മരണത്തിന്റെ നിര്‍വചനം

ഒരാള്‍ മരിച്ചോ എന്നറിയാന്‍ മുമ്പൊക്കെ നാഡി പിടിച്ചുനോക്കും, മൂക്കിനടുത്ത് കൈവച്ച് കാറ്റുപോയോ എന്നു നോക്കും, ഹൃദയമിടിപ്പു നിലച്ചോ എന്നു നോക്കും. എന്നാല്‍, ഇന്ന് പഴയകാലമല്ല. ശരീരശാസ്ത്രത്തിലെ വിവിധ വിഭാഗങ്ങളും നിയമവും ധാര്‍മികതയും എല്ലാം തമ്മിലുള്ള സംഘര്‍ഷങ്ങള്‍ പ്രശ്‌നം സങ്കീര്‍ണമാക്കുന്നു. സംഗതി മെഡിക്കോ-ലീഗല്‍ പ്രശ്‌നമാവുന്നു. ആസന്നമരണരായ രോഗികളെ ഐസിയുവിലും വെന്റിലേറ്ററിലും കിടത്തി സ്വകാര്യ ആശുപത്രികള്‍ ബന്ധുക്കളെ പിഴിയുന്നതായി ആരോപണങ്ങള്‍ ഉയരുന്നു. ഇതൊക്കെ പരിഗണിച്ചാണ് മരണനിര്‍വചന സംബന്ധമായി കേരള ഗവണ്‍മെന്റ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ മരണം നിര്‍ണയിക്കാന്‍ രണ്ടു നിയമങ്ങളാണു നിലവിലുള്ളത്. 1969ലെ ജനനമരണ രജിസ്‌ട്രേഷന്‍ ആക്റ്റനുസരിച്ച് ബ്രെയിന്‍ ഡെത്താണ് ഇതിനു മാനദണ്ഡം. ജനിച്ച നാള്‍ തൊട്ടുള്ള ജീവന്റെ എല്ലാ അടയാളങ്ങളും അപ്രത്യക്ഷമാവുന്നതാണിത്. എന്നാല്‍, 1994ലെ ട്രാന്‍സ്പ്ലാന്റേഷന്‍ ഓഫ് ഹ്യൂമന്‍ ഓര്‍ഗന്‍സ് ആക്റ്റ് അനുസരിച്ച് ബ്രെയിന്‍ സ്റ്റെം ഡെത്ത് ആണ് മാനദണ്ഡമാക്കേണ്ടത്. സ്‌പൈനല്‍ കോഡിനെ മസ്തിഷ്‌കത്തിന്റെ മധ്യഭാഗവുമായി ബന്ധിപ്പിക്കുന്നതാണ് ബ്രെയിന്‍ സ്റ്റെം. അതിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നിലയ്ക്കുകയാണ് ഇത്. ബോധസാധ്യത ഇല്ലാതാവുന്നു, ശ്വസനം നിലയ്ക്കുന്നു. ഈ അവസ്ഥയിലും ഹൃദയമിടിപ്പും രക്തചംക്രമണവും നടക്കുമത്രേ. ഏതായാലും മരണം എന്ന നിര്‍ണായകമായ അവസ്ഥയെ നിര്‍വചിക്കാന്‍ വ്യത്യസ്തമായ രണ്ടു നിയമങ്ങളുണ്ടായിരിക്കുക എന്നതില്‍ ഒരു യുക്തിഭംഗം തോന്നുന്നില്ലേ?

RELATED STORIES

Share it
Top