മന്ത്രിസഭാ രൂപീകരണത്തിനു മുമ്പ് സഖ്യം തേടി തന്നെ കണ്ടിരുന്നു

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ട് അമ്മ മുന്നേറ്റ കഴകം നേതാവ് ടി ടി വി ദിനകരന്റെ വെളിപ്പെടുത്തല്‍. സഖ്യസാധ്യത തേടി ഉപമുഖ്യമന്ത്രി ഒ പന്നീര്‍സെല്‍വം 2017 ജൂലൈയില്‍ തന്നെ കണ്ടിരുന്നെന്നും പളനിസ്വാമിയുമായി കൂട്ടുകെട്ടുണ്ടാക്കുന്നത് തെറ്റാണെന്ന് പറഞ്ഞിരുന്നതായുമാണ് ദിനകരന്‍ വെളിപ്പെടുത്തിയിരിക്കുന്നത്. പളനിസ്വാമിക്ക് മുഖ്യമന്ത്രിയാകാന്‍ ആഗ്രഹമുണ്ടായിരുന്നെന്നും കൂടിക്കാഴ്ച നടന്നതിനു തെളിവുകളുണ്ടെന്നും ദിനകരന്‍ പറഞ്ഞു.
18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്കെതിരായ പരാതിയില്‍ കോടതി വിധി പറയാനിരിക്കെയാണ് പുതിയ വെളിപ്പെടുത്തല്‍. ജൂലൈയില്‍ കണ്ടതിനു ശേഷം സപ്തംബറിലും കാണണമെന്ന് ആവശ്യപ്പെട്ടിരുന്നതായും പളനിസ്വാമിയെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്താക്കാനായിരുന്നു ഇതെന്നും ദിനകരന്‍ പറഞ്ഞു. സര്‍ക്കാരിനെ സംരക്ഷിക്കാനായി പളനിസ്വാമിയെ സംരക്ഷിക്കുമെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ പന്നീര്‍സെല്‍വം ആവര്‍ത്തിച്ച് പറയുന്നതിനിടയിലാണ് ദിനകരന്റെ വെളിപ്പെടുത്തല്‍ എന്നതും ശ്രദ്ധേയമാണ്.
മന്ത്രിസഭയില്‍ ഒരു പ്രധാന സ്ഥാനം തനിക്ക് നല്‍കാനും പന്നീര്‍സെല്‍വത്തിനു പദ്ധതിയുണ്ടായിരുന്നു എന്നും ടി ടി വി പറഞ്ഞു.
ദിനകരനുമായി പന്നീര്‍സെല്‍വം കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ നടത്തിയ കൂടിക്കാഴ്ചയെക്കുറിച്ച് മുന്‍ എംഎല്‍എയും ദിനകരന്റെ വിശ്വസ്തനുമായ തങ്കത്തമിള്‍ സെല്‍വന്‍ വെളിപ്പെടുത്തിയതിന് പിന്നാലെയായിരുന്നു പന്നീര്‍സെല്‍വത്തിന്റെ പ്രസ്താവന.

RELATED STORIES

Share it
Top