മയക്കുമരുന്ന് കേസുകളില്‍ 500 ശതമാനം വര്‍ധനകണ്ണൂര്‍: ബാര്‍ ഹോട്ടലുകള്‍ നിരോധിച്ചതിനെ തുടര്‍ന്ന് മയക്കുമരുന്ന്, കഞ്ചാവ് ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ വര്‍ധിച്ചതായി എക്‌സൈസ് വകുപ്പിന്റെ കണക്കുകള്‍. 2015 ജനുവരി ഒന്നു മുതല്‍ മെയ് വരെ 457 കേസുകളാണ് റിപോര്‍ട്ട് ചെയ്തതെങ്കില്‍ 2016 ജൂണ്‍ ഒന്നുമുതല്‍ മെയ് 31 വരെ 952 കേസുകളും 2017 ജനുവരി മുതല്‍ മെയ് വരെ 2179 കേസുകളും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്. പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്ന കേസിലും വന്‍ വര്‍ധനയാണ് രേഖപ്പെടുത്തിയത്. 2015ല്‍ 888 കേസാണ് റിപോര്‍ട്ട്  ചെയ്തതെങ്കില്‍ 2017 ജനുവരി 1 മുതല്‍ മെയ് 31 വരെ 28996 കേസാണ് റിപോര്‍ട്ട് ചെയ്തത്. 13 വയസ്സ് മുതലുള്ള കുട്ടികള്‍ ലഹരി പദാര്‍ഥങ്ങള്‍ ഉപയോഗിക്കുന്നുവെന്നാണ് പഠനം പറയുന്നത്. കാംപസുകള്‍ കേന്ദ്രീകരിച്ച് മയക്കുമരുന്ന് കഞ്ചാവ് ഉപയോഗം വര്‍ധിക്കുന്നതായും കണ്ടെത്തി. ലഹരി മുക്ത ബോധവല്‍ക്കരണ പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച കണ്ണൂര്‍ ജില്ലാതല ശില്‍പശാലയില്‍ എക്‌സൈസ് വകുപ്പ് അധികൃതരാണ് കണക്കുകള്‍ അവതരിപ്പിച്ചത്. മദ്യം ലഭിക്കാത്തപ്പോള്‍ പുതിയതരം ലഹരി പദാര്‍ഥങ്ങളാണ് കേരളത്തില്‍ സുലഭമായി എത്തുന്നത്. വടക്കേ ഇന്ത്യയില്‍ നിന്നാണ് കഞ്ചാവ് കൂടുതല്‍ കേരളത്തിലേക്ക് ഒഴുകുന്നത്. തമിഴ്‌നാട്ടില്‍ നിന്ന് യഥാര്‍ഥ റോഡിലെ ചെക് പോസ്റ്റിനെ മറികടക്കാന്‍ ഇടുക്കി വഴിയാണ് കഞ്ചാവെത്തിക്കുന്നത്. ഇടുക്കി വഴി വരുന്ന കഞ്ചാവ് ഗോള്‍ഡ് എന്നാണറിയപ്പെടുന്നത്. ഇതിന് ആവശ്യക്കാരേറെയാണ്. ഇതര സംസ്ഥാന തൊഴിലാളികള്‍ അധിവസിക്കുന്ന മേഖലകളില്‍  വീടുകളില്‍ പോലും കഞ്ചാവ് കൃഷി ചെയ്യുന്നുണ്ട്. ഇവര്‍ക്കെതിരേ കര്‍ശന നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. നിയമത്തിന്റെ പഴുതുകള്‍ ഉപയോഗിച്ചാണ് പലപ്പോഴും കുറ്റക്കാര്‍ രക്ഷപ്പെടുന്നത്. എക്‌സൈസ് വകുപ്പിലെ ഉദ്യോഗസ്ഥരുടെ കുറവ് മേഖലയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. 900 ഗ്രാം കഞ്ചാവ് പിടിച്ചാല്‍ വരെ പോലിസ് സ്റ്റേഷനില്‍ നിന്ന് തന്നെ ജാമ്യം ലഭിക്കുന്ന വകുപ്പും കുറ്റവാളികള്‍ രക്ഷപ്പെടാന്‍ കാരണമാവുന്നുണ്ട്. മാത്രമല്ല കഞ്ചാവ് പിടിച്ചാല്‍ നേരത്തേ ഗസ്റ്റഡ് ഉദ്യോഗസ്ഥന്‍ സാക്ഷ്യപ്പെടുത്തണമായിരുന്നു. ഇപ്പോഴത് മാറ്റി മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തണമെന്ന നിയമം പ്രതികള്‍ക്ക് സഹായകമാവുകയാണ്. നാവിനടിയിലെ സ്റ്റാമ്പ് പോലുള്ള പുതിയ ലഹരി പദാര്‍ഥങ്ങളും സുലഭമാണ്. പാന്‍പരാഗ് പോലുള്ള ലഹരി ലഭിക്കുന്ന പച്ച മിഠായികളും സ്‌കൂള്‍ പരിസരങ്ങളില്‍ വില്‍പന നടക്കുന്നതായി ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ഇതിനെല്ലാമെതിരേ കര്‍ശന പരിശോധനയും നടപടി ക്രമങ്ങളും സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. അതേസമയം, ബാര്‍ നിരോധനത്തിലൂടെയുള്ള ലഹരി നിരോധനത്തിനെതിരായ അഭിപ്രായം രൂപപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയുള്ളതാണ് കണക്കുകളെന്നും കേസ് രജിസ്റ്റര്‍ ചെയ്യുന്നതിലെ വര്‍ധനവിനെ ദുര്‍വ്യാഖ്യാനിക്കുകയാണെന്നും ആക്ഷേപമുയര്‍ന്നിട്ടുണ്ട്.

RELATED STORIES

Share it
Top