മയ്യന്നൂരില്‍ മുസ്‌ലിം ലീഗ്- സിപിഎം സംഘര്‍ഷം

വടകര: മയ്യന്നൂരില്‍ മുസ്‌ലിംലീഗ് സിപിഎം സംഘര്‍ഷത്തില്‍ നിരവധിപേര്‍ക്ക് പരിക്കേറ്റു.  പാര്‍ട്ടി ഓഫിസുകളും അക്രമിക്കപ്പെട്ടു. മയ്യന്നൂര്‍ ശാഖാ ലീഗ് ഓഫിസാണ് അക്രമിക്കപ്പെട്ടത്. ടൗണിലെ എസ്‌കെഎസ്എസ്എഫ് സ്ഥാപിച്ച സൈറ്റ് ബോര്‍ഡുകളും തകര്‍ത്തു.  ഞായറാഴ്ച രാത്രിയോടെയായിരുന്നു സംഭവം.
സിപിഎമ്മിന്റെ മയ്യന്നൂര്‍ ടൗണിലെ ബ്രാഞ്ച്കമ്മിറ്റി ഓഫിസും അക്രമിക്കപ്പെട്ടു. സംഘമായെത്തിയ സിപിഎം പ്രവര്‍ത്തകര്‍ മുസ്‌ലിം ലീഗ് ഓഫിസ് അടിച്ചു തകര്‍ക്കുകയായിരുന്നുവെന്ന് ലീഗ് നേതൃത്വം പറഞ്ഞു. ഓഫിസിന്റെ ജനല്‍ ചില്ലുകള്‍ തച്ചു തകര്‍ത്തു. മുസ്‌ലിംലീഗ് പ്രദേശിക നേതാവ് ചെത്തില്‍ സുബൈറിന്റെ വീടിനു നേരെയും അക്രമമുണ്ടായി. വീടിന്റെ ജനല്‍ ചില്ലുകള്‍ തകര്‍ത്തു. വീടിനു മുമ്പിലുണ്ടായിരുന്ന കസേരകള്‍ വലിച്ചെറിഞ്ഞു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവരെ കൈയ്യേറ്റം ചെയ്തതായും പരാതിയുണ്ട്.
സുബൈറിന്റെ സഹോദര ഭാര്യ ഷംസീറ(27),മരുമകന്‍ നിഷാദ്(17)എന്നിവര്‍ക്ക് അക്രമത്തില്‍ പരിക്കേറ്റു. ഇരുവരും വടകര സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലാണ്.വീട്ടു മുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കും തകര്‍ത്താണ് അക്രമികള്‍ സ്ഥലം വിട്ടത്. സംഘര്‍ഷം നിയന്ത്രിക്കാനെത്തിയ പൊലിസിനെ അക്രമിക്കുകയും ഔദ്യോഗിക കൃത്യ നിര്‍വഹണം തടസ്സപെടുത്തിയതിനും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ കേസ്സെടുത്തിട്ടുണ്ട്.
പരിക്കേറ്റ  സിപിഎം പ്രവര്‍ത്തകരായ ഷാജി, അനീഷ്, നിധിന്‍ എന്നിവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. അക്രമത്തില്‍ പ്രതിഷേധിച്ച് മയ്യന്നൂരില്‍ ഹര്‍ത്താല്‍ ആചരിച്ചു.  പൊലിസിനെ ആക്രമിച്ച സംഭവത്തില്‍ നാല് സിപിഎം പ്രവര്‍ത്തകരെയും ഒരു മുസ്‌ലിം ലീഗ് പ്രവര്‍ത്തകനേയും അറസ്റ്റ് ചെയ്തു. നടക്കുതാഴ പുതിയോട്ട് മീത്തല്‍ പ്രകാശന്‍, മയ്യന്നൂര്‍ പാലോള്ള പറമ്പത്ത് സജീഷ്, മയ്യന്നൂര്‍ കല്ലുനിരപറമ്പത്ത് വിജീഷ്, തട്ടാറത്ത് മീത്തല്‍ വിബീഷ്, കാവി മക്കാരത്ത് അനസ് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.വടകര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
അതേസമയം  ക്രമസമാധാന പ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന പ്രദേശത്ത് സിപിഎം പ്രവര്‍ത്തകര്‍ ആസൂത്രിതമായ അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് മുസ്‌ലിംലീഗ് നേതാക്കള്‍ കുറ്റപ്പെടുത്തി. സിപിഎം അക്രമത്തില്‍ പ്രതിഷേധിച്ച് മയ്യന്നൂര്‍, വില്യാപ്പള്ളി എന്നിവിടങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു. മയ്യന്നൂരിലെ  അക്രമത്തില്‍ വില്യാപ്പള്ളി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധിച്ചു. ബോധപൂര്‍വ്വം സംഘര്‍ഷമുണ്ടാക്കുന്ന സിപിഎം പ്രവര്‍ത്തകരെ നേതൃത്വം നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top