മരണവിവരം അറിഞ്ഞ് മൂക്കന്നൂരില്‍ ഇരുപതുപേര്‍ നെട്ടോട്ടമോടുന്നു

അങ്കമാലി: സര്‍ക്കാര്‍ രേഖകളില്‍ തങ്ങളുടെ മരണവിവരം അറിഞ്ഞ് മൂക്കന്നൂരില്‍ ജീവിച്ചിരിക്കുന്ന ഇരുപതുപേര്‍ നെട്ടോട്ടമോടുന്നു. ഓണത്തോടനുബന്ധിച്ച് സാമൂഹ്യക്ഷേമ പെന്‍ഷന്‍ ലഭിക്കാതെ വന്നപ്പോള്‍ പഞ്ചായത്ത് ഓഫിസില്‍ അന്വേഷിച്ചു ചെന്നവരാണ് തങ്ങള്‍ മരണപ്പെട്ടത് മൂലം സര്‍ക്കാര്‍ പെന്‍ഷന്‍ റദ്ധ് ചെയ്തതായി അറിഞ്ഞത്. താങ്കള്‍ മരിച്ചെന്നാണ് രേഖകളില്‍. രേഖ മാറ്റാന്‍ ഞങ്ങള്‍ക്കാവില്ല; മരിച്ചവര്‍ക്ക് പെന്‍ഷന്‍ തരാനും പറ്റില്ല’. ഉദ്യോഗസ്ഥന്റെ മറുപടി കേട്ട് ജീവിച്ചിരിക്കുന്നവര്‍ ഞെട്ടിപ്പോയി.മൂക്കന്നൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഇരുപതുപേരുടെ പെന്‍ഷനാണ് മരണപ്പെട്ടു എന്ന പേരില്‍ നിഷേധിച്ചിരിക്കുന്നത്. അതില്‍ അഞ്ചുപേര്‍ ഭിന്നശേഷിക്കാരും മൂന്നുപേര്‍ വിധവകളുമാണ്. വാര്‍ധക്യകാല പെന്‍ഷന്‍ പറ്റുന്ന പത്തുപേരും കര്‍ഷക തൊഴിലാളി പെന്‍ഷന്‍ ലഭിച്ചുകൊണ്ടിരിക്കുന്ന രണ്ടുപേരും മരിച്ചവരുടെ ലിസ്റ്റില്‍പെട്ട് കുഴപ്പത്തിലായി. നാലുചക്ര വാഹനങ്ങളുടെ ഉടമകളാണെന്ന പേരില്‍ വേറെ അമ്പത്തിമൂന്നുപേരും മൂക്കന്നൂരില്‍ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്നും പുറത്തായി. അതില്‍ മുപ്പത്തിയാറുപേര്‍ വാര്‍ധക്യകാല പെന്‍ഷന്‍ ലഭിച്ചിരുന്നവരാണ്. എട്ട് ഭിന്നശേഷിക്കാരും ഏഴു കര്‍ഷക തൊഴിലാളികളും രണ്ടു വിധവകളുമാണ് നാലുചക്ര വാഹനങ്ങളുടെ ഉടമകള്‍ ആണെന്ന കാരണത്താല്‍ പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് പുറത്തായത്. എന്നാല്‍ ഇവരാരും തന്നെ നാലുചക്രവാഹന ഉടമകളല്ല. മൂക്കന്നൂര്‍ പഞ്ചായത്തില്‍ മാത്രം എഴുപത്തിമൂന്നു പേരെയാണ് പെന്‍ഷന്‍ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കിയിട്ടുള്ളത്. തങ്ങളുടെ നാട്ടില്‍ ജീവിച്ചിരിക്കുന്നവര്‍ മരണപ്പെട്ടതായി സര്‍ക്കാരിന് എവിടെ നിന്നാണ് വിവരം ലഭിച്ചതെന്നറിയാതെ അന്തിച്ചുനില്‍ക്കുകയാണ് പഞ്ചായത്ത് മെംബര്‍മാരും ജീവനക്കാരും. സര്‍ക്കാരിന്റെ കെടുകാര്യസ്ഥത കൊണ്ടാണ് അര്‍ഹരായവര്‍ക്ക് പെന്‍ഷന്‍ നിഷേധിക്കപ്പെട്ടതെന്ന് കോണ്‍ഗ്രസ് (ഐ) മൂക്കന്നൂര്‍ മണ്ഡലം പ്രസിഡന്റ് ടി എം വര്‍ഗീസ് ആരോപിച്ചു.RELATED STORIES

Share it
Top