മരണത്തോട് മല്ലടിച്ച് അവര്‍ തീരമണഞ്ഞു; ഭീതി വിട്ടൊഴിയാതെ റോബിന്‍സണ്‍

കൊച്ചി: മരണത്തോട്് മല്ലടിച്ച് ഒടുവില്‍ തീരമണഞ്ഞെങ്കിലും കന്യാകുമാരി വള്ളവിളൈ സ്വദേശിയായ റോബിന്‍സണ്‍(36)ന്റെ ഉള്ളില്‍ നിന്നും  ഭീതി വിട്ടൊഴിയുന്നില്ല. താന്‍ രക്ഷപ്പെട്ടുവെന്ന് ഇപ്പോഴും റോബിന്‍സണിന് വിശ്വസിക്കാന്‍ കഴിയുന്നില്ല. കണ്ണടച്ചാല്‍ ഓര്‍മ വരുന്നത് കാറ്റും കോളും കൂറ്റന്‍ തിരമാലകളും  സംഹാര താണ്ഡവമാടിയ കടലിനെയാണ്.  നവംബര്‍ 6,  28 തിയ്യതികളിലാണ് സെന്റ് ആന്റേഴ്‌സ ണ്‍,  ജീസസ് ഫ്രണ്ട്‌സ്, മറിയം എന്നീ ബോട്ടുകള്‍ മല്‍സ്യബന്ധനത്തിനായി കടലിലേക്ക് പോയത്. കൊച്ചി കേന്ദ്രമാക്കി മല്‍സ്യബന്ധനം നടത്തുന്ന തമിഴ്‌നാട്ടിലെ കന്യാകുമാരി നാഗപട്ടണം, വള്ളവിളൈ, തുത്തൂര്‍, പൂത്തുറൈ, പുത്തൂര്‍, കടലൂര്‍, ചിന്നത്തുറ, ഇരവിപുരത്തുറ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ളവരാണ്  ബോട്ടുകളില്‍ ഉണ്ടായിരുന്നത്. 29ന് വീശിയ ഓഖി  ചുഴലിക്കാറ്റ് ഇവരുടെ ബോട്ടിനെ 100 നോട്ടിക്കല്‍ മൈല്‍ ദൂരത്തേക്ക് വലിച്ചുകൊണ്ടുപോയി.  കാറ്റിലും കൂറ്റന്‍ തിരമാലയിലുംപെട്ട് ആടിയുലഞ്ഞ ബോട്ടില്‍ മല്‍സ്യത്തൊഴിലാളികള്‍ മരണത്തെ മുഖാമുഖം കണ്ടു. ശക്തമായ കാറ്റില്‍ ആടിയുലഞ്ഞ ബോട്ടില്‍ വീണാണ് ഭൂരിപക്ഷം തൊഴിലാളികള്‍ക്കും പരിക്കേറ്റത്. രണ്ടു ദിവസത്തിനുശേഷം കടല്‍ ശാന്തമായതിനെ തുടര്‍ന്ന്് സെന്റ് ആന്റേഴ്‌സണ്‍ ബോട്ട് ലക്ഷദ്വീപിലെ കവരത്തി ദ്വീപില്‍ അഭയം തേടി. ജീസസ് ഫ്രണ്ട്‌സ്, മറിയം എന്നീ ബോട്ടുകള്‍ ലക്ഷദ്വീപിലെ ബിത്ര ദ്വീപില്‍ അടുപ്പിച്ചു. പിന്നീട് ഇവരെ കോസ്റ്റ് ഗാര്‍ഡിന്റെ സഹായത്തോടെ കൊച്ചിയില്‍ എത്തിക്കുകയായിരുന്നു.  ചുഴലിക്കാറ്റിനെ അതിജീവിച്ച് കഴിഞ്ഞ ദിവസം എത്തിയ റോബിന്‍സണ്‍ നാഗപട്ടണം സ്വദേശികളായ രാമലിംഗം (34), ശങ്കര്‍ (26), റൂപന്‍ (19) തുത്തൂര്‍ സ്വദേശികളായ തദേഷ് (33) ശശി (40) , പൂത്തുറൈ  സ്വദേശികളായ പനിയടിമൈ (40) പനിപ്പിച്ചൈ(41) മാര്‍ക്ക് (44) കടലൂര്‍ സ്വദേശികളായ ദക്ഷിണമൂര്‍ത്തി (44) രഘുപതി (44) ദുരൈ (55) ചിന്നത്തുറ സ്വദേശി സേസഡിമൈ (60) ഇരവിപുരത്തുറ സ്വദേശി ബേസില്‍ (50) എന്നിവരെ  എറണാകുളം ജനറല്‍ ആശുപത്രിയില്‍  പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇതില്‍ ചിലരുടെ കൈകാലുകള്‍ക്ക് ഒടിവും ചതവുമേറ്റിട്ടുണ്ട്.  കടല്‍ക്ഷോഭത്തിലും കാറ്റിലും 21 ലക്ഷം രൂപയോളം വിലവരുന്ന മല്‍സ്യബന്ധന ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതായും ഇവര്‍ പറയുന്നു.

RELATED STORIES

Share it
Top