'മരണത്തിലേക്ക് നയിച്ചേക്കാം; അത് ഫേസ്ബുക്കിന്റെ പ്രവര്‍ത്തനങ്ങളുടെ ഭാഗം'

ലണ്ടന്‍: മരണത്തിലേക്കും അപകടങ്ങളിലേക്കും നയിക്കുന്ന സംഭവങ്ങള്‍ ഫേസ്ബുക്കിന്റെ വാണിജ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമാണെന്നു സ്ഥാപനത്തിന്റെ ഉന്നതോദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടതായി തെളിയിക്കുന്ന രേഖകള്‍ പുറത്ത്. ഫേസ്ബുക്ക് വൈസ് പ്രസിഡന്റ് ആന്‍ഡ്രൂ ബോസ്വോര്‍ത്ത് 2016ല്‍ പുറപ്പെടുവിച്ച ഒരു മെമ്മോയിലെ പരാമര്‍ശങ്ങളാണ് പുറത്തുവന്നത്. ബസ്ഫീഡ് പുറത്തുവിട്ട രേഖകള്‍ ഫേസ്ബുക്ക് അധികൃതര്‍ സ്ഥിരീകരിച്ചതായി ബ്രിട്ടിഷ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
ഫേസ്ബുക്ക് എന്ന സാമൂഹിക മാധ്യമം മരണത്തിലേക്ക് നയിക്കുന്നവയോ ആക്രമങ്ങള്‍ക്ക് കാരണമാവുന്നതോ ആയ ഉള്ളടക്കങ്ങള്‍ പ്രചരിപ്പിച്ചേക്കാമെന്നും എന്നാല്‍, അത് കമ്പനിയുടെ വളര്‍ച്ചാ തന്ത്രങ്ങളുടെയും ജനങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ദൗത്യത്തിന്റെയും ഭാഗമാണെന്നും മെമ്മോയില്‍ പറയുന്നു. ആക്രമിക്കാനോ ഉപദ്രവിക്കാനോ സാധ്യതയുള്ളവര്‍ക്കു മുന്നില്‍ ആളുകള്‍ പെട്ടുപോവാന്‍ ഫേസ്ബുക്ക് കാരണമായേക്കാം. അങ്ങനെ ചിലര്‍ മരണപ്പെട്ടേക്കാം. തങ്ങളുടെ സേവനങ്ങളും ഉപകരണങ്ങളും ഉപയോഗിച്ച് ആസൂത്രണം ചെയ്യുന്ന സായുധ ആക്രമണങ്ങളില്‍ ആരെങ്കിലും മരിച്ചേക്കാം. ആളുകളെ ബന്ധിപ്പിക്കുകയാണ് തങ്ങള്‍ ചെയ്യുന്നത്. അതിനാലാണ് വളര്‍ച്ചയ്ക്കായി തങ്ങള്‍ ചെയ്യുന്ന ജോലികള്‍ ന്യായീകരിക്കപ്പെടുന്നതെന്നും മെമ്മോയില്‍ പറയുന്നു.

RELATED STORIES

Share it
Top