മന്ത്രി ശിവകുമാര്‍ എഐസിസിക്ക് കണക്കില്‍ കൊള്ളിക്കാത്ത പണം നല്‍കി: ആദായനികുതി വകുപ്പ്

ബംഗളൂരു: കര്‍ണാടക മന്ത്രി ഡി കെ ശിവകുമാര്‍ അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി (എഐസിസി)ക്ക് കണക്കില്‍ കൊള്ളിക്കാത്ത പണം നല്‍കിയെന്ന് ആദായ നികുതി വകുപ്പ്.
സാമ്പത്തിക കുറ്റകൃത്യങ്ങള്‍ വിചാരണ ചെയ്യാനുള്ള പ്രത്യേക കോടതിയില്‍ ആദായനികുതി വകുപ്പ് സമര്‍പ്പിച്ച പരാതിയിലാണ് ഇക്കാര്യം പറയുന്നത്. 2017 ജനുവരിയില്‍ രണ്ടു ഘട്ടങ്ങളിലായി മൂന്നു കോടി നല്‍കിയത് മുല്‍ഗുന്ദ് ആണ്. ശിവകുമാറിന്റെയും കേസിലെ മറ്റൊരു പ്രതിയായ സുനില്‍ കുമാര്‍ ശര്‍മയുടെയും നിര്‍ദേശ പ്രകാരമായിരുന്നു പണം കൈമാറിയത്. മറ്റ് മൂന്നു പ്രതികളുടെ സഹായത്തോടെ ഹവാല മാര്‍ഗങ്ങള്‍ വഴിയാണു ശിവകുമാറും ശര്‍മയും കണക്കില്‍പ്പെടാത്ത പണം കൈമാറിയത്.
ഡല്‍ഹിയിലും ബംഗളൂരുവിലും കള്ളപ്പണം ഉപയോഗപ്പെടുത്തുന്നതിന് ശിവകുമാര്‍ വിപുലമായ ശൃംഖല സ്ഥാപിച്ചിട്ടുണ്ടെന്ന് വ്യക്തമായിട്ടുണ്ട്- പരാതിയില്‍ പറഞ്ഞു.
സച്ചിന്‍ നാരായണ്‍, ആഞ്ജനേയ ഹനുമത്തയ്യ, എന്‍ രാജേന്ദ്ര എന്നിവരാണ് കേസിലെ മറ്റു പ്രതികള്‍. ശിവകുമാറിന്റെ വ്യാപാര പങ്കാളിയാണു നാരായണ്‍. ശര്‍മ ട്രാന്‍സ്‌പോര്‍ട്ടിന്റെ ഉടമയാണ് ശര്‍മ. ഹനുമത്തയ്യ ഡല്‍ഹിയിലെ കര്‍ണാടക ഭവനിലെ ജീവനക്കാരനും രാജേന്ദ്ര അതിന്റെ സൂക്ഷിപ്പുകാരനുമാണെന്നും ആദായനികുതി വകുപ്പ് പറയുന്നു.
അതേസമയം, നികുതി വെട്ടിപ്പ് നടത്തിയതിനും വ്യാജ ആദായനികുതി പ്രസ്താവന സമര്‍പ്പിച്ചതിനും ശിവകുമാറിനെതിരേ പ്രത്യേക കോടതി പുതിയ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തു.

RELATED STORIES

Share it
Top