മന്ത്രി ഉറപ്പു നല്‍കി; കരാറുകാരുടെ പണിമുടക്ക് പിന്‍വലിച്ചു

വടകര: ജല അതോറിറ്റി കരാറുകാര്‍ രണ്ടാഴ്ചയിലധികമായി നടത്തി വന്ന സമരം മന്ത്രിയുടെ ഉറപ്പിനെ തുടര്‍ന്ന് പിന്‍വലിച്ചതോടെ പമ്പിങ്ങ് പുനരാരംഭിക്കാന്‍ കരാറുകാര്‍ കഠിന ശ്രമം തുടങ്ങി. തകരാറിലായ പൈപ്പുകള്‍ നന്നാക്കുന്ന ജോലി രാപ്പകല്‍ തുടരുകയാണെന്ന് കരാറുകാര്‍ അറിയിച്ചു. കഴിഞ്ഞ 16 മുതലാണ് 11 മാസത്തെ കുടിശിക ആവശ്യപ്പെട്ട് കരാറുകാര്‍ സമരം തുടങ്ങിയത്. നേത്തെ നോട്ടീസ് നല്‍കിയിരുന്നെങ്കിലും അധികൃതര്‍ ചര്‍ച്ചക്ക് വിളിച്ച് സമരം അവസാനിപ്പിക്കാന്‍ തയ്യാറായില്ല.
നാല് മാസത്തെയെങ്കിലും കുടിശിക തന്നാല്‍ സമരം അവസാനിപ്പിക്കാമെന്നായിരുന്നു കരാറുകാര്‍ പറഞ്ഞത്. സമരം നീണ്ടതോടെ വടകര താലൂക്കില്‍ കുടിവെള്ള വിതരണം നിലച്ചു. പ്രശ്‌നം ഗുരുതരമായതോടെ വടകര എംഎല്‍എ സികെ നാണു, ബേപ്പൂര്‍ എംഎല്‍എ വികെസി മമ്മദ്‌കോയ എന്നിവര്‍ ചേര്‍ന്ന് തിരുവനന്തപുരത്ത് സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി.തോമസുമായി ചര്‍ച്ച നടത്തുകയായിരുന്നു.
കരാറുകാരുടെ സമരത്തെ തുടര്‍ന്ന് താലൂക്കിലെ കുടിവെള്ള വിതരണം ഏതാണ്ട് പൂര്‍ണ്ണമായും നിലച്ചിരിക്കുകയാണ്. പല സ്ഥലങ്ങളിലും പൈപ്പ് പൊട്ടിയതാണ് കുടിവെള്ളം പൂര്‍ണ്ണമായും നിലക്കാന്‍ കാരണമായത്. വെള്ളം വിതരണം ചെയ്യാനുള്ള ടാങ്കിലേക്ക് പോകുന്ന പ്രധാന പൈപ്പുകളും, വിതരണ പൈപ്പുകളുമാണ് പൊട്ടിക്കിടക്കുന്നത്. സമരം പിന്‍വലിച്ചെങ്കിലും പൊട്ടിയ പൈപ്പുകളുടെ എണ്ണം കൂടിയതോടെ വെള്ളം വിതരണം പഴയപടിയിലേക്കെത്താന്‍ കുറച്ചു ദിവസമെടുക്കുമെന്നാണ് ജല അതോറിറ്റി അറിയിച്ചത്. സമരം പിന്‍വലിച്ച സാഹചര്യത്തില്‍ രാപ്പകല്‍ അറ്റകുറ്റ പണി നടത്തി കുടിവെള്ള വിതരണം നടത്തുമെന്ന് കരാറുകാര്‍ അറിയിച്ചു.
താലൂക്കിലെ വാട്ടര്‍ അതോറിറ്റിക്ക് കീഴില്‍ പത്തോളം കരാറുകാരാണുള്ളത്. പല സ്ഥലങ്ങളിലായി നടത്തിയ മെയിന്റിനന്‍സ് പ്രവൃത്തികളുടെ കുടിശിക വന്‍ തോതില്‍ ലഭിക്കാനുണ്ട്. ഇത് പല തവണ അതോറിറ്റി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടും ഇതുവരെ നല്‍കിയിട്ടില്ലെന്ന് കരാറുകാര്‍ പറഞ്ഞു.
എന്നാല്‍ കുടിശിക ലഭ്യമാക്കാനുള്ള നടപടികള്‍ എടുക്കേണ്ടത് ഇന്നത അധികാരികളാണെന്നാണെന്നും, ഇത് സംബന്ധിച്ച് റിപോര്‍ട്ട് നല്‍കിയിട്ടുണ്ടെന്നുമാണ് അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞത്. നിലവില്‍ വേനല്‍ ആരംഭിച്ചതോടെ തീരദേശത്തെ കിണറുകളെല്ലാം വറ്റിത്തുടങ്ങിയിട്ടുണ്ട്. ചില കിണറുകളില്‍ ഉപ്പുരസവും കയറി.
മറ്റു ജലസ്രോതസ്സും പകുതിയോളം നിലച്ച സമയത്ത് ശുദ്ധജല വെള്ളം വിതരണം  മുടങ്ങിയതോടെ പൂര്‍ണ്ണമായി കുടിവെള്ളം മുട്ടിയ നിലയിലായിരുന്നു വടകര താലൂക്ക്. അതേസമയം നേരത്തെ നോട്ടീസ് നല്‍കിയിട്ടും ചര്‍ച്ച നടത്തി സമരം ഒത്തു തീര്‍പ്പാക്കാതെ അധികൃതര്‍ മൗനം പാലിച്ചത് രൂക്ഷ വിമര്‍ശനത്തിന് കാരണമായി.

RELATED STORIES

Share it
Top