മരട് അപകടം: ഡ്രൈവര്‍ പോലിസിനു മുമ്പില്‍ ഹാജരായി

തൃപ്പൂണിത്തുറ: മരടില്‍ സ്‌കൂള്‍ വാന്‍ കുളത്തിലേക്കു മറിഞ്ഞ് മൂന്നു പിഞ്ചുകുട്ടികളും ആയയും മരിക്കാനിടയായ സംഭവത്തില്‍ വാഹനത്തിന്റെ ഡ്രൈവര്‍ അനില്‍കുമാര്‍ പോലിസിനു മുമ്പില്‍ ഹാജരായി. ട്രാഫിക് പോലിസ് സ്റ്റേഷനില്‍ ഹാജരാവണമെന്നു കാണിച്ച് സിഐ വൈ നിസാമുദ്ദീന്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ രാവിലെ 9.30ന് അനില്‍കുമാര്‍ ഹാജരായത്.
എന്നാല്‍, ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് ചോദ്യംചെയ്യല്‍ ഉച്ചയ്ക്കുശേഷമാക്കിയെങ്കിലും സംസാരിക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനാല്‍ ഇയാളെ എറണാകുളം സ്വകാര്യ ആശുപത്രിയിലേക്കു മാറ്റി. അപകടത്തില്‍ അനില്‍കുമാറിന്റെ കഴുത്തിന് സാരമായ പരിക്കേറ്റിരുന്നു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരുന്ന അനില്‍കുമാര്‍ കഴിഞ്ഞ ദിവസം ഡിസ്ചാര്‍ജ് ആയിരുന്നു. ഇതേത്തുടര്‍ന്നാണ് ഇന്നലെ പോലിസിനു മുന്നില്‍ ഹാജരായത്. എന്നാല്‍ ചോദ്യംചെയ്യല്‍ സമയത്ത് അനില്‍കുമാറിന് ശ്വാസതടസ്സവും സംസാരിക്കാന്‍ ബുദ്ധിമുട്ടും അനുഭവപ്പെട്ടു. ഇതോടെയാണ് വീണ്ടും ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
അനില്‍കുമാറിന് കൃത്യമായി സംഭവം വിവരിക്കാന്‍ സാധിക്കുന്ന സമയത്ത് മാത്രമേ ചോദ്യംചെയ്യലും തുടര്‍നടപടികളും ഉണ്ടാവു എന്ന് ട്രാഫിക് സിഐ പറഞ്ഞു. ഈ മാസം 11നു വൈകുന്നരമാണ് പ്ലേസ്‌കൂളില്‍ നിന്ന് കുട്ടികളുമായി മടങ്ങിയ വാഹനം ക്ഷേത്രക്കുളത്തിലേക്കു മറിഞ്ഞ് അപകടമുണ്ടായത്. അപകടത്തില്‍ കിഡ്‌സ് വേള്‍ഡ് ഡേകെയര്‍ സ്‌കൂളിലെ വിദ്യാര്‍ഥികളായ കാക്കനാട് വാഴക്കാല ഐശ്വര്യയില്‍ സനല്‍കുമാറിന്റെ ഏക മകള്‍ വിദ്യാലക്ഷ്മി (4), ചെങ്ങന്നൂര്‍ മുളക്കുഴ ശ്രീനിലയത്തില്‍ ശ്രീജിത്തിന്റെ ഏകമകന്‍ ആദിത്യന്‍ (4), ഡേകെയറിലെ ആയ മരട് കൊച്ചിറ പാടത്ത് ഉണ്ണിയുടെ ഭാര്യ ലത (42) എന്നിവര്‍ സംഭവദിവസം മരിച്ചു. ഗുരുതര പരിക്കേറ്റ് ചികില്‍സയിലായിരുന്ന വൈറ്റില ജനത പാടത്ത് ലെയിനില്‍ വാന്‍പുള്ളില്‍ ജോബ് ജോര്‍ജ്-ജോമ ദമ്പതികളുടെ മകള്‍ മൂന്നരവയസ്സുകാരി കരോളിന്‍ കഴിഞ്ഞ ദിവസവും മരിച്ചു.

RELATED STORIES

Share it
Top