മരണപ്പെട്ട ഭിന്നശേഷിക്കാരുടെ വായ്പാ കുടിശ്ശിക എഴുതിത്തള്ളി

തിരുവനന്തപുരം: ഭിന്നശേഷിക്കാര്‍ക്കാവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്ന കേന്ദ്രം തുടങ്ങുമെന്ന് ആരോഗ്യ സാമൂഹികനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍. ഭിന്നശേഷിക്കാര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ ലഭ്യമാവുന്ന ഷോറൂമും തുറക്കും. സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്ക് ആവശ്യമായ ഉപകരണങ്ങള്‍ വാങ്ങാന്‍ വികലാംഗ കോര്‍പറേഷനോ സാമൂഹികനീതി വകുപ്പോ സഹായിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. മരണപ്പെട്ട ഭിന്നശേഷിക്കാരുടെ സ്വയംതൊഴില്‍ വായ്പാ കുടിശ്ശിക എഴുതിത്തള്ളി ജാമ്യ രേഖകള്‍ തിരികെ നല്‍കുന്ന ആശ്വാസ് 2018 പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
സമൂഹത്തില്‍ ഏറ്റവും പരിചരണം ആവശ്യമായവരാണ് ഭിന്നശേഷിക്കാര്‍. അതിനാല്‍ തന്നെ സാമൂഹികനീതി വകുപ്പ് ഇവരുടെ ക്ഷേമത്തിനായി നിരവധി പദ്ധതികളാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിലേറ്റവും സുപ്രധാനമാണ് ആശ്വാസ് 2018 പദ്ധതി. വായ്പാ കുടിശ്ശിക എഴുതി തള്ളുന്നതിനായി 1.834 കോടി രൂപയാണ് കേരള സര്‍ക്കാര്‍ അനുവദിച്ചത്. 31 പേരുടെ കടം എഴുതിത്തള്ളിയിട്ടുണ്ട്. കുടിശ്ശിക വരുത്തിയ 212 ഗുണഭോക്താക്കളുടെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി പലിശ തുകയില്‍ 75 ശതമാനം ഇളവ് വരുത്തി ഒറ്റത്തവണ തീര്‍പ്പാക്കുന്നതിനുള്ള നടപടികള്‍ നടന്നുവരുകയാണ്. ഇതില്‍ കുടിശ്ശിക വരുത്തിയ 32 പേരുടെ പിഴപ്പലിശ പൂര്‍ണമായും ഒഴിവാക്കി പലിശ തുകയില്‍ 75 ശതമാനം ഇളവ് വരുത്തി ഒറ്റത്തവണ തീര്‍പ്പാക്കി. ബാക്കിയുള്ളവരുടെ കാര്യം ഉടന്‍ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.
കേരളത്തെ ഭിന്നശേഷി സൗഹാര്‍ദ സംസ്ഥാനമായി മാറ്റിയെടുക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കിയ അനുയാത്ര, കുട്ടികളിലെ ശ്രവണ വൈകല്യം നേരത്തെ കണ്ടുപിടിക്കുന്നതിനുള്ള കാതോരം, കോക്ലിയര്‍ ഇംപ്ലാന്റേഷനിലൂടെ കേള്‍വിശക്തി തിരികെ ലഭിക്കാന്‍ സഹായിക്കുന്ന ശ്രുതിതരംഗം, കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ നടത്തിയവര്‍ക്ക് കേള്‍വിശക്തി നിലനിര്‍ത്താന്‍ സഹായിക്കുന്ന 5 ലക്ഷം വിലയുള്ള പ്രോസസര്‍ സൗജന്യമായി നല്‍കുന്ന ധ്വനി തുടങ്ങിയ നിരവധി പദ്ധതികള്‍ വിജയകരമായി നടന്നു വരുന്നതായും മന്ത്രി പറഞ്ഞു.
വി എസ് ശിവകുമാര്‍ എംഎല്‍എ അധ്യക്ഷത വഹിച്ച യോഗത്തില്‍ സാമൂഹികനീതി വകുപ്പ് സ്‌പെഷ്യല്‍ സെക്രട്ടറി ബിജു പ്രഭാകര്‍ ഐഎഎസ് 31 പേരുടെ കടം എഴുതിത്തള്ളി.

RELATED STORIES

Share it
Top