മരങ്ങള്‍ കടപുഴകിവീണു; ഒഴിവായത് വന്‍ ദുരന്തം

മാത്തോട്ടം: മാത്തോട്ടം വനശ്രീ കോപൗണ്ടിലെ കിഴക്ക് പടിഞ്ഞാറ് മൂലയില്‍ സ്റ്റാഫ് കോട്ടേഴ്‌സിന് സമീപത്തുണ്ടായിരുന്ന ഭീമന്‍ തേക്ക് ശക്തിയേറിയ കാറ്റില്‍ കടപുഴകി വീണു. സമീപത്തുള്ള രണ്ട് വീടുകളുടെ മുകളിലേക്കായിട്ടാണ് തേക്ക് മരം വീണത്. ഫാമിഹാ മന്‍സില്‍ എ ടി അബ്ദുല്ലക്കോയയുടെ വീടിന്റെ മുകള്‍ഭാഗവും തകര്‍ന്നിട്ടുണ്ട്. വീടിന്റെ ഭിത്തിയില്‍ വിള്ളലുകള്‍ രൂപപ്പെട്ടിട്ടുണ്ട്.
മുതുമറ്റം ഹൗസില്‍ കെ ടി അല്‍ത്താഫിന്റെ ശുചിമുറിയുടെ മേല്‍ക്കൂരയും വാതിലും പൂ ര്‍ണമായി തകര്‍ന്നു. മരം വീണ വിവരം ഫോറസ്റ്റ് ഓഫിസില്‍ അബ്ദുല്ലക്കോയയും മകന്‍ ഷാനിലും ഫോറസ്റ്റ് ഓഫിസിലെത്തി അവിടെയുണ്ടായിരുന്ന പാറാവുകാരായ പി കെ ലൈജു, മുഹമ്മദ് ബാവ എന്നിവരോട് പരാതി പറഞ്ഞുകൊണ്ടിരിക്കേ വനശ്രീയുടെ മുന്നില്‍ തന്നെയുള്ള ഒരു മരം കൂടി വീണ്ടും കടപുഴകി വീണു. പാര്‍ത്തോട ട്രീ എന്ന പേരിലറിയപ്പെടുന്ന 35 വര്‍ഷത്തോളം പഴക്കമുള്ള പടുകൂറ്റന്‍ ആഫ്രിക്കന്‍ പൂമരമാണ് വന്‍ശബ്ദത്തോടെ കടപുഴകി രണ്ടാമത് വീണത്. തല്‍സമയം ഇവര്‍  നാലുപേരും ഭാഗ്യംകൊണ്ട് മാത്രമാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്.
ഇവര്‍ ഓടിച്ചുവന്ന ഇരുചക്രവാഹനത്തിന്റെ മുന്‍ഭാഗം മരത്തിന്റെ ചില്ലകളില്‍ കുരുങ്ങി തകര്‍ന്നു. മാത്തോട്ടത്ത് നിന്ന് ടൗണിലേക്ക് ബസ് കാത്തുനില്‍ക്കുന്ന വി പി ഹസ്സന്‍ സ്മാരക ബസ് വെയിറ്റിങ് ഷെഡ് മരത്തിന്റെ വീഴ്ചയില്‍ തകര്‍ന്നു .ബസ് കാത്തുനിന്നവര്‍ ഓടി രക്ഷപ്പെട്ടു .ഇതിനോട് ചേര്‍ന്നുള്ള ഓട്ടോ സ്റ്റാന്‍ഡിലെ ഓട്ടോറിക്ഷകള്‍ ഘോരശബ്ദം കേട്ടപ്പോള്‍ തന്നെ എടുത്തു മാറ്റിയതിനാല്‍ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് ഫോറസ്റ്റ് ഓഫിസ് ഇന്‍ ചാര്‍ജ് കെ കെ പ്രദീപ് കുമാര്‍, സെക്ഷന്‍ ഓഫിസര്‍ കെ ദിനേശ്, ബീറ്റ് ഓഫിസര്‍ കെ എസ് നിധിന്‍ എന്നിവര്‍ സ്ഥലത്തെത്തി തുടര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി.
നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ലീഡിങ് ഫയര്‍മാന്‍ ഷിഹാബുദ്ദീന്റെ  നേതൃത്വത്തില്‍ മീഞ്ചന്ത യൂണിറ്റിലെ ഫയര്‍ റെസ്‌ക്യൂ വിഭാഗം എത്തുകയും മരം മുറിച്ച് നീക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്തു. മരം വീണതിനെതുടര്‍ന്ന് വൈദ്യുതി കമ്പികളും കേബിള്‍ ടിവി വയറുകളും പൂര്‍ണമായി തകര്‍ന്നു. പിന്നീട്  കെഎസ്ഇബി. ജീവനക്കാരെത്തി അടിയന്തിരമായി  വൈദ്യുതി പുനഃസ്ഥാപിച്ചു.

RELATED STORIES

Share it
Top