ്യക്തി സ്വന്തം മരണാനന്തരച്ചടങ്ങുകളെ പറ്റി വല്ല നിര്‍ദേശവും നല്‍കിയിട്ടുണ്ടെങ്കില്‍ അതു പാലിക്കുക തന്നെയാണ്. ടി എന്‍ ജോയിയുടെയും ഇ സി സൈമണ്‍ മാസ്റ്ററുടെയും അന്ത്യകര്‍മങ്ങളില്‍ അതല്ല ഉണ്ടായത്. അതു പൗരാവകാശനിഷേധം തന്നെയാണ്. ഒരു ഇടതുപക്ഷ-പുരോഗമന ഗവണ്‍മെന്റിനെ സംബന്ധിച്ചിടത്തോളം ഇത് ഭൂഷണമല്ല.
മരണാനന്തരകര്‍മങ്ങള്‍ എങ്ങനെയായിരിക്കണമെന്നത് കുടുംബകേന്ദ്രീകൃതമായ സാമൂഹികവ്യവസ്ഥയില്‍ പ്രധാനമാണ്. പാശ്ചാത്യ വികസിത സമൂഹങ്ങളില്‍ നിന്നു വ്യത്യസ്തമാണ് നമ്മുടെ രീതികള്‍. അതുകൊണ്ടാണ് മതപരിവര്‍ത്തനവും തുടര്‍ന്നുള്ള ജീവിതവ്യവഹാരങ്ങളുമെല്ലാം നമ്മുടെ നാട്ടില്‍ വിവാദമാവുന്നത്. ഈ സാഹചര്യത്തില്‍ കുറേക്കൂടി വിശാലമായ അര്‍ഥത്തില്‍ ഇത്തരം വിഷയങ്ങളെ സമീപിക്കാന്‍ കുടുംബങ്ങള്‍ തയ്യാറാവുകയാണ് വേണ്ടത്. കമ്മ്യൂണിസ്റ്റ് പശ്ചാത്തലമുണ്ടായിട്ടും ടി എന്‍ ജോയിയുടെ കുടുംബം അതിനു തയ്യാറായില്ല; ഇടതു പുരോഗമന പ്രസ്ഥാനങ്ങള്‍ക്കൊന്നും ആ ദിശയില്‍ നീങ്ങാനുമായില്ല. അതു മനസ്സിലാക്കുക തന്നെ വേണം.

RELATED STORIES

Share it
Top