മന്ത്രി വി എസ് സുനില്‍ കുമാര്‍ ചോക്കാട് സീഡ് ഫാമില്‍ മിന്നല്‍ സന്ദര്‍ശനം നടത്തി

കാളികാവ്: ചോക്കാട് സീഡ്ഫാമില്‍ കൃഷി വകുപ്പ് മന്ത്രിയുടെ മിന്നല്‍ പരിശോധന. വിത്തുല്‍പാദന കേന്ദ്രവുമായി  ബന്ധപ്പെട്ട് നിരവധി പരാതികള്‍ ഉയര്‍ന്ന പശ്ചാതലത്തിലാണ് മന്ത്രി സന്ദര്‍ശനം നടത്തിയത്. ജീവനക്കാര്‍ സ്ഥലത്തില്ലാത്തത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ മന്ത്രി പരിശോധിച്ചു. നിലമ്പൂരിലേക്കുള്ള യാത്രാ മധ്യേ ആണ് മന്ത്രി സീഡ് ഫാമില്‍ സന്ദര്‍ശനം നടത്തിയത്.സീഡ് ഫാമില്‍ തൊഴിലാളികളും ഉദ്യോഗസ്ഥരും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ മന്ത്രി നേരിട്ട് ചോദിച്ചറിഞ്ഞു. എല്ലാവരുടേയും പരാതികള്‍ അന്വേഷിച്ചറിയുകയും പ്രശ്‌ന പരിഹാരത്തിന് നടപടികള്‍ ഉണ്ടാകുമെന്ന് അറിയിക്കുകയും ചെയ്തു. സന്ദര്‍ശനത്തിനിടെ കണ്ടെത്തിയ പ്രശ്‌നങ്ങള്‍ രേഖപ്പെടുത്തുകയും സ്ഥലത്തില്ലാത്ത ഉദേ്യാഗസ്ഥരെ ഫോണില്‍ ബന്ധപ്പെട്ട് വിശദീകരണം ചോദിക്കുകയും ചെയ്തതായി അറിയുന്നു. സീഡ് ഫാമില്‍ ഉത്പാദിപ്പിക്കുന്ന വസ്തുക്കള്‍ സ്റ്റാള്‍ ഒരുക്കി വില്‍പന നടത്താന്‍ നിര്‍ദേശം നല്‍കി. ഫാമിലെ തൊഴിലാളികളെ അടുത്ത മാസം ഒന്നാം തിയ്യതി മുതല്‍ സ്ഥിരപ്പെടുത്തി സര്‍ക്കാര്‍ ഉത്തരവായതായി മന്ത്രി അറിയിക്കുകയും ചെയ്തു. കൃഷി ഫാമിനെ സ്വന്തം പുരയും പറമ്പും കാക്കുന്ന പോലെ സംരക്ഷിക്കാനും നഷ്ട കണക്കുകളില്‍ പെടാതിരിക്കാന്‍ ആത്മാര്‍ത്ഥതയോടെ ജോലി ചെയ്യാനും അതിന് തടസ്സമുള്ള പ്രശ്‌നങ്ങള്‍ മേലുേദ്യാഗസ്ഥരില്‍ നിന്നും ഉണ്ടായാല്‍ ചൂണ്ടി കാണിക്കാന്‍ തയ്യാറാകണമെന്നും മന്ത്രി തൊഴിലാളികളോട് പറഞ്ഞു. ഫാമിന്റെ പുരോഗതിക്ക് വേണ്ടിയുള്ള ജനകീയ കമ്മിറ്റി ചേരാറെയില്ലെന്നതിനാല്‍ കര്‍ശനമായും മൂന്നു മാസത്തില്‍ ഒരിക്കലെങ്കിലും ചേരണമെന്നും മന്ത്രി നിര്‍ദേശിച്ചു. സിപിഐ  ജില്ലാ സിക്രട്ടറി പി പി  സുനീര്‍, ജില്ലാ കമ്മിറ്റി അംഗം  കെ പ്രഭാകരന്‍,  തുടങ്ങിയവരും സി പി ഐ പ്രാദേശിക നേതാക്കളും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

RELATED STORIES

Share it
Top