മന്ത്രി കെ ടി ജലീലിന്റെ വിവാദ പ്രസംഗം യുഡിഎഫ് നിലപാടിനെതിരേ പ്രതിഷേധമുയരുന്നു

പി വി മോഹന്‍ദാസ്
എടപ്പാള്‍: സോഷ്യല്‍മീഡിയ ഹര്‍ത്താലിന്റെ മറവില്‍ താനൂരിലുണ്ടായ അക്രമസംഭവങ്ങളെ ധ്രുവീകരണത്തിനായി ഉപയോഗിക്കാന്‍ ശ്രമിച്ച മന്ത്രി കെ ടി ജലീലിന്റെ നടപടിക്കെതിരേ പ്രതികരിക്കാത്ത യുഡിഎഫ് നിലപാടിനെതിരേ പ്രതിഷേധമുയരുന്നു. ഹര്‍ത്താല്‍ ദിവസം അടച്ചിട്ട താനൂരിലെ കെആര്‍ ബേക്കറിയുള്‍പ്പെടെ 16 ഓളം വ്യാപാര സ്ഥാപനങ്ങളിലാണ് അക്രമമുണ്ടായത്.
കക്ഷിരാഷ്ട്രീയ വ്യാത്യാസമില്ലാതെ ജനങ്ങള്‍ ഏറ്റെടുത്ത ഈ പ്രതിഷേധത്തില്‍ വ്യാപാര സ്ഥാപനങ്ങള്‍ അക്രമിക്കപ്പെട്ടത് തികച്ചും ദൗര്‍ഭാഗ്യകരമാണ്. എന്നാല്‍, അക്രമങ്ങള്‍ക്കുശേഷം താനൂരിലെത്തിയ മന്ത്രി ജലീല്‍ തികച്ചും സങ്കുചിത താല്‍പര്യത്തോടെയാണ് ഈ സംഭവത്തെ നോക്കിക്കണ്ടതും പ്രതികരിച്ചതും. കെആര്‍ ബേക്കറിയുടമയ്ക്കുണ്ടായ നഷ്ടം ജനങ്ങളില്‍ നിന്നു പിരിച്ചുനല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പ്രദേശവാസികളായ ജനങ്ങളെ രണ്ടുതട്ടിലാക്കി ധ്രുവീകരണമുണ്ടാക്കാന്‍ നടത്തിയ ശ്രമം കണ്ടില്ലെന്നു നടിക്കുകയാണ് യുഡിഎഫ് നേതൃത്വം. മന്ത്രിയുടെ ദുഷ്പ്രചാരണത്തിനെതിരേ ഒരു പ്രതിഷേധ പ്രകടനം പോലും നടത്താന്‍ യുഡിഎഫ് തയ്യാറായില്ല. മുസ്്‌ലിംലീഗ് നേതൃത്വം പോലും ഇക്കാര്യത്തില്‍ തുടര്‍ന്നുവരുന്ന മൗനം യാദൃശ്ചികമല്ല.
കഴിഞ്ഞ മൂന്ന് നിയമസഭാ തിരഞ്ഞെടുപ്പുകളിലും മുസ്്‌ലിംലീഗിന്റേയും കോണ്‍ഗ്രസ്സിന്റേയും വലിയൊരു വിഭാഗം വോട്ട് നേടാന്‍ ജലീലിന് കഴിഞ്ഞിട്ടുണ്ട്. ഇരുപാര്‍ട്ടികളുടേയും പ്രാദേശിക നേതൃത്വത്തിലെ ഒട്ടേറെ നേതാക്കള്‍ മന്ത്രി ജലീലുമായി അടുത്ത ബന്ധം നിലനിര്‍ത്തി വരുന്നവരാണ്. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ മന്ത്രിക്കെതിരേ പ്രാദേശിക തലങ്ങളില്‍ ഒരുവിധ പ്രതിഷേധവും നടത്താന്‍ യുഡിഎഫ് നേതൃത്വം തയ്യാറാവുന്നില്ലെന്നതാണ് ആരോപണം.
ജലീലിന്റെ പ്രസ്താവനകള്‍ക്കെതിരേ യുഡിഎഫ് മൗനം പാലിക്കുമ്പോള്‍ ഈ വിഷയം ഏറ്റെടുത്ത് പ്രതിഷേധവുമായി രംഗത്തുള്ളത് എസ്ഡിപിഐയാണ്. കഴിഞ്ഞ ദിവസം കാലടി നരിപ്പറമ്പിലെ എംഎല്‍എ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി എസ്ഡിപിഐ രംഗത്തെത്തിയിരുന്നു. ജില്ലയിലെ മുഴുവന്‍ മണ്ഡലം കമ്മിറ്റികളുടേയും ആഭിമുഖ്യത്തില്‍ പ്രതിഷേധ മാര്‍ച്ചുകളും പ്രകടനങ്ങളും നടത്തി വരികയാണ് എസ്ഡിപിഐ പ്രവര്‍ത്തകര്‍.
താനൂരിലെ കെആര്‍ ബേക്കറി തകര്‍ക്കപ്പെട്ട കേസില്‍ ഒന്‍പത് പേര്‍ പിടിയിലായതില്‍ ഏഴുപേരും സിപിഎമ്മിന്റേയും ഡിവൈഎഫ്‌ഐയുടേയും സജീവ പ്രവര്‍ത്തകരും സ്ഥിരം ക്രിമിനലുകളുമാണ്.
നാട്ടുകാരില്‍ നിന്നു പണം പിരിച്ച് ബേക്കറിയുടമയ്ക്ക് നഷ്ടപരിഹാരം നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി ജലീല്‍ ഈ നഷ്ടപരിഹാരത്തുകയെങ്കിലും സിപിഎമ്മില്‍ നിന്നു വാങ്ങാനുള്ള നടപടിയാണ് കൈകൊള്ളേണ്ടതെന്ന് നാട്ടുകാര്‍ പറയുന്നു. അക്രമത്തിന്റെ ഉത്തരവാദിത്വം ഒരു സമുദായത്തില്‍ കെട്ടിവയ്ക്കാനും അതുവഴി സമുദായ ധ്രുവീകരണം ഉണ്ടാക്കാനും ലക്ഷ്യംവച്ചു കൊണ്ടുള്ള മന്ത്രിയുടെ നീക്കത്തിനെതിരേ പ്രതിഷേധിക്കുകയെന്ന ജനാധിപത്യ മര്യാദയെങ്കിലും കാണിക്കാത്ത യുഡിഎഫ് നിലപാടിനെതിരേ അണികള്‍ക്കിടയില്‍ തന്നെ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

RELATED STORIES

Share it
Top