മരണ കാരണംഅടിവയറ്റിലേറ്റ മാരകമായ ക്ഷതവും കുടലിലേറ്റ മുറിവും അണുബാധയും

കൊച്ചി/ആലപ്പുഴ:   വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയിലിരിക്കെ മരണമടഞ്ഞ ശ്രീജിത്തിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപോര്‍ട്ട് പുറത്ത്. അതിക്രൂരമായ മര്‍ദനമാണ് മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയിട്ടുണ്ട്.അടിവയറ്റില്‍ ആഴത്തിലേറ്റ ക്ഷതം മൂലം ചെറുകുടല്‍ മുറിഞ്ഞതും ഇവിടെ അണുബാധയുണ്ടായതുമാണ്  മരണകാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.ശ്രീജിത്തിന്റെ ശരീരത്തില്‍ ആകെ 18 മുറിവുകള്‍ കണ്ടെത്തിയെന്നും വൃക്കയും കരളും പ്രവര്‍ത്തിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുണ്ട്.
ഫൊറന്‍സിക് സര്‍ജന്‍ ഡോ.സഖറിയാസിന്റെ നേതൃത്വത്തില്‍ മൂന്നംഗ സംഘമാണ് ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മാര്‍ട്ടം നടത്തിയത്. റിപ്പോര്‍ട്ട് ഇന്നലെ വൈകുന്നേരത്തോടെ  പോലീസിനു കൈമാറിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് നേതൃത്വം നല്‍കിയ ഡോക്ടറില്‍ നിന്ന് അന്വേഷണസംഘം മൊഴിയെടുക്കും. മര്‍ദനമേറ്റതിനെ തുടര്‍ന്നു ശ്രീജിത്തിന്റെ ആന്തരികാവയവങ്ങള്‍ക്കു ഗുരുതരമായി തകരാര്‍ സംഭവിച്ചിരുന്നതായി സ്വകാര്യ ആശുപത്രിയിലെ ചികില്‍സാ രേഖയിലും വ്യക്തമാക്കിയിരുന്നു. ഉദരത്തിലേറ്റ ശക്തമായ മര്‍ദനത്തെ തുടര്‍ന്ന് ശ്രീജിത്തിന്റെ ചെറുകുടിലില്‍ സുക്ഷിരം ഉണ്ടാവുകയും ഇതിനൊപ്പം വന്‍കുടലിലും കുടലിനെ ശരീരവുമായി ബന്ധിപ്പിക്കുന്ന ഭിത്തിക്കും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നതായും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. കുടലിലിലെ മുറിവില്‍ നിന്നുണ്ടായ രക്തസ്രാവവും അണുബാധയും നിമിത്തം ശ്രീജിത്തിന്റെ രക്തസമ്മര്‍ദം കുറയുകയും ചെയ്തു. രക്തസ്രാവത്തെ തുടര്‍ന്നു കരളിന്റെയും വൃക്കയുടെയും പ്രവര്‍ത്തനം തകരാറിലായി. ഇത് ഹൃദയത്തിന്റെ പ്രവര്‍ത്തനത്തെയും ഗുരുതരമായി ബാധിച്ചിരുന്നതായും  ചികില്‍സാ രേഖയില്‍ വ്യക്തമാക്കിയിരുന്നു.

RELATED STORIES

Share it
Top