മയക്കുമരുന്നുമായി രണ്ടംഗസംഘം അറസ്റ്റില്‍

പെരിന്തല്‍മണ്ണ: മയക്കു മരുന്നു വിപണന മേഖലയിലെ വന്‍സംഘത്തിലുള്‍പ്പെട്ട രണ്ടു പേരെ മയക്കുമരുന്നു ഗുളികകളുമായി പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. മലപ്പുറം പൊന്‍മള സ്വദേശി പട്ടര്‍ക്കടവന്‍ അബ്ദുള്‍ ജലീല്‍ (44), വണ്ടൂര്‍ പൂങ്ങോട് സ്വദേശി ഒറ്റകത്ത് വീട്ടില്‍ മുബാറക് (36) എന്നിവരെയാണ് പെരിന്തല്‍മണ്ണ ബൈപ്പാസ് റോഡിലുള്ള ഓഡിറ്റോറിയത്തിന് മുന്‍വശത്ത് വെച്ച് പോലിസ് അറസ്റ്റ് ചെയ്തത്. ഒരിക്കല്‍ ഉപയോഗിച്ചാല്‍ 24 മണിക്കൂര്‍ സമയം ലഹരി ലഭിക്കുന്നതായ 43000 ത്തോളം മയക്കുമരുന്നു ഗുളികകളുമായാണ് പ്രതികളെ പിടികൂടിയത്.
പിടിച്ചെടുത്ത മയക്കു മരുന്ന് ഗുളികകള്‍ക്ക് വിദേശ മാര്‍ക്കറ്റില്‍ 86 ലക്ഷത്തോളം രൂവ വില വരും. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ യുവാക്കളും സ്ത്രീകളുമടക്കമുള്ളവര്‍ വിവിധ തരത്തിലുള്ള മയക്കു മരുന്നു ഗുളികകള്‍ ഉപയോഗിക്കുന്നതായും വിപണനം നടത്തുന്നതായുമുള്ള രഹസ്യ റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് ജില്ലാ പോലീസ് ചീഫ് ദേബേഷ് കുമാര്‍ ബെഹ്‌റയുടെ നിര്‍ദേശപ്രകാരം പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹന ചന്ദ്രന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ഒരുമാസത്തോളം നടത്തിയ നിരീക്ഷണത്തിലാണ് പ്രതികളെ പിടികൂടിയത്. വിദേശരാജ്യങ്ങളില്‍ ഒരു ടാബ്‌ലറ്റിന് 300-400 രൂപയും ഇന്ത്യയില്‍ വിവിധയിടങ്ങളില്‍ പല രൂപത്തിലായി 100 മുതല്‍ 200 രൂപയുമാണ് ഒരു ഗുളികക്ക് വില ഈടാക്കുന്നത്. ഇന്ത്യയില്‍ വിവിധ സംസ്ഥാനങ്ങളിലെ പ്രധാനപട്ടണങ്ങളിലെ നിശാപാര്‍ട്ടികളിലും ഡിജെ പാര്‍ട്ടികളിലും  ഈ മയക്കുമരുന്നു ഗുളികകള്‍ വന്‍തുക ഈടാക്കി വില്‍പന നടത്തിവരുന്നതായും ചോദ്യം ചെയ്യലില്‍ പ്രതികള്‍ മൊഴി നല്‍കി. 100 എം ജിയില്‍ കൂടുതല്‍ ഡോസില്‍ നിര്‍മിക്കാന്‍ അനുമതിയില്ലാത്ത ഇത്തരം ടാബ്‌ലെറ്റുകള്‍ മയക്കുമരുന്നു വിപണന മേഖല ലക്ഷ്യമാക്കി മാത്രം സംഘം നിര്‍മിച്ചെടുത്ത ശേഷം തമിഴ്‌നാട്, ആന്ധ്ര, കര്‍ണ്ണാടക എന്നിവിടങ്ങളില്‍ ആളുകളെ തെരഞ്ഞെടുത്ത് അവര്‍ക്ക് വിദേശ വിസയും ടിക്കറ്റും ശേഖരിച്ച ശേഷം എയര്‍പോര്‍ട്ടിലെ സ്‌കാനിങില്‍ തിരിച്ചറിയാനാവാത്തവിധം ബേഗിന്റെ ഉള്‍വശങ്ങളില്‍ പാക്കാക്കിയാണ് ഇവ ഇന്ത്യയില്‍ നിന്നും വിദേശ മാര്‍ക്കറ്റുകളിലെത്തിക്കുന്നത്.ഇത്തരത്തില്‍ മുമ്പ് മയക്കുമരുന്നു ഗുളികകള്‍ വിദേശങ്ങളിലേക്കയച്ച ഈ സംഘത്തിലെ കരിയര്‍മാരെ ഗള്‍ഫില്‍ വച്ച് പോലിസ് പിടികൂടിയതായും അവര്‍ വിദേശ ജയിലുകളില്‍ ജയില്‍ശിക്ഷ അനുഭവിച്ചു വരികയാണെന്നും പ്രതികള്‍ അന്വേഷണ സംഘത്തിനോടു പറഞ്ഞു.
സംഘത്തിലെ പിടികിട്ടാനുള്ള മുഖ്യപ്രതിയുടെ വീടിനോടു ചേര്‍ന്നുള്ള രഹസ്യ സങ്കേതത്തില്‍ ഒളിപ്പിച്ചുവെച്ച മയക്കുമരുന്നു ഗുളികകളും അന്വേഷണ സംഘം പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളെ ഇന്ന് പെരിന്തല്‍മണ്ണ കോടതി മുമ്പാകെ ഹാജരാക്കും. ഈ സംഘത്തിലുള്‍പ്പെട്ട മുഖ്യ പ്രതിയെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും അവരുള്‍പ്പെട്ട മയക്കു മരുന്നു വിപണന കേസുകളെ കുറിച്ചും അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പോലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റ, ഡിവൈഎസ്പി എം പി മോഹനചന്ദ്രന്‍ എന്നിവര്‍ അറിയിച്ചു. പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ ടി എസ്ബിനു, എസ്‌ഐ വി കെ കമറുദ്ദീന്‍, ടൗണ്‍ ഷാഡോ ടീമിലെ അന്വേഷണ ഉദ്യോഗസ്ഥരായ സി പി മുരളി, പി എന്‍ മോഹനകൃഷ്ണന്‍, എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ദിനേശ് കിഴക്കേക്കര, പ്രദീപ്കുമാര്‍, അനീഷ് പൂളക്കല്‍, അജീഷ്, ഡബ്ല്യുസിപിഒ മാരായ ജയമണി,ആമിന എന്നിവരടങ്ങിയ സംഘമാണ് പ്രതി—കളെ അറസ്റ്റ് ചെയ്ത് തുടരന്വേഷണം നടത്തുന്നത്.

RELATED STORIES

Share it
Top