മന്ത്രിയുടെ ഇഷ്ടക്കാര്‍ക്ക് ആദരം, അര്‍ഹരെ അവഗണിച്ചു: ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍

കൊച്ചി: പ്രളയബാധിത പ്രദേശങ്ങളില്‍ ട്രക്കുകള്‍ നല്‍കിയ സേവനങ്ങളുടെ പേരില്‍ മന്ത്രി ആദരിച്ചത് സ്ഥലത്തില്ലാതിരുന്നവരെയും സെല്‍ഫിയെടുത്ത് നടന്നവരെയുമെന്ന് ഓള്‍ കേരള ട്രക്ക് ഓണേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തിരുവനന്തപുരത്ത് സംഘടിപ്പിച്ച അനുമോദനച്ചടങ്ങില്‍ ഗതാഗതമന്ത്രി ഇഷ്ടക്കാരെ മാത്രം ഉള്‍പ്പെടുത്തി യഥാര്‍ഥ രക്ഷാപ്രവര്‍ത്തകരെ അവഗണിച്ചതായും ഭാരവാഹികള്‍ പറഞ്ഞു. ഒരു രീതിയിലുമുള്ള രക്ഷാപ്രവര്‍ത്തനത്തിലും ഏര്‍പ്പെടാതിരുന്നവരാണ് ആദരിക്കപ്പെട്ടത്. രക്ഷാപ്രവര്‍ത്തനത്തിനിടെ വെള്ളം കയറി നിരവധി വാഹനങ്ങള്‍ക്ക് എന്‍ജിന്‍ തകരാര്‍ സംഭവിച്ചിട്ടുണ്ട്. വലിയ സാമ്പത്തികനഷ്ടമാണ് ഇത് വരുത്തിവച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഓടിക്കാന്‍ കഴിയാത്തതിനാല്‍ തൊഴില്‍ദിനങ്ങളിലും നഷ്ടമുണ്ടായിട്ടുണ്ട്. ഇപ്പോഴും ജില്ലാ കലക്ടര്‍മാരുടെ നിര്‍ദേശപ്രകാരം നിരവധി ട്രക്കുകള്‍ ദുരിതാശ്വാസ സാമഗ്രികളുമായി സഞ്ചരിക്കുന്നുണ്ട്. ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായി ഓടിയ കാലയളവില്‍ നികുതിയിളവ് അനുവദിക്കണമെന്നും വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്കുള്ള ധനസഹായം വേണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് നിവേദനം സമര്‍പ്പിച്ചിരുന്നു. ഗതാഗതമന്ത്രിയുമായി ആലോചിച്ച് വേണ്ട നടപടികള്‍ സ്വീകരിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതാണ്. എന്നാല്‍, ഗതാഗത മന്ത്രിയുടെ ഓഫിസില്‍ നിന്നും അവഗണിക്കുന്ന നിലപാടുകളാണ് ഉണ്ടാവുന്നതെന്ന് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് കെ എ അനൂപ് പറഞ്ഞു.

RELATED STORIES

Share it
Top