മരം വീണ് 6 മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു

നെല്ലിയാമ്പതി: ബുധനാഴ്ച രാത്രിയിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് നെന്മാറ നെല്ലിയാമ്പതി റോഡില്‍ ചെറുനെല്ലിക്കുസമീപം മരം കടപുഴകി റോഡിനു കുറുകെ വീണ് ആറു മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ചെറുനെല്ലി ബംഗ്ലാവിനുസമീപത്തുളള ഹെയര്‍പിന്‍ ബെന്‍ഡിലാണ് വലിയ ചടച്ചിമരം 20 അടി ഉയരത്തില്‍നിന്നും കടപുഴകി റോഡിനു കുറുകെ അതിരാവിലെ വീണത്.
മരം വീണതിനെ തുടര്‍ന്ന് രാവിലെ 4.30 ക്കും, 5.30 ക്കും, 7 മണിക്കും പാലക്കാട് ഡിപ്പോയില്‍നിന്നും പുറപ്പെട്ട പോത്തുപ്പാറ, കാരപ്പാറ, വിക്‌ടോറിയ എന്നീ കെഎസ്ആര്‍ടിസി ബസ്സുകള്‍ ചെറുനെല്ലിയില്‍ കുടുങ്ങി.  രാവിലെ 5 മണിക്ക് കാരപ്പാറയില്‍നിന്നും പുറപ്പെട്ട കെഎസ്ആര്‍ടിസി ബസ്സും, 6.30 മണിക്ക് നൂറടിയില്‍നിന്നും പുറപ്പെട്ട സ്വകാര്യബസ്സും, നേഴ്‌സിങ് വിദ്യാര്‍ഥികളുടെ ബസ്സും ചെറുനെല്ലിക്കുസമീപം ഗതാഗത തടസ്സത്തില്‍ കുടുങ്ങി.
തുടര്‍ന്ന്, ആലത്തൂരില്‍നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍, കെ വേലായുധന്റെ നേതൃത്വത്തിലുളള അഗ്നിശമനസേനാംഗങ്ങളും, നെല്ലിയാമ്പതി കോ ണ്‍ഗ്രസ്സ് മണ്‌ലം പ്രസിഡന്റ് പി ഒ ജോസഫും സംഘവും കൂടാതെ ഇന്ദുലാലുടെ നേതൃത്വത്തിലുളള കെഎസ്ആര്‍ ടിസി ജീവനക്കാരും മറ്റു യാത്രക്കാരും ചേര്‍ന്നാണ് 12 മണിയോടുകൂടെ മരം മുറിച്ചുമാറ്റി നെന്മാറ-നെല്ലിയാമ്പതി റോഡില്‍ ഗതാഗതം പുന:സ്ഥാപിച്ചത്.
രാവിലെ നേരത്തെ ജോലിക്കെത്തിയ ഓറഞ്ച് ഫാമിലെ തൊഴിലാളികള്‍, ടീച്ചര്‍മാര്‍, മറ്റു ആഫീസിലെ ജീവനക്കാര്‍ എന്നിവര്‍ ഗതാഗത തടസ്സത്തെതുടര്‍ന്ന് 4 മണിക്കൂര്‍ വഴിയില്‍പ്പെട്ടു.
രാവിലെ നൂറടിയില്‍നിന്നും പുറപ്പെട്ട സ്വകാര്യബസ് നെറുനെല്ലിവരെ സര്‍വ്വീസ് നടത്തി തിരിച്ചുപോയി. കാരപ്പാറ, വിക്‌ടോറിയ എന്നീ ബസ്സുകളും ചെറുനെല്ലിവരെ സര്‍വ്വീസ് നടത്തി തിരിച്ചുപോയി. ഹെയര്‍പിന്‍ ബെന്‍ഡില്‍ മരം വീണതുകാരണം പെട്ടെന്ന് ബസ്സുകള്‍ക്ക് തിരിച്ചുപോകുവാന്‍ സാധിച്ചില്ല.  കൂടാതെ അനേകം ഇരുചക്രവാഹനങ്ങളും ഗതാഗതതടസ്സത്തില്‍ കുടുങ്ങി.  മരം വീഴുന്ന സമയത്ത് വളവില്‍ വാഹനങ്ങള്‍ ഇല്ലാത്തതുകൊണ്ട് വന്‍അപകടം ഒഴിവായി.

RELATED STORIES

Share it
Top