മരയിതര വനവിഭവങ്ങളുടെ ചൂഷണം ജൈവവൈവിധ്യത്തിന് വെല്ലുവിളി

കൊച്ചി: മരയിതര വനവിഭവങ്ങളുടെ ചൂഷണം ജൈവവൈവിധ്യത്തിന് വെല്ലുവിളിയെന്ന് സാമ്പത്തിക സ്ഥിതിവിവര കണക്ക് വകുപ്പിന്റെ റിപോര്‍ട്ട്. 500ലധികം മരയിതര വനവിഭവങ്ങളുണ്ടെങ്കിലും ഇതില്‍ 120 എണ്ണത്തെ മാത്രമേ വാണിജ്യപ്രാധാന്യമുള്ളതായി വനംവകുപ്പ് കണക്കാക്കിയിട്ടുള്ളൂ. പക്ഷേ, ശേഖരിക്കുന്നത് 200ലധികം ഇനങ്ങളാണ്. ഇത് ഏറെ വ്യാപകമായതിനാല്‍ ജൈവവൈവിധ്യത്തിന് വെല്ലുവിളിയാണെന്നും നടപടികള്‍ ആവശ്യമാണെന്നും റിപോര്‍ട്ട് പറയുന്നു.
വനങ്ങളിലേക്കുള്ള വിനോദസഞ്ചാരികളുടെ പ്രവാഹവും തീര്‍ത്ഥാടനപരിപാടികളും ജൈവവൈവിധ്യത്തിന് വലിയ ഭീഷണിയാണ്. പ്രതിവര്‍ഷം 13 ദശലക്ഷം പേരാണ് വിനോദസഞ്ചാരികളായും തീര്‍ത്ഥാടകരായും വനങ്ങളിലേക്കെത്തുന്നത്. പെരിയാര്‍ കടുവസങ്കേതത്തിലേക്കാണ് രാജ്യത്തു തന്നെ ഏറ്റവും കൂടുതല്‍ സഞ്ചാരികള്‍ എത്തുന്നത്. ഹ്രസ്വകാലയളവില്‍ നിരവധിപേര്‍ എത്തിച്ചേരുന്നത് ആവാസവ്യവസ്ഥയെ മാറ്റുകയാണെന്ന് റിപോര്‍ട്ട് പറയുന്നു.
തദ്ദേശീയമല്ലാത്ത മൃഗങ്ങളുടെയും സസ്യങ്ങളുടെയും അധിനിവേശം ആവാസവ്യവസ്ഥയെ പ്രതികുലമായി ബാധിക്കുന്നുണ്ട്. ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ നിന്ന് അലങ്കാരത്തിനായി കൊണ്ടുവന്ന കുളവാഴ വലിയ പാരിസ്ഥിതിക പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. വെള്ളത്തില്‍ വളരുന്ന കുളവാഴ സൂര്യപ്രകാശം വെള്ളത്തിനടിയിലേക്ക് എത്തുന്നത് തടയുന്നു. ഇത് ജലത്തിലെ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നു. കുളവാഴ 50 ലോകരാജ്യങ്ങളില്‍ അധിനിവേശം നടത്തിയിട്ടുണ്ട്. തിലാപ്പിയ, സക്കര്‍ കാറ്റ് ഫിഷ്, ആഫ്രിക്കന്‍ ഒച്ച് തുടങ്ങിയവ അധിനിവേശ ജീവികളാണെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
മധ്യ-തെക്കന്‍ കേരളത്തില്‍ മണല്‍വാരല്‍ വ്യാപകമാണ്. ഇത് ജലനിരപ്പ് താഴ്ത്തുന്നു. ജലജീവികളുടെയും സസ്യങ്ങളുടെയും ആവാസവ്യവസ്ഥ തകര്‍ക്കുന്നു. ചില നദികളിലെ മണല്‍വാരല്‍ തീരങ്ങളെയും പാലങ്ങളെയും അസ്ഥിരപ്പെടുത്തുന്നുണ്ട്. കാട്ടുതീയും വലിയ ഭീഷണിയാണുയര്‍ത്തുന്നത്. കാട്ടുതീയെ അതിജീവിക്കുന്ന ചിലതരം സസ്യങ്ങള്‍ പിന്നീട് ആ മേഖലയെ പൂര്‍ണമായും സ്വന്തമാക്കിമാറ്റുന്നു.
മരം വെട്ടല്‍ ജൈവവൈവിധ്യത്തെ തകര്‍ക്കുന്ന പ്രധാന ഭീഷണികളിലൊന്നാണ്. നിയമവിരുദ്ധമായി മരം വെട്ടുന്നവര്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടുന്നു. കേരളത്തില്‍ വംശനാശഭീഷണി നേരിടുന്ന ജീവികളുടെയും സസ്യങ്ങളുടെയും വിവരങ്ങളും റിപോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കരിയന്‍, കുയില്‍ മല്‍സ്യം, ചൂരലാമ, കടലാമ, ഉടുമ്പ് തുടങ്ങിയ ജീവികളും 107ഓളം സസ്യങ്ങളുമാണ് പട്ടികയിലുള്ളത്.

RELATED STORIES

Share it
Top