മരട് വാഹനാപകടം: കരോളിനും മരണത്തിനു കീഴടങ്ങി

കൊച്ചി: മരടില്‍ പ്ലേ സ്‌കൂള്‍ വാഹനം റോഡരികിലെ കുളത്തിലേക്കു മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന കുട്ടി മരിച്ചു. വൈറ്റില ജനത പാടത്ത് ലെയിനില്‍ വാന്‍പുള്ളില്‍ ജോബ് ജോര്‍ജ്-ജോമ ദമ്പതികളുടെ മകള്‍ മൂന്നരവയസ്സുകാരി കരോളിന്‍ ആണ് ഇന്നലെ ഉച്ചയോടെ മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച മരട് ജയന്തി റോഡിലെ കുളത്തിലേക്കു മറിഞ്ഞ വാനില്‍ ഉണ്ടായിരുന്ന കരോളിനെ അബോധാവസ്ഥയിലായിരുന്നു പുറത്തെടുത്തത്. ഉടന്‍ തന്നെ വൈറ്റിലയിലെ ആശുപത്രിയിലും പിന്നീട് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ ചളിനിറഞ്ഞ് ഗുരുതരാവസ്ഥയിലായിരുന്ന കരോളിന്‍ കഴിഞ്ഞ ആറു ദിവസമായി മരണത്തോടു മല്ലടിക്കുകയായിരുന്നു. ഇതോടെ മൂന്നു കുട്ടികളടക്കം അപകടത്തില്‍ മരിച്ചവരുടെ എണ്ണം നാലായി. അപകടത്തെ തുടര്‍ന്ന് അതീവ ഗുരുതരാവസ്ഥയിലാണ് കരോളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടത്തിന്റെ ആഘാതത്തില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായതോടെ കുട്ടിയെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ മരണത്തിനു കീഴടങ്ങുകയായിരുന്നു. മരടില്‍ വാടകയ്ക്ക് താമസിക്കുന്ന ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീജിത് എസ് നായരുടെ മകന്‍ ആദിത്യ(നാല്), കാക്കനാട് വാഴക്കാല ഐശ്വര്യയില്‍ സനലിന്റെ മകള്‍ വിദ്യാലക്ഷ്മി(നാല്), സ്‌കൂളിലെ ആയ മരട് വിക്രം സാരാഭായ് റോഡ് കോച്ചിറപ്പാടത്ത് ഉണ്ണിയുടെ ഭാര്യ ലത (45) എന്നിവര്‍ നേരത്തേ മരിച്ചിരുന്നു. തിങ്കളാഴ്ച പകല്‍ മൂന്നരയോടെ മരട് കാട്ടിത്തറ റോഡിലെ ഇല്ലത്തുപറമ്പില്‍ കുളത്തിലാണ് സ്‌കൂള്‍ വാന്‍ മറിഞ്ഞത്. ആദിത്യ, വിദ്യാലക്ഷ്മി, ലത എന്നിവരെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാന്‍ ഡ്രൈവര്‍ അനി ല്‍കുമാറും(ബാബു) കരോളി ന്‍ തെരേസയും മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. ബാബു കഴിഞ്ഞ ദിവസം ആശുപത്രി വിട്ടു. കരോളിന്റെ മൃതദേഹം എറണാകുളത്തെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്നു രാവിലെ എട്ടരയോടെ തൈക്കുടം സെന്റ് റാഫേല്‍ ദേവാലയത്തില്‍ എത്തിച്ച് പൊതുദര്‍ശനത്തിനു വയ്ക്കും. തുടര്‍ന്ന് 10 മണിയോടെ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. ബന്ധുവായ മരട് കാട്ടിത്തറ കുന്നലക്കാട് ജിനിയുടെ വസതിയില്‍ താമസിച്ചുവരുകയായിരുന്നു കരോളിന്‍. അച്ഛന്‍ ജോബ് ജോര്‍ജ്, അമ്മ ജോമ. ഇരുവര്‍ക്കും ന്യൂസി ലന്‍ഡിലാണു ജോലി. അഞ്ചരമാസം പ്രായമുള്ള കര്‍മലി ഏക സഹോദരിയാണ്.

RELATED STORIES

Share it
Top