മരണമണി മുഴങ്ങുന്ന ചാലിയാര്‍

കൃഷ്ണന്‍ എരഞ്ഞിക്കല്‍
തമിഴ്‌നാട്ടിലെ നീലഗിരി ഇളംമ്പാരി മലകളില്‍നിന്ന് ആരംഭിച്ച് മലപ്പുറം ജില്ല പിന്നിട്ട് കോഴിക്കോട് അറബിക്കടലില്‍ സംഗമിക്കുന്ന ചാലിയാര്‍ കേരളത്തിലെ 46  നദികളില്‍ വലുപ്പത്തിന്റെ കാര്യത്തില്‍ നാലാം സ്ഥാനത്താണ്. കോഴിക്കോടിനും മലപ്പുറത്തിനും ഇടയ്ക്ക് 17 കിലോ മീറ്റര്‍ ദൈര്‍ഘ്യമുണ്ട് ചാലിയാറിന്. ചാലിയാര്‍ പുഴ കടലിനോടടുക്കുമ്പോള്‍ മാത്രമാണ്  ബേപ്പൂര്‍ പുഴ എന്നറിയപ്പെടുന്നത്.
ഏഴ് കൈപുഴകള്‍ ചേര്‍ന്ന് വേനലിലും നീരൊഴുക്ക് സുഗമമാക്കിയിരുന്നെങ്കിലും ഇപ്പോള്‍ ചെറുപുഴയടക്കം ഉദ്ഭവ സ്ഥാനങ്ങളില്‍ നീര്‍ച്ചാലുകള്‍ വറ്റിവരണ്ടുണങ്ങിയിരിക്കയാണ്. നിലമ്പൂര്‍, എടവണ്ണ, അരീക്കോട്, ഊര്‍ങ്ങാട്ടിരി  കിഴുപറമ്പ്, വാഴക്കാട്, ചെറുവാടി, മാവൂര്‍, ഫറോക്ക്, ബേപ്പൂര്‍ ഭാഗങ്ങളുടെ ജീവനാഡിയായിരുന്ന ചാലിയാര്‍. വേനലില്‍ പഞ്ചസാര മണല്‍തിട്ടകളും മഴക്കാലങ്ങളി രൗദ്ര ഭാവം പൂണ്ടും തെളിമയാര്‍ന്ന ജലപ്പരപ്പുകള്‍ തീര്‍ത്തും ചാലിയാര്‍ ഒഴുകിയിരുന്നത് കാലത്തിന്റെ ഓര്‍മകളായി. വേനലാവുന്നതോടെ മണല്‍ പരപ്പുകളില്‍ യുവാക്കളും വയോജനങ്ങളും സൊറ പറച്ചിലിനായി വൈകുന്നേരങ്ങളില്‍ ഒത്തുചേര്‍ന്നിരുന്നത് മുക്കം കടവ് എന്നറിയപ്പെടുന്ന തെരട്ടമ്മലില്‍ നിന്ന് ചെറുപുഴ ചാലിയാറിലേക്ക് സംഗമിക്കുന്ന ഭാഗത്തായിരുന്നു. വാഴക്കാട് മുതല്‍ എടവണ്ണ വരെയുള്ള പുഴയോരം വൈകുന്നേരം വിവിധ പ്രായക്കാരുടെ സംഗമകേന്ദ്രമായിരുന്നു. 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് അരീക്കോട് പാലത്തിനടുത്ത് താഴത്തങ്ങാടി കടവിലെ മണല്‍പരപ്പിലിരുന്ന് ഇജ്ജ് നല്ലൊരു മന്‌സനാവാന്‍ നോക്ക് “ എന്ന നാടകം ആസ്വദിച്ചത് ചിലരെങ്കിലും ഓര്‍ത്തുവയ്ക്കുന്നുണ്ട്. 1958ല്‍ ഇഎംഎസ് മന്ത്രിസഭയുടെ നേതൃത്വത്തില്‍ ബിര്‍ള ഗ്രൂപ്പുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ തുടക്കമിട്ട ഗ്വാളിയാര്‍ റയോണ്‍സ് എന്ന ഗ്രാസിം കമ്പനി മാവൂരില്‍ ഫാക്ടറി ആരംഭിച്ചതോടെ ചാലിയാറില്‍ നാശത്തിന്റെ തുടക്കം കുറിക്കുകയായിരുന്നു. ഗ്രാസിം ഫാക്ടറി പ്രവര്‍ത്തനമാരംഭിച്ചതോടെ കമ്പനി പുറത്തുവിടുന്ന മലിനജലം ചാലിയാറിലേക്ക് ഒഴുക്കിവിടുകയും പുഴ മലിനമാവുകയും ചെയ്തു. അരീക്കോട്, ചെറുവാടി, മാവൂര്‍ മുതല്‍ ബേപ്പൂര്‍ വരെ ചാലിയാറിനെ ആശ്രയിച്ച് ജീവിക്കുന്നവരെ ഇതോടെ രോഗങ്ങള്‍ വേട്ടയാടി. മലിനജലം സംസ്‌കരിക്കാതെ പുഴയിലേക്ക് ഒഴുക്കുന്നതിനെതിരേ 1963 മുതല്‍ പ്രതിഷേധമുയര്‍ന്നുതുടങ്ങി. അന്ന് കോഴിക്കോട് ജില്ലാ കലക്ടറും ആര്‍ഡിഒയും ഇടപെട്ട് പ്രശ്‌നം ഒത്തുതീര്‍പ്പായെങ്കിലും അന്ന് മുന്നോട്ടുവച്ച നിര്‍ദേശങ്ങള്‍ പാലിക്കാന്‍ കമ്പനി ഒരുക്കമായിരുന്നില്ല. തുടര്‍ന്ന്് വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ എ റഹ്മാന്റെ നേതൃത്ത്വത്തില്‍ ചാലിയാര്‍ സമരം ശക്തമാക്കുകയായിരുന്നു. ചാലിയാറിനു സമീപത്തുള്ള എട്ടോളം പഞ്ചായത്തുകളെ മലിനീകരണം ബാധിച്ചു. കമ്പനി തുടങ്ങിയ ശേഷം പല രോഗങ്ങള്‍ കൊണ്ട് സാധാരണക്കാര്‍ പൊറുതിമുട്ടി.
കാന്‍സര്‍ വില്ലനായി കടന്നുവന്നു. ബുദ്ധിമാന്ദ്യം, അംഗവൈകല്യം, ശ്വാസകോശ രോഗങ്ങള്‍, കാഴ്ച വൈകല്യം, ഉദരരോഗങ്ങള്‍ ഉള്‍പ്പെടെ ചാലിയാര്‍ പരിസരവാസികളെ പിന്തുടര്‍ന്നു.  അരുന്ധതി റോയ്, സുഗതകുമാരി, മേദാപട്ക്കര്‍ അടക്കമുള്ള പരിസ്ഥിതി പ്രവര്‍ത്തകര്‍ ഐക്യദാര്‍ഡ്യവുമായി രംഗത്തെത്തി. ഒരു ജനതയുടെ നിലനില്‍പിനു വേണ്ടിയുള്ള പോരാട്ടത്തിനൊടുവില്‍ 1999 ഒക്ടോബര്‍ 10ന് ഫാക്ടറിയില്‍ ഉല്‍പാദനം നിര്‍ത്തുകയും 2001 ജൂണ്‍ 30ന് നിയമപരമായി ഫാക്ടറി അടച്ചുപൂട്ടുകയും ചെയ്തു. ഇതിലൂടെ കേരളം കണ്ട ജനകീയ പോരാട്ടത്തിന് ചാലിയാര്‍ പുഴ മാതൃകയാകുകയായിരുന്നു.
(അവസാനിക്കുന്നില്ല)

RELATED STORIES

Share it
Top