മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി

ചാവക്കാട്: കടപ്പുറം പഞ്ചായത്തിലെ ഫിഷ് ഫാം ഉദ്ഘാടനം കഴിഞ്ഞു മടങ്ങവെ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനെത്തിയ മന്ത്രി മേഴ്‌സിക്കുട്ടിയമ്മയെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ച് കാര്‍ തടഞ്ഞു. യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്കു നേരെ സിപിഎം പ്രവര്‍ത്തകരും ഇറങ്ങിയതോടെ സ്ഥലത്തു സംഘര്‍ഷാവസ്ഥയായി. പോലിസ് ലാത്തിവീശി ഇരുകൂട്ടരെയും വിരട്ടിയോടിച്ചു. പഞ്ചായത്ത് മെംബര്‍ ഉള്‍പ്പെടെ രണ്ട് യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. സംഭവം കാമറയില്‍ പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകനെ പോലിസ് അകാരണമായി പോലിസ് വാനില്‍ കയറ്റി സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി.
ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. പഞ്ചായത്ത് മെംബര്‍ പി എ അശ്കറലി, യൂത്ത് ലീഗ് കടപ്പുറം പഞ്ചായത്ത് സെക്രട്ടറി ടി ആര്‍ ഇബ്രാഹീം എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഉദ്ഘാടനം കഴിഞ്ഞ് മടങ്ങവെ മന്ത്രിയുടെ വാഹനത്തിനു മുന്നിലേക്ക് 15ഓളം യൂത്ത്‌ലീഗ് പ്രവര്‍ത്തകര്‍ ചാടിവീഴുകയായിരുന്നു. ഇതോടെ പോലിസ് ഓടിയെത്തി പ്രതിഷേധക്കാരെ ബലം പ്രയോഗിച്ച് മാറ്റി. അഞ്ചു മിനിറ്റോളം കാര്‍ തടഞ്ഞിട്ടു. ഇതിനിടെയാണു ദൃശ്യം കാമറയി ല്‍ പകര്‍ത്തുകയായിരുന്ന ടിസിവി ചാവക്കാട് റിപോര്‍ട്ടര്‍ ആര്‍ എച്ച് ഹാരിസിനെ സിഐ ജി ഗോപകുമാര്‍ ബലംപ്രയോഗിച്ച് പോലിസ് വാനില്‍ കയറ്റിയത്. മാധ്യമ പ്രവര്‍ത്തകനാണെന്നറിയിച്ചിട്ടും സിഐ ചെവിക്കൊണ്ടില്ല. സ്‌റ്റേഷനിലെത്തിച്ച ശേഷം അരമണിക്കൂര്‍ കഴിഞ്ഞാണ് വിട്ടയച്ചത്.
കടപ്പുറം പഞ്ചായത്തിലെ കടല്‍ക്ഷോഭ ബാധിത പ്രദേശങ്ങള്‍ എംഎല്‍എ സന്ദര്‍ശിക്കാത്തതിലും കടലോര മേഖലയിലെ ജനങ്ങളെ സര്‍ക്കാര്‍ അവഗണിക്കുന്നതിലും പ്രതിഷേധിച്ചായിരുന്നു മന്ത്രിക്ക് നേരെ കരിങ്കൊടി വീശിയത്.

RELATED STORIES

Share it
Top