മന്ത്രി സുധാകരനെ ബിജെപി കരിങ്കൊടി കാണിച്ചുകായംകുളം: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിയുടെ ഉദ്ഘാടനത്തിനെത്തിയ മന്ത്രി ജി സുധാകരനെ ബിജെപി കൗണ്‍സിലര്‍മാര്‍ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് ബിജെപി കൗണ്‍സിലര്‍മാരും സിപിഎം പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം.പ്രധാന്‍ മന്ത്രി ആവാസ് യോജനപദ്ധതിയുടെ കായംകുളം നഗരസഭ തല ഉദ്ഘാടനവേദിയായ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെയായിരുന്നു സംഭവം. പരിപാടിക്കെത്തിയ മന്ത്രി ഉദ്ഘാടന പ്രസംഗം നടത്തവേ സദസ്സിലുണ്ടായിരുന്ന വനിതാ കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെ ബിജെപി യുടെ ആറു കൗണ്‍സിലര്‍മാര്‍ പദ്ധതിയുടെ ഉദ്ഘാടന നോട്ടീസില്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ചിത്രവും പേരും വെച്ചില്ലന്നു ആരോപിച്ചു കരിങ്കൊടിയുമായി പ്രതിഷേധ മുദ്രാവാക്യം മുഴക്കി വേദിയുടെ അരികിലേക്ക് എത്തുകയായിരുന്നു. കരിങ്കൊടി കാണിച്ച  ബിജെപി കൗണ്‍സിലര്‍മാരെ തടയാന്‍ സദസ്സിലുണ്ടായിരുന്ന സിപിഎം പ്രവര്‍ത്തകര്‍ ഇറങ്ങിയതോടെ ഇരുവിഭാഗങ്ങളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയും  കസേരയേറും നടന്നു. സംഘര്‍ഷത്തിനിടെ സിപിഎം പ്രവര്‍ത്തകര്‍ ബിജെപി കൗണ്‍സിലര്‍മാരെ ബലം പ്രയോഗിച്ചു ഹാളിനു പുറത്തിറക്കി. തുടര്‍ന്ന് പോലിസ് എത്തി ബിജെപി കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തുനീക്കി. സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി കൗണ്‍സിലര്‍മാരായ രമണി ദേവരാജ്, ഓമന അനില്‍കുമാര്‍, സുരേഖാ ദിലീപ് എന്നിവരെ  കായംകുളം താലൂക്കാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിപാടിയില്‍ ഒരു കക്ഷി രാഷ്ട്രീയവും പയറ്റിയിട്ടില്ലെന്നും സംഭവത്തില്‍ പ്രതിഷേധം അറിയിക്കേണ്ടത് ഇപ്പോഴായിരുന്നില്ലന്നും മന്ത്രി ജി സുധാകരന്‍ പറഞ്ഞു. സംഭവത്തില്‍ ബിജെപി നിയോജകമമണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു.

RELATED STORIES

Share it
Top