മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നെന്ന്

സുല്‍ത്താന്‍ ബത്തേരി: നിലമ്പൂര്‍-നഞ്ചന്‍കോഡ് റെയില്‍വേ പാതക്ക് കര്‍ണാടകയുടെ അനുമതി സംബന്ധിച്ച് മന്ത്രി ജി സുധാകരന്‍ വീണ്ടും നിയമസഭയെ തെറ്റിദ്ധരിപ്പിച്ചുവെന്ന് നീലഗിരി വയനാട് എന്‍ എച്ച് & റെയില്‍വേ ആക്ഷന്‍ കമ്മിറ്റി.
എം ഉമ്മര്‍ എംഎല്‍എ യുടെ ചോദ്യത്തിനുള്ള മറുപടിയിലാണ് കര്‍ണാടകയിലെ ബന്ദിപ്പൂര്‍ വനത്തില്‍ റെയില്‍വേ കടന്നുപോകുന്നതിനെതിരെ വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ വിജ്ഞാപനമുണ്ടെന്നും അതിനാല്‍ പുതിയ അലൈന്‍മെന്റ് തയ്യാറാക്കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നു എന്നും മന്ത്രി പറഞ്ഞത്.  കര്‍ണാടക തടസ്സമുന്നയിക്കുന്നതിനാലാണ് നഞ്ചന്‍കോഡ്-നിലമ്പൂര്‍ റെയില്‍പാത നടപ്പാക്കാനാവാത്തത് എന്നാണ് മന്ത്രി പലപ്പോഴായി ആവര്‍ത്തിക്കുന്നത്.  എന്നാല്‍ കര്‍ണാടകയിലെ വനത്തില്‍ തുരങ്കത്തിലൂടെയാണ്  റയില്‍പാത കടന്നുപോകുന്നതെങ്കില്‍ സര്‍വേക്ക് അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ സ്വീകരിക്കാന്‍ കര്‍ണാടക സര്‍ക്കാരിന് സമ്മതമാണ് എന്നറിയിച്ചുകൊണ്ട് 2017 നവംബര്‍ 8 ന് കര്‍ണാടക വനം വകുപ്പ് അഡി. ചീഫ് സെക്രട്ടറി കേരളാ ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറിക്കും ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ ക്കും കത്തു നല്‍കിയിട്ടുണ്ട്.  ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ കഴിഞ്ഞ ആഗസ്ത 18ന് ഉന്നയിച്ച സബ്മിഷന് മന്ത്രി ജി സുധാകരന്‍ നഞ്ചന്‍ഗോഡ്-നിലമ്പൂര്‍ പാതക്ക് കര്‍ണ്ണാടക സര്‍ക്കാര്‍ എതിരാണെന്നും കര്‍ണാടകയാണ് കേരളത്തിന്റെ ശത്രു എന്നും നിയമസഭയില്‍ പ്രഖ്യാപിച്ചിരുന്നു.  ഈ റെയില്‍പാതക്ക് വേണ്ടി വയനാട്ടുകാര്‍ ചാടിയിട്ട് കാര്യമില്ല എന്നും അദേഹം നിയമസഭയില്‍ പ്രഖ്യാപിച്ചു.  തുടര്‍ന്ന് ഐ സി ബാലകൃഷ്ണന്‍ എംഎല്‍എ യും നീലഗിരി വയനാട് എന്‍ എച്ച് ആന്റ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ഇതിന്റെ നിജസ്ഥിതി അറിയാനായി കര്‍ണ്ണാടക വനം വകുപ്പ്  അഡീ. ചീഫ് സെക്രട്ടറിയുമായി ചര്‍ച്ച നടത്തി.
ഈ ചര്‍ച്ചയില്‍ തുരങ്കം വഴിയുള്ള റെയില്‍പാതക്ക് കര്‍ണാടകക്ക് യാതൊരു എതിര്‍പ്പുമില്ല എന്നും മന്ത്രി സൂചിപ്പിച്ച വിജ്ഞാപനം റെയില്‍പാതയ്ക്ക് തടസ്സമല്ല എന്നും അഡീ. ചീഫ് സെക്രട്ടറി വ്യക്തമാക്കിയിരുന്നു. ഈ വിവരം അദ്ദേഹം കേരളാ സര്‍ക്കാരിനേയും അറിയിച്ചു.  കത്തിന്റെ പകര്‍പ്പ് എംഎല്‍എ മന്ത്രിക്കും റെയില്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷനും നല്‍കിയെങ്കിലും യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല.
പാതയുടെ പരിസ്ഥിതി അനുമതി നല്‍കേണ്ടത് പരിസ്ഥിതി മന്ത്രാലയവും ദേശീയ കടുവാ സംരക്ഷണ അതോറിറ്റിയും ദേശീയ വന്യജീവി ബോര്‍ഡുമാണെന്നും അവരുടെ അനുമതി ലഭ്യമാക്കാനുള്ള നടപടികള്‍ കര്‍ണ്ണാടക സര്‍ക്കാര്‍ സ്വീകരിക്കുമെന്നും എന്നാല്‍ ഇതിനാവശ്യമായ അപേക്ഷ കേരള സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പ് കര്‍ണ്ണാടക സര്‍ക്കാറിന് നല്‍കണമെന്നുമാണ് കര്‍ണ്ണാടക അഡീ. ചീഫ് സെക്രട്ടറി അറിയിച്ചത്.  എന്നാല്‍ കേരള സര്‍ക്കാര്‍ ഈ കത്ത് പൂഴ്ത്തിവെച്ച് കര്‍ണ്ണാടകയെ കുറ്റപ്പെടുത്തുന്നത് തുടരുകയാണെന്ന് ആക്ഷന്‍കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.

RELATED STORIES

Share it
Top