മന്ത്രിസഭാ തീരുമാനം; സഹകരണ നയത്തിന്റെ കരട് അംഗീകരിച്ചു

തിരുവനന്തപുരം: സഹകരണ നയത്തിന്റെ കരട് മന്ത്രിസഭായോഗം അംഗീകരിച്ചു. സഹകരണ സ്ഥാപനങ്ങള്‍ക്ക് സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്നതിന് അനുയോജ്യമായ സാഹചര്യമൊരുക്കുക, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ വികസനപദ്ധതികള്‍ നടപ്പാക്കുന്നതിനുള്ള സംവിധാനമായി സഹകരണ സ്ഥാപനങ്ങളെ അംഗീകരിക്കുക തുടങ്ങിയ ലക്ഷ്യങ്ങളാണ് പുതിയ നയത്തിലുള്ളത്.
സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ സുഗമമായി വിതരണം ചെയ്യുന്നതിന് ധനകാര്യ വകുപ്പിനു കീഴില്‍ പ്രത്യേക കമ്പനി രൂപീകരിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പെന്‍ഷനാവശ്യമായ ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ കമ്പനിക്കു നല്‍കുന്നതാണ്. ഉപജീവന സഹായം എന്ന നിലയ്ക്കുള്ള പെന്‍ഷനുകള്‍ കൃത്യമായി മാസാമാസം വിതരണം ചെയ്യാന്‍ ഉദ്ദേശിച്ചാണ് കമ്പനി രൂപീകരിക്കുന്നത്. കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡിന്റെ ചെയര്‍മാന്‍ ധനകാര്യമന്ത്രിയും മാനേജിങ് ഡയറക്ടര്‍ ധനകാര്യവകുപ്പ് സെക്രട്ടറിയുമായിരിക്കും.
കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ റോഡ് കണക്റ്റിവിറ്റി പാക്കേജില്‍ വികസിപ്പിക്കുന്ന കുറ്റിയാടി-നാദാപുരം-പെരിങ്ങത്തൂര്‍-മേക്കുന്ന്-പാനൂര്‍-പൂക്കോട്ട്-കൂത്തുപറമ്പ്-മട്ടന്നൂര്‍ റോഡ് (53 കിമീ), മാനന്തവാടി-ബോയ്‌സ് ടൗണ്‍-പേരാവൂര്‍-ശിവപുരം-മട്ടന്നൂര്‍ റോഡ് (63.5 കിമീ) പ്രവൃത്തികള്‍ നടപ്പാക്കുന്നതിന് കേരള റോഡ് ഫണ്ട് ബോര്‍ഡിനെ ചുമതലപ്പെടുത്താന്‍ തീരുമാനിച്ചു.
മുന്‍ ദേശീയ കബഡി കായികതാരം പി കെ രാജിമോള്‍ക്ക് കേരള സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ ക്ലാര്‍ക്ക് തസ്തികയില്‍ സ്ഥിരം നിയമനം നല്‍കാന്‍ തീരുമാനിച്ചു. ഇപ്പോള്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഹോസ്റ്റല്‍ വാര്‍ഡനായി ജോലി ചെയ്യുകയാണു രാജിമോള്‍. വിനോദസഞ്ചാരവകുപ്പിന്റെ കീഴിലുള്ള ഫുഡ്ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റിയൂട്ടിലെ സര്‍ക്കാര്‍ അംഗീകാരമുള്ള ജീവനക്കാര്‍ക്ക് ശമ്പളപരിഷ്‌കരണം അനുവദിക്കാന്‍ തീരുമാനിച്ചു. കേരള സംസ്ഥാന ഫിനാന്‍ഷ്യല്‍ എന്റര്‍പ്രൈസസില്‍ മാനേജീരിയല്‍ തലത്തില്‍ 28 പുതിയ തസ്തികകള്‍ സൃഷ്ടിക്കാന്‍ തീരുമാനിച്ചു. തേയിലത്തോട്ടം തൊഴിലാളികള്‍ക്ക് വേതന കുടിശ്ശിക നല്‍കുന്നതിന് കണ്ടിജന്‍സി ഫണ്ടില്‍ നിന്ന് 2.79 കോടി രൂപ അഡ്വാന്‍സ് സ്വീകരിക്കാന്‍ ലേബര്‍ കമ്മീഷണര്‍ക്ക് അനുമതി നല്‍കി.
ഹരിതകേരളം, ആര്‍ദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ലൈഫ് മിഷനുകളുടെ കോ-ഓഡിനേറ്ററായി ചെറിയാന്‍ ഫിലിപ്പിനെ നിയമിക്കാന്‍ തീരുമാനിച്ചു. റാണി ജോര്‍ജിന് സഹകരണ വകുപ്പ് സെക്രട്ടറിയുടെ അധികച്ചുമതല നല്‍കി. പി വേണുഗോപാലിന് ഐ ആന്റ് പിആര്‍ഡി സെക്രട്ടറിയുടെ പൂര്‍ണ ചുമതല നല്‍കാന്‍ തീരുമാനിച്ചു.

RELATED STORIES

Share it
Top