മരട് വൈദ്യുതി ഓഫിസിലെ മദ്യപാനം: ലൈന്‍മാനെ സ്ഥലംമാറ്റി

മരട്: വൈദ്യുതി ഓഫിസില്‍ മദ്യസേവ നടത്തിയതായി പറയപ്പെടുന്ന സംഭവത്തില്‍ ജീവനക്കാരില്‍ ഒരാള്‍ക്കെതിരേ അച്ചടക്ക നടപടി. മരട് സെക്ഷന്‍ ഓഫിസിലെ ലൈന്‍മാന്‍ സെബാസ്റ്റ്യനെയാണ് തോപ്പുംപടിയലേക്ക് സ്ഥലംമാറ്റിയത്.
പോലിസ് കേസെടുത്തതിനെ തുടര്‍ന്നാണ് നടപടിയെന്ന് കെഎസ്ഇബി അധികൃതര്‍ പറഞ്ഞു. കെഎസ്ഇബി മരട് സെക്ഷന്‍ ഓഫിസിന്റെ കീഴിലുള്ള പ്രദേശങ്ങളില്‍ കഴിഞ്ഞ ആഴ്ച രാത്രി മണിക്കൂറുകളോളം വൈദ്യുതി വിതരണം മുടങ്ങിയിരുന്നു.
പ്രദേശവാസികള്‍ കെഎസ്ഇബി അധികൃതരുമായി ഫോണില്‍ ബന്ധപ്പെട്ട് വിവരം അന്വേഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്നാണ് പറയപ്പെടുന്നത്. തുടര്‍ന്ന് ഉപഭോക്താക്കള്‍ ഒറ്റക്കും കൂട്ടായും മരടിലെ കെഎസ്ഇബി ഓഫിസിലെത്തി. ഇതിനിടെയാണ് ഓഫിസ് പരിസരത്തെ ഒഴിഞ്ഞ മദ്യക്കുപ്പികള്‍ നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടത്. ഇവ ഡ്യൂട്ടിയി ലുണ്ടായിരുന്ന ഓവര്‍സിയറുടെ മേശപ്പുറത്തു നിരത്തിവച്ച് പ്രതിഷേധിച്ചു.
വിവരം ലഭിച്ച് സ്ഥലത്തെത്തിയ പോലിസ് നടത്തിയ പരിശോധനയില്‍ ഈ സമയം കെഎസ്ഇബി ഓഫിസില്‍ ഉണ്ടായിരുന്ന സെബാസ്റ്റ്യന്‍ എന്ന ലൈന്‍മാര്‍ മദ്യപിച്ചതായി കണ്ടെത്തിയതിനെ തുടര്‍ന്ന് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി കേസ് രജിസ്ട്രര്‍ ചെയ്തിരുന്നു.
കെഎസ്ഇബി ഓഫിസില്‍ നടന്ന രംഗങ്ങള്‍ നാട്ടുകാരില്‍ ചിലര്‍ മൊബൈല്‍കാമറയില്‍ പകര്‍ത്തിയിരുന്നു. സംഭവത്തില്‍ കൂടുതല്‍ പേര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് വൈദ്യുതി വകുപ്പു മന്ത്രിക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കിയതായി നാട്ടുകാര്‍ അറിയിച്ചു.

RELATED STORIES

Share it
Top