മന്ത്രിയുടെ വാഗ്ദാനം പാഴ്‌വാക്കായി; വടക്കേച്ചിറ ശുചീകരണം ഇനിയുമായില്ലതൃശൂര്‍: മന്ത്രിയുടെ വാഗ്ദാനം പാഴ്‌വാക്കായി. വടക്കേച്ചിറ ശുചീകരണം നടന്നില്ല; മലിനജലമൊഴുക്കി കോര്‍പ്പറേഷനും ചിറയെ മലിനമയമാക്കി. വരള്‍ച്ചാ നടപടിയില്‍ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി ജലസമ്പന്നമായ വടക്കേച്ചിറ നന്നാക്കുമെന്ന് തൃശൂരിന്റെ എം.എല്‍എ കൂടിയായ കൃഷിമന്ത്രി വി എസ് സുനില്‍കുമാര്‍ പ്രഖ്യാപിച്ചിരുന്നതാണ്. നടപടികള്‍ക്കായി ഇറിഗേഷന്‍ വകുപ്പിന് നിര്‍ദ്ദേശവും നല്‍കി. പക്ഷെ ഒന്നും നടന്നില്ല. കാലവര്‍ഷം തുടങ്ങിയതോടെ ഈ വര്‍ഷം ഇനി ശുചീകരണം നടപ്പാക്കാനാകില്ല.ലക്ഷക്കണക്കിന് രൂപ ചിലവ് വരുന്ന ചിറസംരക്ഷണത്തിന് വരള്‍ച്ച പ്രയോജനപ്പെടുത്താനുള്ള അവസരമാണ് നഗരത്തിന് നഷ്ടമായത്. മന്ത്രി പ്രഖ്യാപനം നടത്തിയെങ്കിലും കോര്‍പ്പറേഷന്‍ നേതൃത്വവും ഇടപെടാതെ അനാസ്ഥത കാട്ടി. നാശോന്മുഖമായിരുന്ന ചിറ 1983ലെ വരള്‍ച്ചയിലായിരുന്നു സര്‍ക്കാര്‍ പുനരുദ്ധരിച്ചത്. ചിറയിലെ വെള്ളംവറ്റിച്ച് മാലിന്യവും ചേറും പൂര്‍ണ്ണമായും നീക്കേണ്ടതുണ്ടായിരുന്നു. ജലവിതരണപദ്ധതിയുടെ ഭാഗമായി പമ്പ് ഹൗസിന് ചുറ്റിലുമായി ഇട്ട ഇരുന്നൂറ് ലോഡ് മണലും മാറ്റി പുനസ്ഥാപിക്കേണ്ടതുണ്ടായിരുന്നു. ചിലവേറിയ പദ്ധതിക്കു മൂന്ന് വര്‍ഷം മുമ്പ് എം.എല്‍.എ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്റെ ഇടപെടലില്‍ പത്ത്‌ലക്ഷം രൂപ അനുവദിച്ച് കോര്‍പ്പറേഷനെ ഏല്‍പ്പിച്ചതാണെങ്കിലും പണി നടത്താതെ കോര്‍പ്പറേഷന്‍ അന്നും അനാസ്ഥ കാട്ടുകയായിരുന്നു. മാലിന്യം നിറഞ്ഞ ഉപയോഗശൂന്യമാണിപ്പോള്‍ ജലസമ്പന്നമായ വടക്കേച്ചിറ. നാല് വര്‍ഷം മുമ്പ് ചിറയുടെ കിഴക്കേ മതിലും താനയും ഇടിഞ്ഞുവീണു. കക്കൂസ് മാലിന്യം ഉള്‍പ്പടെ കാനയില്‍ നിന്നും തുടര്‍ച്ചയായി മാലിന്യം ചിറയില്‍ ഒഴുക്കിയെത്തിയതാണ് ചിറയെ മലിനമയമാക്കി ഉപയോഗയോഗ്യമല്ലാതാക്കിയത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് കോര്‍പ്പറേഷന്‍ മതിലും കാനയും കെട്ടിയത്.  കഴിഞ്ഞ നവംബറില്‍ ചിറയുടെ മതിലും ഷെഡ്ഡും തകര്‍ത്ത് കടപുഴകി വീണ മരം ഇയ്യിടെയാണ് കോര്‍പ്പറേഷന്‍ മുറിച്ച് മാറ്റിയത്.  മണ്ണ് മാറ്റിയാല്‍ വെള്ളം സുഗമമായി ഒഴുകിപോയി ബസ് സ്റ്റാന്റിലെ വെള്ളക്കെട്ട് ഒഴിവാക്കാമെങ്കിലും കോര്‍പ്പറേഷന്‍ നേതൃത്വവും പൊതുമരാമത്ത് കമ്മിറ്റിയും ഇടപെടല്‍ നടത്തുന്നില്ല.

RELATED STORIES

Share it
Top